കോഴിക്കോട്: സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കരകൗശല വസ്തുക്കളുടെ കോഴിക്കോട്ടെ പ്രധാന വിപണന കേന്ദ്രമായിരുന്നു സി.എസ്.ഐ ഹാൾ. 'മേളയുടെ ഹാൾ' എന്ന് കോഴിക്കോട്ടുകാർ തമാശയിൽ കാര്യംകലർത്തി വിളിക്കുന്ന ഇവിടം വിപണന മേളകൾ ഒഴിഞ്ഞ നാളുകളുണ്ടായിരുന്നില്ല. രാജസ്ഥാൻ മേള, ഗുജറാത്തി മേള, സാരി മേള, തുകൽ ഉത്പ്പന്നങ്ങളുടെ മേള.. അച്ചാർ മേള, ഭക്ഷ്യോത്പ്പന്ന മേള... അങ്ങനെ നീളും മേളകളുടെ പൂര കാഴ്ചകൾ. കൊവിഡിന്റെ അടച്ചുപൂട്ടലിൽ താഴുവീണ ഈ മേള നഗരി ഒരു വർഷത്തിനുശേഷം വീണ്ടും സജീവമാവുകയാണ് രാജസ്ഥാൻ മേളയൊരുക്കി. രാജസ്ഥാൻ കലാകാരന്മാരുടെ കൂട്ടായ്മയിൽ ഒരുക്കിയ മേളയിൽ എൺപതിൽപരം മോഡലുകളോടെ കല്ലുകളിലും മുത്തുകളിലുമുള്ള ആഭരണങ്ങൾ, രാജസ്ഥാനിൽ നിന്നുള്ള സങ്കനേരി സാരികൾ, ബ്ലാക്ക് മെറ്റൽ, വൈറ്റ് മെറ്റൽ, മീന വർക്ക്, അന്റിക് ആഭരണങ്ങൾ, പെയിന്റിംഗുകൾ, ശാന്തിനികേതൻ ബാഗുകൾ എന്നിവയെല്ലാം നിരന്നിട്ടുണ്ട്. രാജസ്ഥാന് പുറമെ പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിലെ കരകൗശല വസ്ത്രങ്ങളും മേളയിലുണ്ട്. കാന്ദാ വർക്ക് വസ്ത്രങ്ങൾ, ബനാറസ് സാരികൾ, ദോപിയൻ ബാലുച്ചെരി ബൊട്ടിക് സാരികൾ എന്നിവയ്ക്കെല്ലാം ആവശ്യക്കാർ ഏറെയാണ്. രാവിലെ 10 മുതൽ രാത്രി 9 വരെ നടക്കുന്ന മേള ഈ മാസം 18ന് സമാപിക്കും.