
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥാനത്ത് തുടരുന്ന സീനിയർ സൂപ്രണ്ടിന് അനധികൃതമായി ശമ്പളം തടഞ്ഞിരിക്കുന്നതായി പരാതി. കെ.എസ്.ഇ.ബിയിൽ തിരുവനന്തപുരം മടവൂർ സെക്ഷനിലെ സീനിയർ സൂപ്രണ്ട് യു.വി സുരേഷിനാണ് ഈ ദുർഗതി. ചീഫ് എൻജിനീയർ (മാനവ വിഭവ ശേഷി) വിഭാഗത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലംമാറ്റം ഉൾപ്പടെ നടത്തുന്നതിനെതിരെ സുരേഷ് കോടതിയെ സമീപിച്ചതിലെ പ്രതികാര നടപടിയാണിതെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് ആരോപിച്ചു.
കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റാണ് യു.വി സുരേഷ്.
താമസസ്ഥലത്തിനടുത്തുള്ള വൈദ്യുതി ഭവനിൽ ഒരു വര്ഷം തികയുന്നതിനു മുൻപ് തന്നെ കഴിഞ്ഞ കൊല്ലം കണ്ണൂരിലേക്ക് മാറ്റിയിരുന്നു. തുടർന്ന് സുരേഷിന് ഹൈക്കോടതി ഇടപെട്ട് തിരുവനന്തപുരം മടവൂരിലേക്ക് മാറ്റം കിട്ടി. ആദ്യം ഒക്ടോബർ 8 വരെ മടവൂർ തുടരാനും പിന്നീട് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ അവിടെ തുടരാനും ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇട്ടിരുന്നു. ഇതിനു പ്രതികാരമെന്നോണം ഒക്ടോബർ മുതൽ ഇദ്ദേഹത്തിന്റെ ശമ്പളം തടഞ്ഞു.
ഡിസംബർ 22 ന് ശമ്പളം അനുവദിക്കാത്ത വിഷയം കോടതിയെ അറിയിച്ചപ്പോൾ ഒരാഴ്ചക്കകം ശമ്പളം നൽകണമെന്ന് ഇടക്കാല ഉത്തരവിലൂടെ കോടതി കെ.എസ്.ഇ.ബി യോട് നിർദേശിച്ചിരുന്നു. തുടർന്ന് കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ ഡിസംബർ 24 ന് വയനാട്ടിലേക്ക് സ്ഥലംമാറിയാൽ ശമ്പളം ലഭിക്കുമെന്ന് യു.വി.സുരേഷിന് ഇ-മെയിലായും പോസ്റ്റിലും കത്ത് നൽകി. ഇദ്ദേഹത്തിന്റെ സർവീസ് ബുക്ക് മുതലായവ ഡിസംബർ 30 ന് വയനാട്ടിലേക്ക് അയച്ചു. ഉപജാപക സംഘങ്ങളുടെയും സീനിയർ ഉദ്യോഗസ്ഥരുടെയും തെറ്റുകൾക്ക് ജൂനിയർ ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപെടാൻ ശ്രമിക്കുന്നത് താഴെ തട്ടിലുളള ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും ഇത്തരം പ്രവൃത്തികൾക്കെതിരെ നിയമനടപടികൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.