ഇന്ന് പിറന്നാൾ ദിനത്തിൽ യേശുദാസ് അമേരിക്കയിലാണ്.ഒപ്പം ജീവന്റെ ജീവനായ ഭാര്യ പ്രഭയും വിജയ് ഒഴികെയുള്ള രണ്ട് മക്കളുമുണ്ട്.മൂകാംബികയിൽ അദ്ദേഹത്തിനു വേണ്ടി പ്രത്യേക പൂജകൾ നടത്തുന്നുണ്ട്. കേരളത്തിലെ ഉറ്റ സുഹൃത്തുക്കളുമായി അദ്ദേഹം സൂമിൽ ഇന്ന് ബന്ധപ്പെടും.
യേശുദാസ് പാടിയ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ട ഗാനം ഏതാണ്...? ഈ ഒരു ചോദ്യത്തിന് ഉത്തരം പറയാൻ ഒരു മലയാളിക്കും കഴിഞ്ഞുവെന്നുവരില്ല.കാരണം അവരുടെ മനസു നിറയെ യേശുദാസ് പാടിയ എണ്ണമറ്റ ഗാനങ്ങളുടെ ഈണങ്ങൾ നിറഞ്ഞു നിൽക്കുകയാണ്.കേരളം ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും വലിയ കലാകാരൻ ആരാണെന്നതിന് ഒരേ ഒരു ഉത്തരമേയുള്ളു.അത് ഗാനഗന്ധർവ്വൻ എന്നു നമ്മൾ വിളിക്കുന്ന കെ.ജെ.യേശുദാസാണ്.
ഇന്ന് യേശുദാസിന്റെ എൺപത്തിയൊന്നാം പിറന്നാളാണ്.പക്ഷേ അദ്ദേഹത്തിന്റെ പാട്ടുകൾക്ക് ഒരിക്കലും പ്രായമാവുകയില്ല.അതെന്നും എവർഗ്രീനായിരിക്കും.അണിയറ എന്ന ചിത്രത്തിൽ പി.ഭാസ്ക്കരൻ രചിച്ച് ദേവരാജൻ മാസ്റ്റർ ഈണം പകർന്ന ' അനഘ സങ്കല്പ ഗായികേ ' എന്നു തുടങ്ങുന്ന ഗാനം കേൾക്കുമ്പോൾ ഇതാണല്ലോ ദാസേട്ടന്റെ ഏറ്റവും മികച്ച ഗാനമെന്നുതോന്നും.എന്നാൽ ഭാർഗവീ നിലയത്തിലെ 'താമസമെന്തേ വരുവാൻ' എന്ന ഗാനം കേൾക്കുമ്പോൾ ആ ചിന്ത മാറും. പെട്ടെന്നാകും മൂടൽമഞ്ഞിലെ ' നീ മധു പകരൂ..' എന്നു തുടങ്ങുന്ന പാട്ട് കേൾക്കുക.ശ്രീകുമാരൻ തമ്പി എഴുതിയ ' ദുഖമെ നിനക്കു പുലർകാല വന്ദനം 'കേട്ടാലോ അതല്ലേ ഏറ്റവും മികച്ച ഗാനമെന്ന് തോന്നും.ഇങ്ങനെ ഒരു പാട്ടിൽ നിന്ന് മറ്റൊരു പാട്ടിലേക്ക് ഇഷ്ടം മാറിക്കൊണ്ടേയിരിക്കും.യേശുദാസ് ഒരു വ്യക്തിയല്ല. ഒരായിരം പാട്ടുകളാണ്.
ചിറ്റ് ചോറിലെ ഓ...കൊരിയാരേ ...തുടങ്ങി എത്രയെത്ര ഗാനങ്ങൾ.തമിഴിലെ കണ്ണേ കലൈമാനേ...തുടങ്ങി ഭാഷയ്ക്കതീതമായി പാട്ടുകൾ. യേശുദാസിനെ ഇഷ്ടപ്പെടുന്ന ശ്രോതാക്കാൾ എല്ലായിടത്തുമുണ്ട്.സമയതീരത്തിൽ ബന്ധനമില്ലാതെ അദ്ദേഹം പാടിക്കൊണ്ടേയിരിക്കുന്നു. ഇന്ന് പിറന്നാൾ ദിനത്തിൽ യേശുദാസ് അമേരിക്കയിലാണ്.ഒപ്പം ജീവന്റെ ജീവനായ ഭാര്യ പ്രഭയും വിജയ് ഒഴികെയുള്ള രണ്ട് മക്കളുമുണ്ട്.മൂകാംബികയിൽ അദ്ദേഹത്തിനു വേണ്ടി പ്രത്യേക പൂജകൾ നടത്തുന്നുണ്ട്. കേരളത്തിലെ ഉറ്റ സുഹൃത്തുക്കളുമായി അദ്ദേഹം സൂമിൽ ഇന്ന് ബന്ധപ്പെടുന്നുമുണ്ട്.