വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വൈറ്റ്ഹൗസ് സംഘത്തിൽ മൂന്ന് ഇന്ത്യൻ വംശജർ കൂടി. തരുൺ ചബ്ര, സുമോന ഗുഹ, മുൻ മാദ്ധ്യമ പ്രവർത്തക ശാന്തി കളത്തിൽ എന്നിവരെയാണ് ഉന്നത പദവികളിലേക്ക് നിയമിച്ചത്. സുമോന ഗുഹക്ക് സൗത്ത് ഏഷ്യ സീനിയർ ഡയറക്ടർ, തരുൺ ചബ്രക്ക് ടെക്നോളജി ആൻഡ് നാഷണൽ സെക്യൂരിറ്റി സീനിയർ ഡയറക്ടർ, ശാന്തി കളത്തിൽ ഡെമോക്രസി-ഹ്യൂമൻ റൈറ്റ്സ് കോർഡിനേറ്റർ എന്നീ പദവികളാണ് നൽകിയത്. മൂവരും നിരവധി ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ബൈഡന്റേയും കമലയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സൗത്ത് ഏഷ്യ വിദേശനയ ഗ്രൂപ്പിന്റെ സഹമേധാവിയായിരുന്നു ഗുഹ. ആൽബ്രൈറ്റ് സ്റ്റോൺബ്രിഡ്ജ് ഗ്രൂപ്പിലെ സീനിയർ വൈസ് പ്രസിഡന്റാണ്. ജോൺസ് ഹോപ്കിൻസ്, ജോർജ് ടൗൺ സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ജോർജ് ടൗൺ സർവകലാശാലയിലെ സെന്റർ ഫോർ സെക്യൂരിറ്റി ആൻഡ് എമർജിംഗ് ടെക്നോളജിയിലെ സീനിയർ ഫെലോ ആണ് തരുൺ. നിലവിൽ ഇന്റർനാഷണൽ ഫോറം ഫോർ ഡെമോക്രാറ്റിക് സ്റ്റഡീസ് സീനിയർ ഡയറക്ടറാണ് ശാന്തി. കാലിഫോർണിയ സർവകലാശാല, ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ് എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടി. ശാന്തി കളത്തിലും ടൈലർ സി.ബോസും ചേർന്നാണ് ഒാപ്പൺ നെറ്റ് വർക്സ്: ദ് ഇംപാക്റ്റ് ഒഫ് ദ ഇന്റർനെറ്റ് ഒാൺ അതോറിറ്റോറിയൻ റൂൾ എന്ന പുസ്തകം എഴുതിയത്.