സപ്തതി ആഘോഷിച്ച ജഗതി ശ്രീകുമാറിനെക്കുറിച്ച് പലർക്കുമറിയാത്ത അപൂർവ്വ വിശേഷങ്ങൾ അടുത്ത ചങ്ങാതിയായ ബഹുമുഖ പ്രതിഭ ശ്രീകുമാരൻ തമ്പി പങ്കുവയ്ക്കുന്നു
ചിരിയെന്നാൽ മലയാളിപ്രേക്ഷകർക്ക് ജഗതിശ്രീകുമാർ എന്ന പേരാണ് ആദ്യം മനസിൽ തെളിയുക. അടൂർ ഭാസിക്ക് ശേഷം മലയാള സിനിമയിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച പകരക്കാരനില്ലാത്ത നടനവൈഭവം. എട്ടുവർഷത്തോളമായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും അകലെയാണെങ്കിലും ഇന്നും മലയാളികൾ ജഗതിയെ മറന്നിട്ടില്ല. അരശുംമൂട്ടിൽ അപ്പുക്കുട്ടനായും കൃഷ്ണവിലാസം ഭഗീരഥൻ പിള്ളയായും നിശ്ചലായും പാച്ചാളം ഭാസിയായുമൊക്കെ കാമറയ്ക്ക് മുന്നിൽ തിളങ്ങിയ അദ്ദേഹം സപ്തതിയുടെ നിറവിലാണ്. 1500നടുത്ത് സിനിമകളിൽ അഭിനയിച്ച ജഗതി, മൂന്നാം വയസിൽ അച്ഛൻ ജഗതി എൻ.കെ. ആചാരിയുടെ തിരക്കഥയിൽ ഒരുങ്ങിയ 'അച്ഛനും മകനും" എന്ന ചിത്രത്തിലൂടെയാണ് കലാലോകത്ത് എത്തിയത്. തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ നാടകാഭിനയം. സിനിമാലോകത്തേക്ക് കാലെടുത്ത് വച്ചതിൽ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
2012 മാർച്ച് 10 ന് ദേശീയ പാതയിൽ മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണമ്പ്ര വളവിൽ വച്ചുണ്ടായ വാഹനാപകടം മലയാളികൾ ഏറെ ഞെട്ടലോടെയാണ് കേട്ടത്. തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും ആരോഗ്യം പൂർണമായി വീണ്ടെടുത്തിട്ടില്ലാത്ത അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്. 1975ൽ ശ്രീകുമാരൻ തമ്പി തിരക്കഥയെഴുതി നിർമ്മിച്ച 'ചട്ടമ്പിക്കല്യാണി" എന്ന ചിത്രത്തിലൂടെയാണ് ജഗതി ശ്രദ്ധേയനായത്. പിന്നീട് തന്റെ സിനിമകളിലെല്ലാം ജഗതിക്കായി ഒരു കഥാപാത്രത്തെ മാറ്റിവയ്ക്കാൻ അദ്ദേഹം മറന്നില്ല. ജഗതിയുമായുള്ള സൗഹൃദം 'കേരളകൗമുദി"യുമായി പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്തും ഗാനരചയിതാവും സംവിധായകനും നിർമ്മാതാവുമൊക്കെയായ ശ്രീകുമാരൻ തമ്പി.
മദിരാശിയിലെ ആ കണ്ടുമുട്ടൽ
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്ന കാലത്താണ് അഭിനയമോഹവുമായി മല്ലികയും ശ്രീകുമാറും മദിരാശിയിൽ എന്നെ കാണാൻ വന്നത്. മല്ലികയുടെ അമ്മയും എന്റെ അമ്മയും അടുത്ത ബന്ധുക്കളായിരുന്നു. കുട്ടിക്കാലത്ത് മല്ലികയുടെ അമ്മ എന്നെ എടുത്തോണ്ട് നടന്നിട്ടുണ്ട്. എന്റെ ഭാര്യാപിതാവും കലാനിലയം സ്ഥിരം നാടകവേദിയുടെ നാടകങ്ങളിലെ നായകനുമായ വൈക്കം എം.പി. മണിയുമായി (മഞ്ജു വാര്യരിലൂടെ ഇപ്പോൾ ഹിറ്റായ കാന്താ.... എന്ന ഗാനം ആദ്യം പാടി അഭിനയിച്ചത് അദ്ദേഹമായിരുന്നു) ശ്രീകുമാറിന്റെ അച്ഛന് അടുത്ത ബന്ധമുണ്ടായിരുന്നു. കലാനിലയത്തിന്റെ എല്ലാ നാടകങ്ങളും എഴുതിയിരുന്നത് ജഗതി ശ്രീകുമാറിന്റെ അച്ഛൻ ജഗതി എൻ.കെ. ആചാരി ആയിരുന്നു. ഈ പരിചയവും ബന്ധവും വച്ചാണ് ശ്രീകുമാറും മല്ലികയും എന്നെ കാണാൻ വന്നത്. നായകനാകാൻ എത്തിയ ജഗതി ശ്രീകുമാറിന് സിനിമയിൽ ഒരു നല്ല വേഷം നൽകിയത് ഞാനാണ്. അതിന് മുമ്പ് 'കന്യാകുമാരി" എന്ന സിനിമയിൽ ആൾക്കൂട്ടത്തിലൂടെ നടന്നു പോകുന്ന ഒരു ഷോട്ടിലുണ്ടായിരുന്നു.
ഞങ്ങളുടെ അമ്പിളി
ഹാസ്യനടനാകാൻ ശ്രീകുമാർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. നായകനും സ്വഭാവനടനുമൊക്കെ ആകാനാണ് ശ്രീകുമാർ അന്ന് എത്തിയത്. നിനക്ക് കോമഡി അഭിനയിച്ചൂടെ എന്ന് ചോദിച്ചപ്പോൾ 'സർ... അടൂർഭാസി, ബഹദൂർ, കുതിരവട്ടം പപ്പു, ആലുമൂടൻ, പട്ടം സദൻ.. ഇവരോടൊക്കെ മത്സരിച്ച് ഞാൻ എന്താകാനാ..." എന്നാണ് ശ്രീകുമാർ തിരിച്ചു ചോദിച്ചത്. ഇന്നത്തെ സാഹചര്യമായിരുന്നില്ല അന്ന്. നായകനാകണമെങ്കിൽ പ്രേംനസീറിനോടും മധുവിനോടും മത്സരിക്കണം. അങ്ങനെ അമ്പിളിയോട് കോമഡി ട്രൈ ചെയ്യാൻ പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടിലായപ്പോൾ ചെറിയൊരു കമ്പനിയിലെ മെഡിക്കൽ റെപ്രസന്റേറ്റീവായും അമ്പിളിക്ക് ജോലി നോക്കേണ്ടിവന്നു. മല്ലികയ്ക്ക് അന്നേ സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചു തുടങ്ങിയിരുന്നു.
അന്ന് ശ്രീകുമാർ വീട്ടിൽ വരുമ്പോൾ തമാശകൾ പറഞ്ഞ് എന്റെ രണ്ടുകുട്ടികളെ ചിരിപ്പിക്കുമായിരുന്നു. രണ്ട് കുട്ടികളെയും നന്നായി കളിപ്പിക്കും. ആനയാവുക, കുട്ടികളെ ആനപ്പുറത്തിരുത്തുക...അങ്ങനെ ഈ കുഞ്ഞുങ്ങൾ, ശ്രീകുമാർ ദൂരെ നിന്ന് വരുന്നതു കാണുമ്പോൾത്തന്നെ അമ്പിളി ചേട്ടൻ വന്നു... അമ്പിളിച്ചേട്ടൻ വന്നു...എന്ന് പറഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടുമായിരുന്നു. ഞങ്ങൾ അമ്പിളിയെന്നാണ് അന്നേ വിളിച്ചിരുന്നത്.
ശിങ്കിടിയിൽ നിന്ന് പ്രധാനിയിലേക്ക്
ഞാൻ ആദ്യം സംവിധാനം ചെയ്ത 'ചന്ദ്രകാന്തം", 'ഭൂഗോളം തിരിയുന്നു" എന്നീ ചിത്രങ്ങൾ അംഗീകാരങ്ങൾ നേടിയെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. തുടർന്ന് പ്രേംനസീറിനെ നായകനാക്കി ശശികുമാർ സാറിന്റെ സംവിധാനത്തിൽ ഒരു സിനിമ നിർമ്മിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ചട്ടമ്പിക്കല്യാണി ഉണ്ടാകുന്നത്. ഈ ചിത്രത്തിൽ അടൂർഭാസി അവതരിപ്പിച്ച 'ശരീരം കുട്ടപ്പൻ"എന്ന ഭീരുവായ റൗഡിയുടെ കഥാപാത്രത്തിന്റെ കൂടെ എപ്പോഴും നടക്കുന്ന ശിങ്കിടി പയ്യനായിട്ടാണ് ശ്രീകുമാർ ആദ്യം അഭിനയിച്ചത്. ശരിക്കും ഭയത്തോടെയാണ് ജഗതി ശ്രീകുമാർ ആ ചിത്രത്തിൽ അഭിനയിച്ചത്. ശ്രീകുമാറിന്റെ കാര്യം പറഞ്ഞപ്പോൾ 'അടൂർഭാസിയും ബഹദൂറുമുള്ളപ്പോൾ പുതിയൊരു കൊമേഡിയനെ പരീക്ഷിക്കണോ..." എന്നായിരുന്നു ശശികുമാർസാറിന്റെ ആദ്യ പ്രതികരണം. മനസില്ലാമനസോടെയാണ് സംവിധായകൻ സമ്മതിച്ചതെങ്കിലും അഭിനയം കണ്ടിട്ട് നല്ല ടൈമിംഗുള്ള നടനാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.
പേരിനൊപ്പം ജഗതി സമ്മാനിച്ചത് ഞാനാണ്
ചട്ടമ്പിക്കല്യാണിയുടെ ടൈറ്റിൽ ഇടാൻ സമയം ഞാൻ ജഗതി ശ്രീകുമാർ എന്ന പേരിട്ടപ്പോൾ എതിർത്തു. 'എനിക്ക് അച്ഛന്റെ പേരിൽ ആളാകണ്ട...' എന്നായിരുന്നു ശ്രീകുമാറിന്റെ വാദം. കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനായ ജഗതി എൻ.കെ.ആചാരിയുടെ 'ജഗതി" ശ്രീകുമാറിനൊപ്പം ഇരിക്കട്ടേ... എന്ന് ഞാനും. അങ്ങനെ ഇഷ്ടമില്ലാതിരുന്നിട്ടും എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് പേര് ചേർത്തത്. ഞാൻ കൊണ്ടുവന്ന നടനെന്ന പേരിൽ മറ്റ് പല നിർമ്മാതാക്കളും ജഗതിയെ ആദ്യമൊന്നും അംഗീകരിക്കാൻ തയ്യാറായില്ല. പിന്നീട് ഞാൻ എഴുതുന്ന തിരക്കഥകളിൽ ജഗതിയെ മനസിൽക്കണ്ട് ഒരു കഥാപാത്രത്തെ ഉണ്ടാക്കും. തുടർന്ന്, അടൂർഭാസിക്കൊപ്പം ചെറിയ വേഷങ്ങൾ ജഗതിക്കും ലഭിച്ചു. അങ്ങനെ മൂന്നുനാലു വർഷത്തോളം ജഗതിയെ നിലനിർത്തിയത് ഞാനായിരുന്നു. ഞാൻ മലയാള സിനിമയിൽ നിക്ഷേപിച്ച ഫിക്സഡ് ഡിപ്പോസിറ്റാണ് ജഗതി ശ്രീകുമാർ. ആദ്യ സിനിമ തന്നെ റെക്കാഡ് കളക്ഷൻ നേടി സൂപ്പർഹിറ്റായത് ജഗതിക്ക് നേട്ടമായി. അന്ന് ആ സിനിമയിൽ ജഗതിയുടെ പ്രതിഫലം ആയിരം രൂപയായിരുന്നു. അധികം വൈകാതെ കൊമേഡിയനിൽ നിന്ന് ഒരു വലിയ നടനായി അമ്പിളി വളർന്നു.