ന്യൂഡൽഹി: ഡൽഹിയിലെ വിനോദ്നഗറിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ വഴിയരികിൽ അമ്മ പശുവിനൊപ്പം നിന്ന പശുക്കിടാവ് കുത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. കുത്തേറ്റ യുവാവിന്റെ കൈയിലുണ്ടായിരുന്ന കവറിൽ നിന്ന് ഫയലും പേപ്പറുകളും മറ്റും റോഡിലേക്ക് തെറിച്ചുവീണു. ദേഷ്യത്തോടെ യുവാവ് പശുക്കിടാവിന്റെ മുഖത്ത് തൊഴിക്കുകയും കൈവച്ച് അടിക്കുകയും ചെയ്‌തു.
ഇതോടെ പശുക്കിടാവ് പേടിച്ച് അമ്മയുടെ അടുത്തേക്ക് മാറി നിന്നു. സംഭവം തീർന്നുവെന്ന് കരുതിയെങ്കിലും പിന്നീടാണ് ഏവരെയും ഞെട്ടിച്ചുകൊണ്ടുളള വിഷയമുണ്ടായത്. അവിടെ കിടന്ന ഇഷ്ടികയെടുത്ത് പശുക്കിടാവിനെ യുവാവ് ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. പശുക്കിടാവിന്റെ മുതുകിൽ ഇയാൾ ഇഷ്‌ടിക വച്ച് ആഞ്ഞടിക്കുന്നതും ഒടുവിൽ പശുക്കിടാവ് തളർന്നു വീഴുന്നതും കാണാം. പശുക്കിടാവ് വീണതിനു ശേഷമാണ് ഇയാൾ അവിടെ നിന്നും മടങ്ങിയത്.
ഗുരുതരമായി പരിക്കേറ്റ പശുക്കിടാവിനെ പൊലീസ് സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി. ആക്രമിച്ച യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. മണ്ഡാവാലിയിലെ ബുദ്ധാ മാർഗ് നിവാസിയായ കമൽ സിംഗാണ് അറസ്റ്റിലായത്. കനത്ത പ്രതിഷേധമാണ് ഇയാൾക്കെതിരെ ഉയരുന്നത്. പശുവിനെയും കിടാവിനെയും റോഡിൽ അലയാൻ വിട്ട ഉടമയ്ക്കെതിരെയും വിമർശനം ഉയരുന്നുണ്ട്.
ये सीसीटीवी ईस्ट दिल्ली के वेस्ट विनोद नगर का है। एक शख्स ने जरा सी बात पर एक बेजुबान मासूम को न केवल लात घूसों, बल्कि बाद में पत्थरों से भी मारा। मंडावली थाने की पुलिस ने एनिमल एक्ट के तहत आरोपी कमल को गिरफ्तार कर लिया है। @DCPEastDelhi @PrashantInsp @indiatvnews @IndiaTVHindi pic.twitter.com/VTrvVo0UGX
— Abhay parashar (@abhayparashar) January 6, 2021
സംഭവസ്ഥലത്തുണ്ടായിരുന്ന സിസിടിവിയിലാണ് പശുക്കിടാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം പതിഞ്ഞത്. റോഡിൽ തെറിച്ചു വീണ ഫയലുകളും പേപ്പറും വാരിയെടുത്ത യുവാവ് കുറച്ച് നേരം മറുവശത്തേക്ക് മാറി നിൽക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. ഇതിനുശേഷമാണ് ആക്രമണം അരങ്ങേറിയത്.