സിഡ്നി : ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിൽ വലിയ വിള്ളൽ സൃഷ്ടിച്ചിരുന്ന കുപ്രസിദ്ധമായ ‘മങ്കിഗേറ്റ്’ വിവാദം നടന്ന അതേവേദിയിൽ 13 വർഷത്തിന് ശേഷമാണ് ഇന്ത്യൻ താരങ്ങൾക്കെതിരെ വംശീയ ആക്ഷേപം ഉയർന്നിരിക്കുന്നത്.
2008 ജനുവരി 2 മുതൽ 6 വരെ സിഡ്നിയിൽ നടന്ന ടെസ്റ്റിനിടെ ആസ്‌ട്രേലിയയുടെ ആൻഡ്രൂ സൈമണ്ട്‌സിനെ ഇന്ത്യൻ സ്‌പിന്നർ ഹർഭജൻ സിംഗ് 'കുരങ്ങൻ' എന്ന് അധിക്ഷേപിച്ചുവെന്ന സൈമണ്ട്‌സിന്റെ പരാതിയാണ് 'മങ്കിഗേറ്റ് ' വിവാദമായി അറിയപ്പെടുന്നത്. മങ്കി എന്ന് ഹർഭജൻ വിളിച്ചത് താൻ കേട്ടെന്ന പരാതിയിൽ സൈമണ്ട്സ് ഉറച്ചുനിന്നപ്പോൾ വംശീയ അധിക്ഷേപ ആരോപണത്തിൽനിന്നു ഹർഭജനെ രക്ഷപെടുത്തിയത് സച്ചിൻ ടെൻഡുൽക്കറിന്റെ മൊഴിയാണ്.
‘മാ കി....’(മാതാവിനെ ചേർത്തുള്ള ഹിന്ദിയിലെ തെറിവാക്ക്) എന്നാണ് ഹർഭജൻ പറഞ്ഞതെന്ന് സച്ചിൻ മൊഴി നൽകി. ‘മങ്കി’ (കുരങ്ങ്) എന്ന് ആസ്‌ട്രേലിയൻ താരങ്ങൾ തെറ്റിദ്ധരിച്ചാതാവാമെന്ന നിഗമനത്തോട് ഒടുവിൽ സൈമണ്ട്‌സിനും യോജിക്കേണ്ടി വന്നു. എന്നാൽ, 2011ൽ മുംബൈ ഇന്ത്യൻസിനായി ഐപിഎല്ലിൽ ഒന്നിച്ചു കളിക്കുന്നതിനിടെ ഹർഭജൻ തന്നോടു മാപ്പുപറഞ്ഞെന്നും പൊട്ടിക്കരഞ്ഞെന്നും സൈമണ്ട്സ് വെളിപ്പെടുത്തിയിരുന്നു.
2007ൽ വഡോദരയിൽ ഇന്ത്യ–ഓസീസ് ഏകദിന മൽസരം നടക്കുമ്പോൾ കാണികളും സൈമണ്ട്സിനെ കുരുങ്ങനെന്ന് വിളിച്ച് കളിയാക്കിയിരുന്നു. എന്നാൽ കാണികളിൽ നിന്നു വംശീയാധിക്ഷേപത്തിന്റെ ചുവയുള്ള ഒന്നുമുണ്ടായില്ലെന്നും ‘'ഗണപതിപപ്പാ മോറിയ" എന്നു ഗാലറിയിൽ നിന്നു കേട്ടതു സൈമണ്ട്‌സ് തെറ്റിദ്ധരിച്ചതാണെന്നുമാണ് അന്ന് അന്വേഷണം നടത്തിയ പൊലീസ് വിശദീകരിച്ചത്.