mohanlal

ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തയാളാണ് നടൻ മോഹൻലാൽ. ഒരു പരിധിവരെ വർക്കൗട്ട് തന്നെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം. അഭിനയത്തിലൂടെ ഞെട്ടിക്കും പോലെ വർക്കൗട്ടിലൂടെയും അദ്ദേഹം ആരാധകരെ ഞെട്ടിക്കാറുണ്ട്. വ്യായാമം ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ തന്നെപോലും അമ്പരപ്പിച്ച അദ്ദേഹത്തിന്റെ വർക്കൗട്ട് വിശേഷങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ട്രയിനർ ഐനസ് ആന്റണി. 'സാധാരണ ഒരാൾക്ക് പ്ലാങ്ക് ചെയ്യുമ്പോൾ പരമാവധി ഒരു മിനിറ്റുവരെയൊക്കെയെ പിടിച്ചുനിൽക്കാനാകൂ.അതുകഴിഞ്ഞാൽ കൈ വിറയ്ക്കാൻ തുടങ്ങും. 20 കിലോ വെയ്റ്റ് വെച്ചാണ് ലാലേട്ടൻ പ്ലാങ്ക് ചെയ്യുന്നത്. എന്നിട്ടുപോലും മൂന്ന് മൂന്നര മിനിറ്റുവരെ ചെയ്യും.'-ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐനസ് പറഞ്ഞു.


മോഹൻലാൽ താമസിച്ചിരുന്ന ഹോട്ടലിലെ നാൽപത്തിയഞ്ച് വയസു തോന്നിക്കുന്ന ഒരു മാരത്തൺ റണ്ണർക്ക് ഇതൊക്കെ പറ്റുമോയെന്ന് സംശയം തോന്നിയതിനെപ്പറ്റിയും ഐനസ് മനസുതുറന്നു. ' മാരത്തൺ റണ്ണർ ജിമ്മിൽ വന്നു.മലയാളിയല്ല.ലാലേട്ടനെ കണ്ടപ്പോൾ അൾക്ക് സംശയം ഇതൊക്കെ പറ്റുമോ എന്ന്. അതെനിക്ക് ഇഷ്ടമായില്ല. അദ്ദേഹത്തെയും ലാലേട്ടനെയും ഒരുമിച്ച് വർക്കൗട്ട് ചെയ്യിപ്പിച്ചു.കുറച്ചുകഴിഞ്ഞപ്പോൾ കക്ഷി ക്ഷീണിച്ചു തുടങ്ങി. അപ്പോഴും ലാലേട്ടൻ തുടരുകയാണ്. അയാം സോറി, ഛബ്ബി ബോഡി കണ്ടപ്പോൾ ഞാൻ വിചാരിച്ചു അദ്ദേഹത്തിന് ശക്തിയുണ്ടാകില്ലെന്നായിരുന്നു മറുപടി'- അദ്ദേഹം പറഞ്ഞു.