കൊച്ചി: നഗരത്തിലെയും ദേശീയപാതയിലെയും ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. രാവിലെ 9.30ന് വൈറ്റിലയിലെ ചടങ്ങ് ആരംഭിച്ചു. പ്രതിസന്ധികളുടെ ഇടയിലും അഭിമാനപദ്ധതികൾ പൂർത്തീകരിക്കുമ്പോൾ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരെ ജനം തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നീതിപീഠത്തിൽ ഉന്നതസ്ഥാനം അലങ്കരിച്ചവരൊക്കെ ഇത്തരം കുത്തിത്തിരിപ്പുകൾക്ക് കുടപിടിച്ചു.പ്രതിസന്ധി ഘട്ടത്തിലോ ആസൂത്രണ ഘട്ടത്തിലോ ഇവരുണ്ടാകില്ല. തൊട്ടടുത്ത് ഒരു പാലത്തിന് ബലക്ഷയമുണ്ടായപ്പോഴും ഇവരുണ്ടായിരുന്നില്ല.
മണിക്കൂറിൽ 130,00 വാഹനങ്ങൾ കടന്നുപോകുന്ന വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകുകയാണ് - മുഖ്യമന്ത്രി പറഞ്ഞു.
11 മണിയോടെ കുണ്ടന്നൂർ ഫ്ലൈഓവറിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. അതിന്റെ ചടങ്ങ് കുണ്ടന്നൂർ ഫ്ളൈ ഓവറിന് സമീപമായിരുന്നു.
രണ്ടു ചടങ്ങുകളിലും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ധനമന്ത്രി ടി.എം. തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു. വൈറ്റിലയിൽ മേയർ അഡ്വ.എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി എന്നിവർക്കു പുറമേ, എം.എൽ.എമാരായ പി.ടി. തോമസ്, എം. സ്വരാജ്, ടി.ജെ. വിനോദ്, എസ്. ശർമ, ജോൺ ഫെർണാണ്ടസ്, മുൻ എം.പി കെ.വി. തോമസ്, കളക്ടർ എസ്. സുഹാസ്, ദേശീയപാത ചീഫ് എൻജിനിയർ എം. അശോക്കുമാർ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് എന്നിവർ പങ്കെടുത്തു.
ഫ്ളൈ ഓവർ യാത്രാ ക്രമീകരണം
ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വൈറ്റില ജംഗ്ഷനിൽ തിരിയാൻ ഫ്ലൈഓവറിൽ കയറാതെ ഇടത് വശത്തെ റോഡുവഴി പോകണം.
ചേർത്തല ഭാഗത്തുനിന്ന് വരുന്നവർക്ക് കുണ്ടന്നൂർ ഫ്ലൈഓവറിന്റെ ഇടത് സർവീസ് റോഡിലൂടെ സിഗ്നലിൽനിന്ന് വലത് തിരിഞ്ഞ് തൃപ്പൂണിത്തുറയിലേക്കും ചോറ്റാനിക്കര ക്ഷേത്രത്തിലേക്കും പോകാം.
ആലുവ ഭാഗത്തുനിന്നു മൊബിലിറ്റി ഹബ്ബ്, തൃപ്പൂണിത്തുറ, ചോറ്റാനിക്കര ക്ഷേത്രം ഭാഗത്തേക്കു പോകാനാണ് ഇടത് സർവീസ് റോഡ്.
ഇടപ്പള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കടവന്ത്ര, എറണാകുളം ഭാഗത്തേക്ക് പോകാൻ ഫ്ലൈഓവറിന്റെ ഇടത് വശത്തെ റോഡിലേക്ക് ഇറങ്ങി റൗണ്ട് എബൗട്ട് കറങ്ങി മറുവശത്തെത്തണം.
പ്രഖ്യാപിക്കുന്നപദ്ധതികൾ പൂർത്തിയാക്കും: പിണറായി
കൊച്ചി:പദ്ധതികൾ പ്രഖ്യാപിക്കുന്നതിനും പൂർത്തിയാക്കുന്നതിനും തുല്യ പ്രധാന്യം നൽകുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് വൈറ്റില ഫ്ളൈ ഓവർ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
2008 ലാണ് ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ ജംഗ്ഷനുകളിൽ ഫ്ളൈ ഓവർ നിർമ്മിക്കാനുള്ള പദ്ധതിരേഖ ദേശീയപാത അതോറിറ്റി സർക്കാരിന് സമർപ്പിക്കുന്നത്. വൻ തുക ചൂണ്ടിക്കാട്ടി കേന്ദ്ര റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് മന്ത്രാലയം പദ്ധതി അംഗീകരിച്ചില്ല. 2014 ൽ ഡി.എം.ആർ.സി പദ്ധതി അംഗീകരിച്ചു. ഫണ്ടിന്റെ അനിശ്ചിത്വം കാരണം നിർമ്മാണം അവരും ഏറ്റെടുത്തില്ല. പിന്നീട് കിഫ്ബി സ്പെഷ്യൽ പർപ്പസ് വെഹിക്കിളായും ഫണ്ടിംഗ് ഏജൻസിയായും 2017ൽ 113 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് 85.90 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചു. 2017 സെപ്തംബറിൽ ടെൻഡർ ക്ഷണിച്ചു. 78.36 കോടിക്ക് കരാർ നൽകി. 2017 ഡിസംബറിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. 440 മീറ്റർ നീളമാണ് പാലത്തിനുള്ളത്. അപ്രോച്ച് റോഡ് ഉൾപ്പെടെ 720 മീറ്റർ. മൂന്നുവരി വീതം ആറുവരിപ്പാതയാണ്.
രണ്ട് പതിറ്റാണ്ടിന്റെ സ്വപ്നം സഫലമായി:മന്ത്രി ഐസക്ക്
കൊച്ചി: വൈറ്റില, കുണ്ടന്നൂർ ഫ്ളൈഓഫറുകൾ ഉദ്ഘാടനം ചെയ്തതോടെ യഥാർത്ഥ്യമായത് രണ്ടു പതിറ്റാണ്ടു കാലത്തെ സ്വപ്നമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഫ്ളൈഓവർ സംസ്ഥാന സർക്കാർ നിർമ്മിക്കുമ്പോൾ പൊതുജനങ്ങൾ ടോൾ നൽകേണ്ടതില്ല. ധനവിഭവ സമാഹരണത്തിന് കിഫ്ബി വലിയ നേട്ടമായെന്ന ബോധവത്കരണത്തിനു കൂടിയുള്ള സന്ദർഭമാണിത്.
60,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് കിഫ്ബി വഴി സംസ്ഥാനത്ത് നടന്നത്. 20,000 കോടി രൂപയുടെ നിർമ്മാണങ്ങൾ പൊതുമരാമത്ത് വകുപ്പ് വഴിയാണ് നടപ്പാക്കിയത്. പശ്ചാത്തല സൗകര്യ വികസനത്തിൽ വൻ കുതിച്ചുചാട്ടത്തിനും നാടിന്റെ മുഖച്ഛായ മാറ്റുന്നതിനുമുള്ള അവസരമാണ് കിഫ്ബി വഴി സാദ്ധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.
അഞ്ച് വർഷത്തിൽ നിർമ്മിച്ചത് 540 പാലങ്ങൾ : ജി.സുധാകരൻ
കൊച്ചി: അഞ്ചുവർഷത്തിനുള്ളിൽ 540 പാലങ്ങളാണ് കേരളത്തിൽ നിർമ്മിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകളുടെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. റോഡുകൾക്കും പാലങ്ങൾക്കും വെവ്വേറെ ചീഫ് എൻജിനീയർമാരെ നിയമിച്ചു. അതിവേഗ നിർമ്മാണം ലക്ഷ്യമിട്ടായിരുന്നു ഇത്.
പാലാരിവട്ടം പാലം അടുത്ത മേയിൽ പൂർത്തീകരിക്കും. ചീഫ് എൻജിനീയർ പൂർത്തീകരണ സർട്ടിഫിക്കറ്റും പാലം പരിശോധിച്ച് കമ്മിഷൻ ചെയ്യാൻ യോഗ്യമാണെന്നു വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റും നൽകാൻ വ്യവസ്ഥ കൊണ്ടുവന്നു. ഈ സർട്ടിഫിക്കറ്റ് ലഭിക്കാതെ 2017ന് ശേഷം ഒരു പാലവും ഉദ്ഘാടനം ചെയ്തിട്ടില്ല.
വൈറ്റില മേൽപ്പാലത്തിന് ജനുവരി 5നാണ് പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചത്. ജനുവരി 8ന് ദേശീയപാത അതോറിറ്റിയുടെ യോഗ്യതാ സർട്ടിഫിക്കറ്റ് ലഭിച്ചു. 25 ലക്ഷം രൂപ മുടക്കി ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദ്ധരെക്കൊണ്ട് രണ്ട് തവണയും ഡിസംബർ 27 മുതൽ 29 വരെ 126.4 ടൺ ഭാരം കയറ്റി പരിശോധനയും നടത്തി. യോഗ്യതയ്ക്കാവശ്യമായ 85 ശതമാനത്തിനു പകരം 100 ശതമാനം മാർക്കാണ് ഫ്ളൈഓവറിന് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.