tiger

വയനാട്: മനുഷ്യർക്കും മൃഗങ്ങൾക്കും ജീവനു ഭീഷണിയായി കടുവ. വയനാട് കൊളവളളിയിലാണ് കടുവയുടെ ഭീഷണി രൂക്ഷമായിരിക്കുന്നത്. നാലോളം വളർത്തുനായകളെയാണ് കടുവ ഇതുവരെ കൊന്നത്.

കടുവ കൊന്ന നായകളിലൊന്ന് ഇന്നലെ രാവിലെ ഏഴ് വരെ മുറ്റത്തുണ്ടായിരുന്നെന്ന് പ്രദേശവാസിയായ സ്വാമി പറയുന്നു. രാവിലെ വീട്ടുകാർ ക്ഷീരസംഘത്തിൽ പാൽ അളക്കാൻ പോയപ്പോൾ നായ ഒപ്പമുണ്ടായിരുന്നു. അതിനു ശേഷമാണ് കടുവ പിടിച്ചത്. വീട്ടിൽ നിന്ന് 50 മീറ്റർ മാത്രം അകലെ കഴുത്തിന് ആഴത്തിൽ മുറിവേറ്റ നിലയിലാണ് തിരച്ചിൽ സംഘം നായയുടെ ജഡം കണ്ടെത്തിയത്.

കടുവ സ്ഥലത്തുണ്ടെന്ന് വ്യക്തമായതോടെ കർഷകർ ആശങ്കയിലാണ്. കന്നുകാലികൾക്ക് പുല്ലരിയാനും പശുക്കളെ പുറത്തു കൊണ്ടുപോകാനും തോട്ടത്തിൽ പോകാനും ആളുകൾക്ക് ഭയമാണ്. സന്ധ്യയാകുന്നതോടെ ഗ്രാമങ്ങളിൽ ആളനക്കമില്ലാത്ത അവസ്ഥയാണ്. ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞാൽ കൂട് സ്ഥാപിക്കുന്നതടക്കമുളള നടപടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഓർത്തഡോ‌ക്‌സ് പളളിക്ക് സമീപത്തെ തോട്ടത്തിലൂടെ കടുവ നീങ്ങുന്നതായി കണ്ടുവെന്ന വിവരത്തെ തുടർന്ന് ഉച്ചവരെ തിരഞ്ഞുവെങ്കിലും കണ്ടെത്തിയില്ല. കടുവയെ കണ്ടതായി പലരും പറയുന്നുണ്ടെങ്കിലും വനപാലകരാരും കണ്ടിട്ടില്ല. ഇന്നലെ പ്രദേശം അരിച്ചുപെറുക്കി തിരച്ചിൽ നടത്തിയെങ്കിലും കടുവയെ പിടികൂടാനായില്ല.