ലണ്ടൻ: അമ്മയുടെ നിർബന്ധം കാരണം ആരോഗ്യവതിയായ 12 വയസുകാരി മകൾ വീൽചെയറിൽ കഴിഞ്ഞത് എട്ട് വർഷം. ലണ്ടൻ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷനിൽ നടന്ന സ്വകാര്യ ഹിയറിംഗിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയുടെ സ്വകാര്യത മാനിച്ച് അമ്മയുടേയും മകളുടേയും പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മകളോട് കള്ളം പറഞ്ഞാണ് അമ്മ വീൽചെയറിൽ കഴിയാൻ പ്രേരിപ്പിച്ചത്. മകൾക്ക് അപസ്മാരത്തിന്റെ മരുന്നുകളും നൽകിയിരുന്നു. നാല് വയസുമുതൽ വീൽചെയറിലാണ് കുട്ടി കഴിയുന്നത്. മകൾക്ക് സ്വന്തമായി ഭക്ഷണം കഴിക്കാനോ നടക്കാനോ കഴിയില്ലെന്നും ശാരീരികാസ്വാസ്ഥ്യമുണ്ടെന്നും അമ്മ ഡോക്ടർമാരെയും ബോദ്ധ്യപ്പെടുത്തിയിരുന്നു.
ജഡ്ജി തന്റെ നിഗമനങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. കുട്ടിയോട് ഇപ്രകാരം അമ്മ പെരുമാറാനുള്ള കാരണമെന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. മകൾക്ക് മറ്റ് അസുഖങ്ങൾക്കൊപ്പം 'അനിയന്ത്രിതമായ അപസ്മാരം, ഓട്ടിസം' എന്നിവ ഉണ്ടെന്നാണ് അമ്മ പറഞ്ഞിരുന്നത്.
2012 മുതൽ അമ്മ മകൾക്ക് വ്യാജ രോഗങ്ങളുണ്ടെന്ന് സ്ഥാപിക്കാൻ തുടങ്ങിയിരുന്നു. 2013 മുതൽ മകൾ വീൽ ചെയറിലാണ്. 2017ൽ മരുന്നുകൾ വർദ്ധിപ്പിക്കുകയും പ്രത്യേക ഭക്ഷണക്രമം ഉൾപ്പെടുത്തുകയും ചെയ്തു. പിന്നീട്, ഭക്ഷണം കൊടുക്കാനായി കൃത്രിമ ട്യൂബ് ഘടിപ്പിച്ചു. 2018ൽ, ട്യൂബ് മാറ്റിസ്ഥാപിക്കുന്നതിനിടെ പെൺകുട്ടി അമ്മയുടെ പെരുമാറ്റത്തെകുറിച്ച് സംശയം പ്രകടിപ്പിച്ചു.
2019 ഒക്ടോബറിൽ സാമൂഹ്യ പ്രവർത്തകർ പെൺകുട്ടിയെ ഏറ്റെടുക്കുകയും അവൾ ആരോഗ്യവതിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. നിലവിൽ ബന്ധുക്കളോടൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്.
ഡി ഡി ബ്ലൻചാഡ് കൊലപാതക്കേസ്
അമേരിക്കൻ സംസ്ഥാനമായ മിസൗറിയിൽ 2015ൽ ജിപ്സി റോസ് തന്റെ അമ്മയായ ഡി ഡി ബ്ലൻചാഡിനെ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തിയിരുന്നു. ചെറുപ്പം മുതൽ ജിപ്സിയെ രോഗിയായി ചിത്രീകരിച്ചിരുന്നു ഡി ഡി. രക്താർബുദം അടക്കമുള്ള മാരക രോഗങ്ങൾ ജിപ്സിയ്ക്കുള്ളതായി ഡി ഡി വരുത്തി തീർത്തിരുന്നു. അമ്മയുടെ ചെയ്തികളിൽ മനംമടുത്ത് ജിപ്സി കൊലപാതകത്തിന് മുതിരുകയായിരുന്നു. നിലവിൽ ജയിലിലാണിവർ. ഇവരുടെ കഥ ആസ്പദമാക്കി 2019ൽ ദ ആക്ട് എന്ന വെബ്സീരിസ് പുറത്തിറങ്ങിയിരുന്നു.