ന്യൂഡൽഹി: ഇന്ത്യയും ഫ്രാൻസും തമ്മിലുളള പ്രതിരോധ സഹകരണത്തിന് ഇനി 'മേക്ക് ഇൻ ഇന്ത്യ' പകിട്ട്. ഇന്ത്യക്കാവശ്യമായ ഹെലികോപ്‌റ്ററുകളും യുദ്ധവിമാനങ്ങളും 'മേക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രകാരം സാങ്കേതിക വിദ്യ കൈമാറ്റം ചെയ്‌ത് ഇവിടെത്തന്നെ നിർമ്മിക്കാനാണ് ഫ്രാൻസുമായി തീരുമാനമായിരിക്കുന്നത്. രാജ്യത്തെ പ്രതിരോധ രംഗത്തെ ഉന്നതരും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്‌ടാവ് ഇമ്മാനുവൽ ബോണും തമ്മിൽ നടന്ന ചർച്ചയിലാണ് ഈ തീരുമാനമുണ്ടായത്.
36 റാഫേൽ വിമാനങ്ങൾ ഇന്ത്യയ്‌ക്ക് നിർമ്മിച്ച് നൽകാൻ ഫ്രാൻസുമായി ഇപ്പോൾതന്നെ കരാറുണ്ട്. ഇത്തരം യുദ്ധവിമാനങ്ങൾ 70 ശതമാനവും ഇന്ത്യയിൽ നിർമ്മിക്കാമെന്ന ഫ്രാൻസിന്റെ വാഗ്‌ദാനം ഇന്ത്യയ്‌ക്ക് കൂടുതൽ റാഫേൽ വിമാനങ്ങൾ വാങ്ങുന്നതിന് സഹായകമാകും. മാത്രമല്ല ഇവയുടെ നിർമ്മാണ ചിലവിലും അതിനനുസൃതമായ കുറവുമുണ്ടാകും. പാന്ഥർ ഹെലികോപ്‌റ്ററുകൾക്ക് 100 ശതമാനം സാങ്കേതിക വിദ്യ കൈമാറ്റത്തിനുളള വാഗ്‌ദാനവും ഫ്രാൻസ് നൽകിയിട്ടുണ്ട്. നാവികസേനയുടെ യുദ്ധകപ്പലുകളിലാണ് കൂടുതലായി പാന്ഥർ ഉപയോഗിക്കുക. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതും കപ്പൽ ഡോക്കുകളിലും കര പ്രദേശങ്ങളിലും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് പാന്ഥർ ഹെലികോപ്‌റ്ററുകൾ.
ഇന്ത്യയ്‌ക്ക് കൈമാറുന്ന പ്രതിരോധ സാങ്കേതിക വിദ്യ മറ്റാർക്കും കൈമാറില്ലെന്നാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ഈയിടെ പ്രതിരോധ സൗഹൃദ രാജ്യമായ പാകിസ്ഥാന്റെ പ്രധാനമന്ത്രി ഇമ്രാൻഖാൻ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു. തുടർന്ന് പാകിസ്ഥാനുമായി അകന്ന ഫ്രാൻസ് ഇന്ത്യയുമായി സൗഹൃദം മെച്ചപ്പെടുത്തിയിരിക്കയാണ്. പാകിസ്ഥാനുമായും തുർക്കിയുമായും ഫ്രാൻസിന് ഇനി പ്രതിരോധ ഇടപാടുകളോ നിലവിലുളള കരാറുകളുടെ പുതുക്കലോ ഉണ്ടാകില്ല. ഇന്തോ-പസഫിക്, ഇന്ത്യൻ മഹാ സമുദ്ര ഭാഗങ്ങളിൽ ചൈനയ്‌ക്കെതിരെ നിരീക്ഷണം ശക്തമാക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. യു.എ.ഇ, സിംഗപ്പൂർ.മലേഷ്യ, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളോടൊപ്പം നടത്തുന്ന നാവിക അഭ്യാസത്തിന് ഫ്രാൻസ് ഇന്ത്യയെയും ക്ഷണിച്ചു.
യു.എൻ സുരക്ഷാ കൗൺസിലിലും ഇന്ത്യയെ പിന്തുണയ്‌ക്കുമെന്നും കൗൺസിലിൽ നിന്നും ഇന്ത്യയെ പുറത്താക്കാൻ ശ്രമിക്കുന്ന ചൈനീസ് ശ്രമങ്ങളെ പ്രതിരോധിക്കുമെന്നും മുൻപ് തന്നെ ഫ്രാൻസ് വ്യക്തമാക്കിയിട്ടുണ്ട്.