youth-day-

യുവത രാജ്യത്തെ നിർവചിക്കുകയും, രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ വീണ്ടെടുക്കാനുള്ള സമരസപ്പെടാത്ത പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും, കർഷക സമര പോരാട്ടങ്ങൾക്കൊപ്പം ഐക്യപ്പെടുകയും, വിദ്യാർത്ഥികളും യുവജനങ്ങളും മണ്ണിൽ പണിയെടുക്കുന്ന കർഷകർക്കൊപ്പം തെരുവിലിറങ്ങുകയും ചെയ്യുന്ന ചരിത്ര മുഹൂർത്തത്തിലാണ് ഈ വർഷത്തെ യുവജനദിനത്തെ നമ്മുടെ രാഷ്ട്രം അഭിസംബോധന ചെയ്യുന്നത്.

'അപകടകരമായി ജീവിക്കുക' എന്ന നീത്ഷെ വചനം നൈര്യന്തരികതയോടെ സാക്ഷാത്കരിച്ചിട്ടുള്ളത് അതത് കാലങ്ങളിലെ യൗവനമാണെന്നതിന് കാലവും ചരിത്രവും സാക്ഷി. രാജ്യത്ത് യുവതയുടെ സന്നദ്ധസേന സ്വന്തമായുള്ള സംസ്ഥാനമായി കേരളം ഇന്ന് അടയാളപ്പെടുകയാണ്. ഇന്ത്യൻ യുവതയുടെ ഉജ്ജ്വല പ്രതീകമായ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിരവധി അനുഭവങ്ങൾ രാജ്യത്തിന് മുന്നിൽ വയ്‌ക്കുന്നു.

മനുഷ്യനെ വിഭജിക്കുന്ന പ്രത്യയശാസ്ത്രത്തിനും അതിന്റെ അധികാര രൂപത്തിനുമെതിരെ പോരാട്ടം നയിക്കുന്നത് ഇന്ത്യയിലെ യൗവനമാണ് . ജെ.എൻ.യുവിലും ജാമിയയിലും,സെൻട്രൽ യൂണിവേഴ്സിറ്റികളിലും രാജ്യത്ത് ഉടനീളമുള്ള കലാലയങ്ങളിലും സർവകലാശാലകളിലും പോലീസിന്റെ ലാത്തിക്ക് മുന്നിൽ അവർ നിർഭയമായി 'ആസാദി' എന്ന മുദ്രാവാക്യം മുഴക്കുന്നു. ചോര ഇറ്റിക്കുന്ന പ്രത്യയശാസ്ത്രങ്ങളിൽ ഭരണകൂടം അഭയം തേടുമ്പോൾ നമ്മുടെ യുവാക്കൾ ഭരണഘടനയുടെ ആമുഖം ഉറക്കെ വായിച്ചും കവിതകൾ ചൊല്ലിയും റോസാപ്പു നീട്ടിയും പുതിയ സമരബോദ്ധ്യങ്ങൾക്ക് തിരികൊളുത്തുന്നു.
കൊവിഡ് കാലം യുവതയുടെ കർമ്മോത്സുകതയുടെ ഹൃദയസാക്ഷ്യം കൊണ്ടാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയത് മാൻപവറായും കാരുണ്യമായും കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാനുള്ള ചങ്കൂറ്റമായും ചെറുപ്പം കേരളത്തിലെ ഓരോ ഘട്ടത്തിലും സജീവമായി ജീവിതത്തെ രേഖപ്പെടുത്തിയ കാലമായിരുന്നു കൊവിഡിന്റേത്. കേരള സംസ്ഥാന യുവജന കമ്മിഷനും ഈ കാലഘട്ടത്തിൽ കേരളത്തിലെ യുവതയെ ഏകോപിപ്പിക്കുന്നതിന് മാതൃകാപരമായ നേതൃത്വം നൽകി എന്നതിൽ അഭിമാനമുണ്ട്.
രാജ്യമെമ്പാടും യുവത പോരാട്ടം തുടരുകയാണ്. ഡൽഹിയിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും അരങ്ങേറുന്ന കർഷക സമരത്തിന്റെ നേതൃത്വത്തിൽ സജീവമായി ചെറുപ്പത്തിന്റെ ബലിഷ്ഠമായ കരങ്ങളുണ്ട്, ചുമലുകളുണ്ട് എന്നത് അഭിനന്ദനാർഹമാണ്.