യാത്രയ്ക്കിടെ തികച്ചും യാദൃച്ഛികമായിട്ടാണ് ചന്ദ്രശേഖര ശർമ്മയെ പരിചയപ്പെട്ടത്. പതിഞ്ഞ സംസാരവും ജാടകളില്ലാത്ത ഭാവവും ശ്രദ്ധിച്ചാൽ ഒരു സാധാരണക്കാരനെന്നേ തോന്നൂ. പേരും പെരുമയുമുള്ള ഒരു കേന്ദ്രഗവൺമെന്റ് സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥൻ. വലിയ വലിയ ആളുകൾക്കെങ്ങനെ വളരെ ലളിതമായി പെരുമാറാൻ കഴിയുന്നു. ഒരു സഹയാത്രികന്റെ സംശയം. ആകാശത്തേക്കാൾ വിശാലമായ മറ്റെന്തെങ്കിലും നമുക്ക് കാണാൻ പറ്റുമോ. അപൂർവം സന്ദർഭങ്ങളിലൊഴികെ അതെത്ര ലളിതവും പ്രകാശമാനവുമാണ്.നമ്മുടെ മുഖം ഒരു ചെറിയ ആകാശമായി സങ്കല്പിച്ചു ജീവിച്ചാൽ മതി. കാച്ചിക്കുറുക്കിയ പോലെയായിരുന്നു ശർമ്മയുടെ മറുപടി.
ജീവിതം ചുമന്ന് ചുമന്ന് നട്ടെല്ലൊടിയാറായി. പാവപ്പെട്ട ഒരു സ്ത്രീ തന്റെ പരാധീനതകൾ അദ്ദേഹത്തിന് മുന്നിൽ നിരത്തി. സർ എന്റെ ജ്യേഷ്ഠസഹോദരനെപ്പോലെ എന്നുപറഞ്ഞുകൊണ്ടാണ് ഇടയ്ക്കിടെ കണ്ണീർതുടച്ചുകൊണ്ട് അവർ ജീവിതത്തിന്റെ ഏടുകൾ മറിച്ചത്. ഒരു അർദ്ധസർക്കാർ സ്ഥാപനത്തിലെ കുറഞ്ഞജോലിയാണവർക്ക്. മകൻ പഠിക്കാൻ മിടുക്കൻ. അവനിലൂടെ തനിക്ക് നേടാൻ പറ്റാത്തതൊക്കെ നേടണം. അതൊരു വാശിയായിരുന്നു. അതിനുവേണ്ടി എത്ര ഭാരം ചുമക്കാനും കഠിനാദ്ധ്വാനം ചെയ്യാനും ഒരുക്കമായിരുന്നു. താമസസ്ഥലവും വീടും പണയപ്പെടുത്തി ഇഷ്ടപ്പെട്ട കോഴ്സിന് ചേർത്തു. കുറേനാൾ കഴിഞ്ഞപ്പോൾ ചെറിയൊരു ജോലി തരപ്പെട്ടു. ജോലിക്കൊപ്പം ഉയർന്ന് പഠിക്കാമല്ലോ എന്ന് പലരും ചൂണ്ടിക്കാട്ടി. മകന് അതിഷ്ടമായില്ല. ഭാരിച്ച ചെലവുള്ള മറ്റൊരു കോഴ്സിന് ചേരണമെന്നായി. അതിനും സമ്മതിച്ചു. കടം വാങ്ങാനുള്ള വഴികളെല്ലാം അടഞ്ഞു. മകന്റെ പഠനം മുടങ്ങരുത്. എന്തു ത്യാഗവും ഭാരവും സഹിക്കാം. രാവിലെ ജോലിക്ക് പോകുംമുമ്പ് നാലഞ്ചു വീടുകളിൽ ഓടിനടന്ന് സഹായിക്കും. അതിൽ നിന്ന് കിട്ടുന്നത് പലിശയിനത്തിൽ പോകും. കടം മലവെള്ളം പോലെ വന്ന് 14 ലക്ഷത്തിലെത്തി നിൽക്കുന്നു. വീടും സ്ഥലവും ജപ്തിയായി. ഇപ്പോൾ കുറഞ്ഞവാടകയ്ക്ക് ഒരു ചെറുവീട്ടിലാണ് താമസം. കഴിഞ്ഞയാഴ്ച മൂന്നുലക്ഷം രൂപ കൂടി അയക്കണമെന്ന് മകന്റെ ഫോൺ. എങ്ങനെ ആരോട് വാങ്ങും. ഒരു വട്ടിപ്പലിശക്കാരനോട് നിസഹായത പറഞ്ഞു. വിഭാര്യനായ അയാളോടൊപ്പം മാസത്തിൽ ഒരാഴ്ച കൂടി കഴിയണം. കടം തരാം. മുതൽ പിന്നീട് അടച്ചാൽ മതി. പലിശവേണ്ടെന്ന് ഔദാര്യം. രണ്ട് ആട്ടും തുപ്പും കൊടുത്തിട്ട് ഇറങ്ങിപ്പോന്നു. അന്യജില്ലയിൽ കഴിയുന്ന അകന്ന ബന്ധുവായ സമ്പന്നനെ കാണാൻ പോകുകയാണ്. മാനം വേണോ മകന്റെ ഉയർന്ന പഠനം വേണോ? ഈ കടങ്ങളെല്ലാം ഏതെങ്കിലും കാലത്ത് തീരുമോ? മുഴുകടക്കാരിയായി മരിക്കേണ്ടി വരുമോ? ആ സ്ത്രീയുടെ ശബ്ദം ഗദ്ഗദത്തിനും തേങ്ങലിനും ഇടയിലായിരുന്നു.
അവരുടെ ജീവിതം കേട്ടുനിന്ന ചന്ദ്രശേഖരവർമ്മ അല്പനേരം മൗനത്തിലായിരുന്നു. പിന്നെ അളന്നു തൂക്കിയപോലെ അവരെ ആശ്വസിപ്പിച്ചു. ഏതു പാലത്തിലും പരമാവധി കയറ്റാനുള്ള ഭാരം രേഖപ്പെടുത്തിയിരിക്കും. അതിലപ്പുറം കയറ്റിയാൽ പാലവും പോകും ഭാരവും പോകും. നീന്തലറിയാത്തവർ നീന്തൽ മത്സരത്തിന് ചേരരുത്. കരയിൽ നിന്നുതന്നെ ജലത്തിന്റെ ഒഴുക്കും നിറവും കൺകുളിർക്കെ കാണാം. തന്റെ ജീവിതപ്പാലത്തിലൂടെ കയറ്റാവുന്ന ഭാരം ഓരോരുത്തരും അറിഞ്ഞിരിക്കണം. എന്തോ തീരുമാനിച്ചപോലെ ആ സ്ത്രീ കണ്ണുനീർ തുടച്ചുകൊണ്ട് ചിരിച്ചു.
(ഫോൺ: 9946108220)