കോഴിക്കോട്: ഒരുകാലത്ത് കോഴിക്കോട് ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് ഏറെ ഇഷ്ടമുള്ളയിടമായിരുന്നു ബീച്ച് റോഡിലെ അക്വേറിയം. കടലിലും ശുദ്ധ ജലത്തിലും വളരുന്ന അപൂവയിനം മത്സ്യങ്ങൾ, പക്ഷികൾ, മുയലുകൾ അങ്ങനെ എന്തെല്ലാം കാഴ്ചകൾ. എന്നാൽ ഇന്നത് ജീവജാലങ്ങളുടെ ശവപറമ്പാണ്; പോരാത്തതിന് മാലിന്യനിക്ഷേപ കേന്ദ്രവും. വർഷങ്ങളായി കാടുപിടിച്ച് കിടക്കുന്ന ഈ വിനോദ സഞ്ചാര കേന്ദ്രം തിരിഞ്ഞുനോക്കാൻ പോലും ഡി.ടി.പി.സിക്ക് മനസില്ല. ഡിറ്റക്ടീവ് നോവലുകളെ വെല്ലുന്നതാണ് കെട്ടിടത്തിന്റെ അവസ്ഥ. കാട് കയറി ചീവീടുകളുടെ ശബ്ദം മാത്രം. അടഞ്ഞുകിടക്കുന്ന ഗേറ്റിന് മുകളിലെ വള്ളിപ്പടർപ്പുകളിൽ മാലിന്യം വലിച്ചെറിഞ്ഞതിന്റെ അടയാളവും കാണാം.
ടൂറിസം വികസനം ലക്ഷ്യമിട്ടാണ് ഡി.ടി.പി.സി അക്വേറിയം ആരംഭിച്ചത്. തീരത്തെത്തുന്ന സഞ്ചാരികൾക്കും മത്സ്യപ്രേമികൾക്കും ഒരുപോലെ ആസ്വാദ്യകരവുമായിരുന്നു. അലങ്കാരമത്സ്യങ്ങൾ, കടലിലും ശുദ്ധജലത്തിലും വളരുന്ന അപൂർവയിനം മത്സ്യങ്ങൾ എന്നിവ എഴുപതോളം ടാങ്കുകളിൽ ഉണ്ടായിരുന്നു. അവയൊന്നും ഇന്നില്ല.
1995ലാണ് അക്വേറിയം ആരംഭിക്കുന്നത്. നടത്തിപ്പ് കരാറടിസ്ഥാനത്തിൽ ആയതിനാൽ പലഘട്ടത്തിലും അക്വേറിയം അടച്ചിടുന്ന സ്ഥിതി ഉണ്ടായി. 2015ൽ പുതുക്കിപ്പണിത് സഞ്ചാരികൾക്കായി തുറന്നു കൊടുത്തെങ്കിലും ടെൻഡർ അവസാനിച്ചതോടെ രണ്ടു വർഷം മുമ്പ് എന്നന്നേക്കുമായി താഴ് വീണു. അക്വേറിയം തുറക്കാൻ പലപ്രാവശ്യം ടെൻഡർ വിളിച്ചിട്ടും എത്തിയത് രണ്ട് കരാറുകാർ മാത്രം. ടെൻഡർ നൽകണമെങ്കിൽ മൂന്ന് പാർട്ടികളെങ്കിലും വേണം. സാമൂഹ്യവിരുദ്ധരുടെ ശല്യവും സാമ്പത്തിക നഷ്ടവുമാണ് കരാറുകാർ വരാതിരിക്കാൻ പ്രധാന കാരണം. കൂടാതെ സമീപത്ത് ഫിഷറീസിന്റെ അക്വേറിയം ഉള്ളതും കരാറുകാരെ പിന്നോട്ടടിപ്പിക്കുന്നു. പുറംകരാർ നൽകാതെ അക്വേറിയം ഡി.ടി.പി.സി ഏറ്റെടുത്ത് നടത്തണമെന്നാണ് സമീപവാസികളുടെയും സഞ്ചാരികളുടെയും ആവശ്യം.
''രണ്ടു തവണ ടെൻഡർ വിളിച്ചിരുന്നെങ്കിലും രണ്ടുപേർ മാത്രമാണ് വന്നത്. പുതിയ ടെൻഡർ ഉടനെ വിളിക്കും"-
ബീന മധുസൂദനൻ,ഡി.ടി.പി.സി സെക്രട്ടറി
''ടെൻഡർ എടുത്തിരുന്നവർക്ക് കാര്യമായ ലാഭം ഉണ്ടായിരുന്നില്ല. മുന്നോട്ട് കൊണ്ടുപോകാൻ അവർ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു" -
അനിൽ കുമാർ,ചന്ദ്രൻ, നാട്ടുകാർ