waste

തിരുവനന്തപുരം: നഗരത്തെ മാലിന്യ മുക്തമാക്കുന്നതിനായി കൂടുതൽ ഖരമാലിന്യ സംഭരണികൾ സ്ഥാപിക്കുന്ന കാര്യം നഗരസഭ ആലോചിക്കുന്നു. കഴിഞ്ഞ കൗൺസിലിന്റെ കാലത്താണ് നഗരത്തിലെ 100 വാർഡുകളിലും മാലിന്യ സംഭരണികൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ശാസ്തമംഗലം വാർഡിലായിരുന്നു ആദ്യത്തേത് സ്ഥാപിച്ചത്. ഇതു കൂടാതെ മൂന്ന് വാർഡുകളിൽ മാത്രമാണ് സംഭരണികൾ സ്ഥാപിച്ചത്. എന്നാൽ,​ ആദ്യത്തെ ആവേശം പിന്നീട് ഉണ്ടാകാതിരുന്നതോടെ പദ്ധതി തുടങ്ങുംമുമ്പേ അവസാനിപ്പിച്ചുവെന്ന പ്രതീതിയാണുണ്ടാക്കിയത്. ഇടതുപക്ഷ കൗൺസിലിന് ഭരണത്തുടർച്ച ഉണ്ടായതോടെയാണ് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ആലോചന നടന്നത്.

പദ്ധതിയുടെ ഭാഗമായി ജീവനക്കാരെ ലഭിക്കാതെ വന്നതും പ്രശ്നമായിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലായിരുന്നു ഇവയുടെ പ്രവർത്തനം. ഗ്ളാസ്,​ പേപ്പർ,​ പൊട്ടിയ കണ്ണാടിക്കഷണങ്ങൾ,​ പ്ളാസ്റ്റിക്,​ നശിച്ച ബാഗുകൾ,​ ചെരുപ്പുകൾ,​ വസ്ത്രങ്ങൾ,​ ലോഹ മലിന്യങ്ങൾ എന്നിവ തരം തിരിച്ച് ശേഖരിക്കാൻ കഴിയുന്ന തരത്തിലാണ് സംഭരണികൾ രൂപകൽപന ചെയ്തത്. ശാസ്തമംഗലത്തും പാളയത്തുമായിസ്ഥാപിച്ചിരിക്കുന്ന നാല് സംഭരണികൾ ഇപ്പോഴും പ്രവർത്തനസജ്ജമാണ്. സംഭരണിയിൽ നിറയുന്ന മാലിന്യങ്ങൾ ശരിയായി സംസ്കരിക്കുന്നതിനും മറ്റുമായി ഒരു ജീവനക്കാരനെ ശാസ്തമംഗലം ഹബ്ബിൽ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, മറ്റിടങ്ങളിൽ ജീവനക്കാർ ആരും തന്നെ ഇല്ല. നിറയുമ്പോൾ മാത്രമാണ് സംഭരണി വൃത്തിയാക്കാനായി ജീവനക്കാരൻ എത്തുന്നത്.

അതേസമയം പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ നടപടികൾ കർശനമാക്കിയിട്ടുണ്ട്. അടുത്തിടെ നന്തൻകോട് ഹെൽത്ത് സർക്കിളിന് കീഴിൽ നടത്തിയ പരിശോധനയിൽ 19,070 രൂപ പിഴ ഈടാക്കിയിരുന്നു. കൊവിഡിനെ തുടർന്ന് ഉദ്യോഗസ്ഥരെ ക്വാറന്റൈൻ നിരീക്ഷണം അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാനായി നിയോഗിച്ചതോടെ മാലിന്യം തള്ളുന്നത് കൂടിയിരുന്നു. മാലിന്യം തള്ളുന്നവർക്ക് 500 മുതൽ 5000 രൂപ വരെയാണ് പിഴ.

ഫ്ളൈ ഓവറുകൾക്ക് സമീപമാണ് സ്ഥിരമായി മാലിന്യ നിക്ഷേപം നടക്കുന്നത്. സ്ക്വാഡുകളോ സി.സി.ടി.വികളോ ഇല്ലാത്തതിനാൽ തന്നെ ഇവിടങ്ങൾ മാലിന്യ നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമാണ്. ചാക്ക,​ പഴവങ്ങാടി ഫ്ളൈ ഓവറുകളിലാണ് മാലിന്യം തള്ളൽ രൂക്ഷമായിരിക്കുന്നത്. ചാക്കുകളിലും പ്ളാസ്റ്റിക് കവറുകളിലുമായി മാലിന്യം നിറച്ചാണ് റോഡുവക്കിൽ തള്ളുന്നത്.