വാസ്തുശാസ്ത്രത്തിൽ അത്ര പ്രാധാന്യം നൽകാത്ത ഒന്നാണ് ചരിവുകളും കുഴികളും. ചരിവിന് ഓരോ വാസ്തുവിലും മനുഷ്യഹൃദയ സമാനമായ പ്രാധാന്യമുണ്ട്. ഭൂമിയുടെ കാന്തിക മണ്ഡലവും അതിലെ ഊർജപ്രഭാവവും ദിശകളിലേയ്ക്ക് ഒഴുകുന്നത് ഭൂമിയുടെ കിടപ്പിന് അനുസരിച്ചാണ്. ഒരു നിർമ്മാണമോ ഭാരമോ നിശ്ചിത വസ്തുവിൽ ഉണ്ടാവുമ്പോൾ അവിടെ കാന്തികമണ്ഡലത്തിലെ പ്രാണികോർജങ്ങൾക്ക് പ്രത്യേകഭാവമാണ് കൈവരുന്നത്. ആ ഭാവം ശരിയായി ഒഴുകിപ്പോകേണ്ടതുണ്ട്. ഒഴുകാൻ ചരിവും ഊർജ കേന്ദ്രീകരണത്തിനോ വികേന്ദ്രീകരണത്തിനോ കുഴികളും കാരണമാവുന്നതായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
അങ്ങനെയാവുമ്പോൾ ഒരു വീടോ, കടയോ വ്യാപാര സ്ഥാപനമോ സന്തുലിതമായി ക്രമപ്പെടണം. എങ്കിലേ അവിടെ ശരിയായ കാര്യങ്ങളുണ്ടാവൂ. ചരിവുകൾ വടക്കോട്ടോ, കിഴക്കോട്ടോ വേണം.
തെക്കോട്ടോ, പടിഞ്ഞാറോട്ടോ യാതൊരു തരത്തിലും വസ്തുവോ വീടോ ചരിഞ്ഞിരിക്കാൻ പാടില്ല. ഒട്ടേറെ നിർമ്മാണങ്ങൾ ഇങ്ങനെ മോശമായി ചെയ്തിട്ടുള്ളത് കാണാം. തെക്കോട്ട് ചരിഞ്ഞു പോയ നിരവധി നിർമ്മാണങ്ങൾ പാതിയിൽ ഉപേക്ഷിക്കുകയോ നഷ്ടങ്ങളായി മാറുകയോ ചെയ്തിട്ടുണ്ട്. ചിലയിടത്ത് വസ്തു വടക്കും കിഴക്കും ചരിവായി ക്രമപ്പെടുത്താം. പക്ഷേ വീട് നേരെ തിരിച്ചും ചെയ്യാറുണ്ട്. ചിലയിടത്ത് ഈ ചരിവ് കന്നി മൂലയിലോ വായു കോണിലോ ചെയ്യുന്നതായും കണ്ടുവരുന്നുണ്ട്. വലിയ പ്രതിസന്ധികളാവും ഇതുമൂലമുണ്ടാവുകയെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫാഷൻ വേണമെന്ന് നിർബന്ധമുണ്ടെങ്കിൽ ചരിവുകൾ വടക്കും കിഴക്കും ദിശകളിലേയ്ക്ക് മാറ്റി ചെയ്യണം. വീടിന്റെ പ്ലാൻ എടുക്കുമ്പോൾ തന്നെ ഇത് തീരുമാനിക്കുകയും വേണം. സമചതുരത്തിൽ ഭൂമി ക്രമപ്പെടുത്തുമ്പോൾ നേരിയ ചരിവെങ്കിലും വടക്ക് കിഴക്ക് ദിശയിലേയ്ക്ക് സജ്ജമാക്കണം. അത് ഐശ്വര്യദായകമാണെന്ന് മാത്രമല്ല, വീട്ടിലെ വരുമാനത്തെയും സമാധാനത്തെയും അത് ഗുണകരമാക്കുകയും ചെയ്യും.
ചരിവിനൊപ്പം വരുന്ന മറ്റൊരു പ്രധാനകാര്യം കുഴികളാണ്. നിരവധി വീടുകളിൽ തോന്നിയപോലെ കുഴികളും ടാങ്കുകളും നിർമ്മിച്ചിരിക്കുന്നത് കാണാം. ചില വീടുകളിൽ പടിഞ്ഞാറും തെക്കുഭാഗത്തുമായി വലിയ കുളങ്ങൾ പോലും കാണാറുണ്ട്. ചിലയിടത്ത് പടിഞ്ഞാറും തെക്കും കിണറും സെപ്ടിക് ടാങ്കുകളും പണിതിട്ടുള്ളതും കാണാം. ഇത് വാസ്തുദോഷം ഉണ്ടാക്കുമെന്നാണ് വിശ്വാസം. കിഴക്ക് ദിശയുടെ തെക്ക് മദ്ധ്യം വിട്ട് വടക്ക് കിഴക്കായിട്ടോ, വടക്കിന്റെ പടിഞ്ഞാറ് വിട്ട് നേർ വടക്കോ കുഴികളോ, കുളങ്ങളോ നിർമ്മിക്കുന്നത് ദോഷമില്ല എന്നുമാത്രമല്ല ഏറെ ഗുണപ്രദവുമാണ്. ഉദാഹരണത്തിന് കനാലുകൾ കടന്നുപോകുന്ന സ്ഥലങ്ങളോ വീടുകളോ പരിശോധിക്കാം. വീടുകളുടെ കിഴക്ക് ഭാഗത്തായി കനാലുകളോ നദികളോ കുളങ്ങളോ വരുന്നത് വളരെ നല്ല ഫലങ്ങൾ കിട്ടാനിടയാവും. അത്തരം വീടുകളിലോ കടകളിലോ വലിയ വരുമാനവും സുരക്ഷിതജീവിതവും കാണാം. നേരെ തിരിച്ച് പടിഞ്ഞാറോ തെക്കോ തോടുകളോ കനാലോ കുഴികളോ വന്നാൽ അവിടെ താമസിക്കുന്നവരെ അത് പ്രതികൂലമായി ബാധിക്കാറുണ്ട്. ഇതു പോലെ പടിഞ്ഞാറോട്ടും തെക്കോട്ടുമുളള ചരിവും ഇതേ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെടുക.അത്തരം സ്ഥലങ്ങൾ ശരിയായി പരിശോധിച്ച് ഉയരങ്ങൾ ക്രമപ്പെടുത്തി മതിൽ കെട്ടി മാറ്റണം. ശാസ്ത്രീയ ഉപകരണങ്ങളുടെ സഹായത്തോടെ ഇവിടങ്ങളിൽ ശരിയായ വാസ്തു വിന്യാസം തന്നെ ക്രമപ്പെടുത്തണം.
(ഇതിന്റെ ബാക്കി അടുത്ത ആഴ്ച)