രാധികയ്ക്ക് ആജന്മശത്രു ഒന്നേയുള്ളൂ, പല്ലി. പാമ്പിനെയോ പേപ്പട്ടിയെയോ അത്രഭയമില്ല. ദൂരെകണ്ടാൽ തന്നെ ശരീരം വിറയ്ക്കും. കോപം വരും. വീട്ടിൽ പല്ലികളുടെ എണ്ണം കൂടിയതോടെ ഉറക്കം കുറഞ്ഞു. ഭക്ഷണത്തിനും താത്പര്യം കുറഞ്ഞു. ഡൈനിംഗ് ടേബിളിന്റെ ഏതെങ്കിലും കോണിൽ പല്ലിയുടെ തലകണ്ടാൽ മതി രാധികയുടെ സ്വൈരത നശിക്കും. ഭർത്താവ് രാമകൃഷ്ണൻ രാധികയെ ചൊടിപ്പിക്കാനായി ഭക്ഷണപദാർത്ഥങ്ങളുടെ അംശം വച്ചുകൊടുക്കും. ഒരു ഭയവുമില്ലാതെ പല്ലികൾ അതു ഭക്ഷിച്ചു പോയൊളിക്കും. അതുകാണുമ്പോഴാണ് രാധികയുടെ കോപം ഇരട്ടിക്കുക. അതേച്ചൊല്ലി ചെറിയ സൗന്ദര്യപ്പിണക്കത്തോടെയാവും ഇരുവരും ടൂവീലറിൽ ജോലിക്ക് പോകുക.
രാധിക കുളിയും ഭജനയും കഴിഞ്ഞ് സന്തോഷത്തോടെ പ്രഭാതഭക്ഷണത്തിന് ഇരുന്നു. രാമകൃഷ്ണന്റെ പ്രമോഷൻ ലിസ്റ്റ് അന്ന് ഉച്ചയ്ക്ക് ഇറങ്ങും. അതേപ്പറ്റി ഇരുവരും സംസാരിച്ചിരിക്കെ ഗൗളി ചിലച്ചു. സംഗതി നടക്കും. രാമകൃഷ്ണൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. വന്നുവന്ന് ഭക്ഷണം പോലും കഴിക്കാൻ പറ്റാതായി. ഇന്നെന്തായാലും ഓഫീസ് വിട്ടുവരുമ്പോൾ പല്ലിക്കുള്ള വിഷം കൂടി വാങ്ങണം. ഈ പല്ലികൾ കാരണം ജീവിതം തന്നെ മടുത്തു. ഇവറ്റയുടെ കഥകഴിച്ചാലേ വീടിന് എഴുന്നേറ്റം കിട്ടൂ. രാധിക പല്ലിറുമ്മി. രാമകൃഷ്ണൻ മൗനം ഭജിച്ചു. ഓഫീസിലെ ചിട്ടി നറുക്കെടുപ്പ് ഇന്നാണ്. നാശം ഗൗളി ചിലച്ചതു കേട്ടപ്പോഴേ പ്രതീക്ഷ നശിച്ചു. ഭാര്യയുടെ നീരസം ആളിപ്പടരാതിരിക്കാൻ രാമകൃഷ്ണൻ പ്രത്യേകം ശ്രദ്ധിച്ചു. മകൻ രതീഷ് രക്ഷിതാക്കളുടെ പതിവ് നാടകം കണ്ട് ആസ്വദിച്ചു ചിരിച്ചുനിന്നു.
വൈകിട്ട് മധുരപലഹാരങ്ങളും വാങ്ങി സന്തോഷത്തോടെ അച്ഛനുമമ്മയും വന്നപ്പോൾ രതീഷ് അതിശയിച്ചു. ഇതു പതിവില്ലാത്തതാണല്ലോ. അമ്മ പല്ലിയെ കൂട്ടത്തോടെ കൊല്ലാനുള്ള വിഷം വാങ്ങിക്കാണും. അച്ഛന് പ്രമോഷൻ ആയിക്കാണും. മകൻ സംശയത്തോടെ നോക്കിനിൽക്കുന്നത് കണ്ട് രാമകൃഷ്ണൻ വിശദീകരിച്ചു. ഈ മധുരമെല്ലാം അമ്മയുടെ വക. അപ്രതീക്ഷിതമായി ഭാഗ്യം തുണച്ചു. ചിട്ടി നറുക്കെടുപ്പിൽ പേരു വീണു. രാവിലെ ഗൗളി ചിലച്ചതിനെ ശപിച്ച അമ്മ കാലുമാറി. അതു ശുഭശകുനമായിരുന്നത്രേ. അച്ഛന് പ്രമോഷനുമായി. ചിട്ടിയും വീണു. പല്ലിയുടെ പ്രവചനം ഒരു പക്ഷേ നല്ലതിനായിരുന്നിരിക്കാം. അപ്പോൾ പല്ലിയെ സംഹരിക്കാനുള്ള വിഷം വാങ്ങിയില്ലേ? മകന്റെ പരിഹാസചോദ്യം കേട്ട് രാധികയ്ക്ക് ശുണ്ഠി വന്നു.
മധുരപലഹാരപ്പൊതിതുറന്ന് ലഡ്ഡു പൊടിച്ച് രാധിക ഡൈനിംഗ് ടേബിളിന്റെ ഒരുമൂലയിൽവച്ചു. മെല്ലെ മെല്ലെ ഒരു പല്ലി ഭയപ്പാടോടെ വന്ന് അത് നക്കിയെടുത്തു. രാധികയും രാമകൃഷ്ണനും വാത്സല്യത്തോടെ അതു നോക്കിനിന്നു. അല്പം കഴിഞ്ഞപ്പോൾ ഒന്നുരണ്ടു പല്ലികൾ കൂടി ഒരു കൂസലുമില്ലാതെ മധുരം നുണയാനെത്തി. അതുകണ്ട് മകൻ രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു. വെറുപ്പ് മാറ്റിവച്ച് സ്നേഹിച്ചാൽ ഏതു ജീവിയുടെ സ്നേഹവും മധുരിക്കും. അത് എത്രകാലുള്ള ജീവിയായാലും. മനുഷ്യന്റെ കാര്യം പറയാനുമില്ല. മലയാളം സാർ പറഞ്ഞ ചൊല്ലിന്റെ അർത്ഥം ഇപ്പോൾ ഗൃഹപാഠത്തിലൂടെയാ മനസിലായത്. അപ്പോഴും പല്ലി ചിലയ്ക്കുന്നുണ്ടായിരുന്നു.
(ഫോൺ: 9946108220)