m

മുംബയ്: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറൽ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയുണ്ടായ തീപിടിത്തത്തിൽ പത്ത് പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു. ഏഴ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു ദിവസം മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്.

നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിച്ചത്.

17 കു‍ഞ്ഞുങ്ങൾ ഐ.സി.യുവിലുണ്ടായിരുന്നു. മൂന്നു കുഞ്ഞുങ്ങൾ പൊള്ളലേറ്റും ഏഴു കുഞ്ഞുങ്ങൾ ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. രക്ഷപ്പെടുത്തിയ ചില കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റിറ്റുണ്ട്.മുംബയിൽ നിന്ന് 900 കിലോമീറ്റർ അകലെയാണ് ആശുപത്രി.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഐ.സി.യുവിലെ തുടർച്ചയായ ഓക്‌സിജൻ പ്രവാഹം തീപിടിത്തത്തിന് ആക്കം കൂട്ടിയെന്ന് കരുതുന്നു. വാർഡിലാകെ പുക നിറഞ്ഞു. ജീവനക്കാർ അഗ്നിശമനി പ്രയോഗിച്ചെങ്കിലും ഫലിച്ചില്ല. ഫയർ ഫോഴ്സാണ് തീയണച്ചത്.

തൊട്ടടുത്താണ് പ്രസവ വാർഡും ഡയാലിസിസ് വാർഡും. പുക നിറഞ്ഞതോടെ ഇവിടുണ്ടായിരുന്നവരെ മറ്റൊരു വാർഡിലേക്ക് ഉടൻ മാറ്റി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങി നിരവധി പേർ നടുക്കം രേഖപ്പെടുത്തി. നേരത്തെയും ചികിത്സാപ്പിഴവ് സംഭവിച്ച ആശുപത്രിയാണിതെന്ന് സ്ഥലവാസികൾ ആരോപിച്ചു.