ഗുരുദേവന്റെ നിത്യചൈതന്യം കുടികൊള്ളുന്ന ശിവഗിരി മഠത്തിൽ നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ഗുരുവിന്റെ ആശയങ്ങളും ഗുരുധർമ്മവും പ്രചരിപ്പിക്കുന്നതിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഭാരവാഹികൾ നൂതന സമ്പ്രദായങ്ങളും നവമാദ്ധ്യമങ്ങളുടെ സാദ്ധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുന്നു. ട്രസ്റ്റ് പ്രസിഡന്റ് പത്മശ്രീ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളുടെ നേതൃത്വത്തിലുള്ള സന്യാസി ശ്രേഷ്ഠർ ശിവഗിരി മഠത്തിന്റെ ഔദ്യോഗിക മാദ്ധ്യമമായ SIVAGIRI TV എന്ന ഓൺലൈൻ ചാനൽ വഴി വ്യത്യസ്തങ്ങളായ ഗുരുദാർശനിക പരിപാടികളിലൂടെ ഗുരുഭക്തർക്കിടയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുകയാണ്.
ലോക്ക്ഡൗൺ ദിനങ്ങളെ ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെ ഭാഗമായി നടന്ന പ്രത്യേക ഓൺലൈൻ ഗുരുധർമ്മ പ്രചരണ പരിപാടികളിൽ ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ, ട്രസ്റ്റ് അംഗങ്ങളായ ശ്രീമദ് വിശാലാനന്ദ സ്വാമികൾ, ശ്രീമദ് ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ, ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ , ശ്രീമദ് ധർമ്മചൈതന്യ സ്വാമികൾ, ട്രസ്റ്റ് അംഗവും ആലുവ അദ്വൈതാശ്രമം സെക്രട്ടറിയുമായ ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ, കുന്നുംപാറ ശ്രീസുബ്രഹ്മണ്യക്ഷേത്രം സെക്രട്ടറി ശ്രീമദ് ബോധിതീർത്ഥ സ്വാമികൾ, ശ്രീമദ് അവ്യാനന്ദ സ്വാമികൾ തുടങ്ങി പ്രമുഖരായ സന്യാസി ശ്രേഷ്ഠർ പങ്കെടുത്തു.
ഈ ഓൺലൈൻ പരിപാടികളിൽ ഏറെ ജനപ്രീതി നേടിയ നിത്യേനയുള്ള തത്സമയ പഠന ക്ളാസായ 'ഗുരുവിനെ അറിയാം"പരിപാടിയുടെ അവതാരകനായ ശ്രീനാരായണ ധർമ്മ സംഘം ജനറൽസെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ സംവദിക്കുന്നു.
എന്താണ് ' ഗുരുവിനെ അറിയാം "പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് ?
ഗുരുധർമ്മപ്രചരണത്തിൽ ഒരു പ്രധാന ചുവടുവെപ്പ് ആണ് 'ഗുരുവിനെ അറിയാം " എന്ന , ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച് ഇടതടവില്ലാതെ മുന്നോട്ടു പോകുന്ന തത്സമയ പഠന ക്ളാസ്. 250 എപ്പിസോഡുകൾ പിന്നിട്ടു ചരിത്ര നേട്ടത്തിലാണ്. 250 ദിവസം തുടർച്ചയായി Sivagiri TV യിലൂടെ ഈ ക്ളാസ് തുടരാൻ സാധിച്ചു എന്നത് വലിയൊരു നേട്ടം തന്നെയാണ്. കൗമുദി ടി.വി യിലെ നിത്യേനയുള്ള 'ദേവാമൃതം " പരിപാടിയിലൂടെയും നേരത്തെ ഗുരുവിന്റെ ദർശനം പ്രചരിപ്പിക്കുന്നതിൽ ശിവഗിരി മഠം പങ്കാളിയായിട്ടുണ്ട്. കൗമുദി ചാനലും കേരള കൗമുദി ദിനപത്രവും ശിവഗിരി ടിവി യോടൊപ്പം തന്നെ ഗുരുധർമ്മ പ്രചാരണത്തിൽ നല്ല പങ്കു വഹിക്കുന്നു എന്നുള്ളത് അഭിമാനകരമായ കാര്യമാണ്.
കൊവിഡ് കാലത്ത് ഭക്തർക്ക് ശിവഗിരി മഠത്തിൽ നേരിട്ട് എത്തിച്ചേരാൻ കഴിയുമായിരുന്നില്ല. ഈ പ്രത്യേക സാഹചര്യത്തിൽ, നവ മാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടാണോ 88-ാം മത് തീർത്ഥാടനം സംഘടിപ്പിച്ചത്? അതിന്റെ സാദ്ധ്യതയെക്കുറിച്ച് സ്വാമികൾ ഒന്നു വിവരിക്കാമോ?
തീർത്ഥാടന സമയത്ത് കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന പ്രത്യേക സാഹചര്യമായിരുന്നു, അതുകൊണ്ട് ഭക്തർക്ക് നേരിട്ട് പങ്കെടുക്കാതെ അവരവരുടെ ഭവനത്തിലിരുന്ന് പങ്കുകൊള്ളാവുന്ന വിധത്തിൽ വിർച്വൽ തീർത്ഥാടനം സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചത്. ഗുരുവിന്റെ പ്രധാന തീർത്ഥാടന ഉദ്ദേശ്യവും അതായിരുന്നു. വെറുതെ ആളുകൾ വന്നു പോയാൽ പോര, അതിനു കൃത്യമായ ലക്ഷ്യം ഉണ്ടാവണം. ഇതു തന്നെയാണ് ശിവഗിരി തീർത്ഥാടനത്തെ മറ്റുള്ള തീർത്ഥാടനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും.
ഒരു സ്ഥലത്തു നിന്നു കുളിച്ചു തൊഴുതു പോകുന്നതുകൊണ്ട് താൽക്കാലികമായ ഒരു നിർവൃതി ഉണ്ടാകുന്നു എന്നല്ലാതെ ആന്തരികമായ ഒരു മാറ്റം ഉണ്ടാകുന്നില്ല. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കൈത്തൊഴിൽ, സംഘടന, കച്ചവടം, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നിങ്ങനെ അഷ്ടലക്ഷ്യങ്ങളിൽ പ്രഗൽഭരായ ആളുകളെക്കൊണ്ട് പ്രഭാഷണം നടത്തണമെന്നാണ് ഗുരു ഉപദേശിച്ചത്. അതു തന്നെയാണ് തീർത്ഥാടനത്തിന്റെ ആത്യന്തികമായ ലക്ഷ്യവും. ഈ അറിവ് ആണ് ശിവഗിരി മഠത്തിൽ നിന്നും ആർജ്ജിക്കേണ്ടത്. നേരിട്ട് ആളുകൾ ഒത്തുചേരാൻ കഴിയാത്ത ഈ സാഹചര്യത്തിലും തീർത്ഥാടന ലക്ഷ്യം സാധൂകരിക്കാൻ വേണ്ടിയാണ് നവ മാദ്ധ്യമങ്ങളിലൂടെ വിർച്വൽ തീർത്ഥാടനത്തിന് ശിവഗിരി മഠം തയ്യാറായത്. ഈ വർഷത്തെ തീർത്ഥാടനത്തിൽ അഷ്ടലക്ഷ്യങ്ങളിൽ പ്രഗൽഭരായ ഏകദേശം 90 ഓളം പ്രതിഭകളാണ് തീർത്ഥാടന വേദികളെ സജീവമാക്കിയത്. അവർ നേരിട്ട് ജനങ്ങളുമായി സംവദിച്ച് അറിവ് പകരുകയാണ് ചെയ്തത്. അതുകൊണ്ടു തന്നെ മുൻ വർഷങ്ങളെ അപേക്ഷിച്ച് തീർത്ഥാടന ലക്ഷ്യത്തെ കൂടുതൽ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കാൻ ഈ വിർച്വൽ തീർത്ഥാടനത്തിന് കഴിഞ്ഞു എന്നു വേണം കരുതാൻ. രാഷ്ട്രീയത്തിന്റെ അതിപ്രസരമില്ലാതെ വിഷയങ്ങളിൽ പാണ്ഡിത്യമുള്ളവരും ശാസ്ത്രജ്ഞരും,ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുമാണ് കൂടുതലും പ്രഭാഷകരായി പങ്കെടുത്തത്. അതുകൊണ്ടുതന്നെ തീർത്ഥാടന ഉദ്ദേശ്യം നല്ല രീതിയിൽ നടപ്പാക്കാൻ നവ മാദ്ധ്യമങ്ങളും ദിനപത്രങ്ങളും ചെറുതല്ലാത്ത പങ്കാണ് വഹിച്ചത് എന്നു നിസംശയം പറയാം.
വിർച്വൽ തീർത്ഥാടനം എത്രത്തോളം വിജയകരമായി എന്നാണ് വിലയിരുത്തുന്നത്?
ഭാരതത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി ഗുരുഭക്തരുടെ പ്രതികരണങ്ങളിൽ നിന്നും ഇപ്പോഴത്തെ വിർച്വൽ തീർത്ഥാടനം വളരെ വിജയമായിരുന്നു എന്ന് വേണം അനുമാനിക്കാൻ. സ്ഥിരം ശിവഗിരി മഠം സന്ദർശിക്കുന്ന ഗുരുഭക്തർ പറയുന്നത് എല്ലാ വർഷവും ശിവഗിരിയിൽ വരുന്നുണ്ടെങ്കിലും ഇത്രയും വ്യക്തമായി ഗുരുദർശനങ്ങളെക്കുറിച്ച് മനസിലാക്കാൻ സാധിച്ചത് ഇപ്പോൾ മാത്രമാണ് എന്നാണ്. സ്വന്തം വീട്ടിലിരുന്ന് തത്സമയം കാര്യങ്ങൾ ഗ്രഹിക്കാനായത് വലിയ അനുഗ്രഹമായാണ് ഗുരുദേവ ഭക്തർ കണക്കാക്കുന്നത്. തീർത്ഥാടനത്തിന് ശിവഗിരി മഠത്തിൽ നടക്കുന്ന പൂജകളും ഘോഷയാത്രകളും നേരിട്ട് കാണുന്നതും അറിയുന്നതും ഇപ്പോൾ മാത്രമാണ്. സാധാരണ ജനബാഹുല്യം മൂലം ഇതൊന്നും വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ല. അതുപോലെ പുതുവർഷപ്പുലരിയിലെ പ്രത്യേക പൂജകളും തത്സമയം കാണുന്നതിലൂടെ തീർത്ഥാടന പുണ്യം പൂർണമായും നുകരാൻ ഏവർക്കും സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. തീർത്ഥാടനത്തെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള വിദേശികളായ ഗുരുദേവ ഭക്തർക്കും മഠത്തിൽ നേരിട്ടെത്തി തീർത്ഥാടനത്തിൽ പങ്കുകൊള്ളുന്ന രീതിയിലുള്ള നിറവാണ് സാദ്ധ്യമായത് എന്നാണ് പ്രതികരണങ്ങളിൽ നിന്നും അറിയാൻ സാധിച്ചത്.
വിവിധങ്ങളായ വിഷയങ്ങളെപ്പറ്റി ആദ്യമായി എട്ട് ഭാഷകളിൽ പ്രഗത്ഭരായവരുടെ സാന്നിദ്ധ്യത്തിലാണ് തീർത്ഥാടന പ്രഭാഷണങ്ങൾ സംഘടിപ്പിച്ചത്. ലോകത്തിൽ തന്നെ ഈ തീർത്ഥാടനത്തിന്റെ പ്രസക്തി എത്രത്തോളമാണ് പ്രകടമായത്?
ലോകമൊട്ടുക്കുള്ള പ്രസക്തിയെപ്പറ്റി പൊതുജനങ്ങളാണ് അഭിപ്രായം പറയേണ്ടത്. എട്ട് ഭാഷകളിൽ സംഘടിപ്പിച്ചപ്പോൾ അത്രയും ഭാഷകൾ സംസാരിക്കുന്നവരുടെ ഇടയിലേക്ക് ഗുരുദർശനങ്ങൾ എത്തിപ്പെടുകയാണുണ്ടായത്. അതിന്റെ പ്രസക്തി ദിവസങ്ങൾ കഴിയും തോറും കൂടിക്കൂടി വരികയാണ് ചെയ്യുന്നത്. അത് കൂടുതൽ കൂടുതൽ ആളുകളിലേക്ക് ഗുരുധർമ്മം പ്രചരിപ്പിക്കുന്നതിനുള്ള പ്രചോദനമാണ് നൽകുന്നത്.
തീർത്ഥാടനത്തിൽ പങ്കെടുത്ത പ്രഭാഷകരുടെ തിരഞ്ഞെടുപ്പ് എങ്ങനെയായിരുന്നു?
അതാത് വിഷയങ്ങളിൽ പ്രഗത്ഭരായ ഉദ്യോഗസ്ഥവൃന്ദം നേരത്തെ തന്നെ ശിവഗിരി മഠത്തിന്റെ പരിചയവലയത്തിൽ ഉണ്ടായിരുന്നു. അവരിൽ നിന്നും തിരഞ്ഞെടുക്കലാണ് മുഖ്യമായും നടന്നത്. ഉദാഹരണത്തിന് കൃഷിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും നേരത്തെ തന്നെ കണക്കിലെടുത്തിരുന്നു. അതിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് തീർത്ഥാടന വേദിയിൽ സംസാരിക്കാൻ ഭാഗ്യം ലഭിച്ചത്. പ്രഗത്ഭരായ പലരെയും ഈ സമയത്ത് നമുക്ക് അനുയോജ്യമാം വിധം ഉപയോഗിക്കാൻ പറ്റി എന്നതാണ് ഏറ്റവും വലിയ നേട്ടം. ഈശ്വരഭക്തി സമ്മേളനത്തിൽ തിയോഡോഷ്യസ് തിരുമേനി ഗുരുവിനെക്കുറിച്ചുള്ള പഠനത്തിലാണ് ഡോക്ടറേറ്റ് നേടിയത്. അങ്ങനെ ഗുരുവുമായി അടുപ്പമുള്ള പ്രഗത്ഭരെ കണ്ടെത്തുകയായിരുന്നു.
ഗുരുധർമ്മ പ്രചരണത്തിൽ ഗുരുദേവന്റെ കൃതികൾ പഠിക്കേണ്ടതിന്റെ ആവശ്യകത ?
ഒരു മനുഷ്യന്റെ ജീവിതലക്ഷ്യം എന്താണെന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കുന്നത് ഗുരുവിന്റെ കൃതികളിലൂടെയാണ്.
'ജാതിഭേദം, മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത് "
എന്ന ഗുരുവാക്യം പോലെ ജാതിക്കും മതത്തിനും അതീതമായ സാഹോദര്യത്തോടെ ഏവരും വാഴുന്ന ഒരു ലോകമാണ് ഗുരുവിന്റെ ലക്ഷ്യം.
ഭേദചിന്തകളില്ലാത്ത ഒരു അറിവ് പകർന്നു നൽകുവാൻ സ്കൂളുകൾക്കോ കോളേജുകൾക്കോ കഴിയാറില്ല. ഈ ചിന്തയായിരുന്നു ഗുരുവിന്റെ ലക്ഷ്യമെന്ന് മനസിലാക്കാൻ നാം ഗുരുകൃതികൾ സ്വായത്തമാക്കണം. 'ആത്മോപദേശശതക"ത്തിൽ ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ഗുരുദേവൻ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ആലുവയിൽ ഗുരുദേവൻ വിളിച്ചു ചേർത്ത സർവ്വമത സമ്മേളനത്തിൽ 'പലമതസാരവുമേകം" എന്ന വാക്യത്തിനായിരുന്നു പ്രസക്തി.
'ഗുരുവിനെ അറിയാം"പരിപാടി 250 എപ്പിസോഡുകൾ പിന്നിടുകയാണല്ലോ . അതിനെക്കുറിച്ചു പറയാമോ?
ഈ പഠന ക്ലാസ് ഒരു തപസ്യ തന്നെയാണ്. സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ ലളിതമായി തുടർച്ചയായി ഗുരുദേവ ദർശനങ്ങൾ പകർന്നുനൽകാൻ സാധിച്ചു എന്നുള്ളത് തികച്ചും ഗുരുദേവന്റെ അനുഗ്രഹം തന്നെയാണ്. ഗുരുവിനു വേണ്ടി ഒരു പുണ്യ പ്രവർത്തി ചെയ്യാൻ പറ്റി എന്നത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു.