ബീജിംഗ്: കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് പഠനം നടത്തുന്നതിനായി രാജ്യത്തെത്തുന്ന ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞരുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ശാസ്ത്രജ്ഞരെ സ്വാഗതം ചെയ്യുന്നുവെന്നും ചൈന. ശാസ്ത്രജ്ഞർക്ക് ചൈനയിൽ പ്രവേശനം നിഷേധിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. ശാസ്ത്രജ്ഞരുടെ സന്ദർശനത്തിന് നിർദ്ദിഷ്ട സമയം നിശ്ചയിച്ചിട്ടുണ്ടെന്നും ഇവിടെ എല്ലാം തയാറാണെന്നും നാഷണൽ ഹെൽത്ത് കമ്മിഷൻ വൈസ് മിനിസ്റ്റർ സെംഗ് യിഷിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിദഗ്ദ്ധർ നടപടി ക്രമങ്ങളെല്ലാം പൂർത്തീകരിച്ച് ഷെഡ്യൂൾ ഉറപ്പാക്കുന്നതോടെ അന്വേഷണത്തിനായി തങ്ങളും സംഘത്തിനൊപ്പം വുഹാനിലേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, ലോകാരോഗ്യ സംഘടനയുടെ പത്തംഗ സംഘത്തിന് വുഹാനിൽ പ്രവേശനം അനുവദിച്ചിരുന്നു.