oomman-chandy

തിരുവനന്തപുരം: ഇന്ന് ഉദ്ഘാടനം നടന്ന വൈ‌റ്റില, കുണ്ടന്നൂർ ഫ്‌ളൈഓവറുകൾക്ക് ഡിപിആർ തയ്യാറാക്കി ഭരണാനുമതി നൽകിയത് യു.ഡി.എഫ് സർക്കാരാണെന്ന് ഓർമ്മിപ്പിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഫേസ്‌ബുക്കിലിട്ട കുറിപ്പിലാണ് ഉമ്മൻചാണ്ടി ഇങ്ങനെ അഭിപ്രായപ്പെട്ടത്. അതിവേഗം വളരുന്ന എറണാകുളത്തെ ഇടപ്പള‌ളി, കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിൽ മേൽപ്പാലം നിർമ്മിക്കാൻ 2013 ജൂൺ 14ന് ഉത്തരവിറക്കിയിരുന്നതായും യു.ഡി.എഫ് സർക്കാർ ആഴ്‌ചയിൽ ഒരു പാലം എന്ന കണക്കിന് തീർത്തപ്പോൾ ഇടത് സർക്കാർ അഞ്ച് വർഷംകൊണ്ട് ഒരു പാലം എന്ന നയമാണ് സ്വീകരിച്ചതെന്നും ഉമ്മൻചാണ്ടി പോസ്‌റ്റിൽ പറയുന്നു.

ഉമ്മൻചാണ്ടിയുടെ പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:

അഞ്ചു വർഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങൾ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകൾ ഭരണം തീരാറായപ്പോൾ, വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോൾ അതിശയം തോന്നി. യുഡിഎഫ് സർക്കാർ ഡിപിആർ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത വൈറ്റില, കുണ്ടന്നൂർ ഫ്‌ളൈഓവറുകൾ അഞ്ചു വർഷമെടുത്താണ് ഇടതുസർക്കാർ പൂർത്തിയാക്കിയതെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു.

അതിവേഗം വളരുന്ന കൊച്ചിയിൽ മെട്രോ ട്രെയിൻ കൂടി തുടങ്ങിയപ്പോൾ, സുഗമമായ ഗതാഗതത്തിനാണ് എറണാകുളത്ത് ഇടപ്പള്ളി, അരൂർ ദേശീയപാത ബൈപാസിൽ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഫ്‌ളൈഓവർ നിർമിക്കുന്നതു ഉൾപ്പെടെയുള്ള ഉത്തരവ് (സ.ഉ. കൈ. നംഃ 51/2013/ പൊ.മ.വ) ജൂൺ 14നു പുറപ്പെടുവിച്ചത്. ടോൾ പിരിവ് ഇല്ലാതെ നിർമിക്കുന്നതിനും തീരുമാനിച്ചു.
ഇതിൽ ഇടപ്പള്ളിയും പാലാരിവട്ടവും യുഡിഎഫിന്റെ കാലത്തു തന്നെ ഏതാണ്ട് പൂർത്തിയാക്കി യഥാക്രമം 2016 സെ്ര്രപംബറിലും ഒക്‌ടോബറിലും തുറന്നു. പാലാരിവട്ടം മേൽപ്പാലത്തിന്റെ 70 ശതമാനം യുഡിഎഫും 30 ശതമാനം ഇടതുസർക്കാരുമാണ് പൂർത്തിയാക്കിയത്.
വൈറ്റില, കുണ്ടന്നൂർ ഫ്‌ളൈഓവറുകൾക്ക് ഡിപിആർ തയാറാക്കി സ്‌പെഷൻ പർപസ് വെഹിക്കിൾ രൂപീകരിച്ചു. കേരള റോഡ് ഫണ്ട് ബോർഡിൽ നിന്ന് പ്രാഥമിക ചെലവുകൾക്കുള്ള തുക അനുവദിച്ചു. അപ്പോഴേക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്തി.
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം പാലങ്ങൾ നിർമിച്ചത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണ്. വർഷങ്ങളോളമായി മുടങ്ങിക്കിടക്കുന്നത് ഉൾപ്പെടെ 245 പാലങ്ങൾ ഈ കാലയളവിൽ പൂർത്തിയാക്കി. യുഡിഎഫ് സർക്കാർ തുടങ്ങിയതല്ലാത്ത ഒരു ഫ്‌ളൈഓവറോ പാലമോ ഇടതുസർക്കാർ ചെയ്തിട്ടില്ല.
യുഡിഎഫ് സർക്കാർ ആഴ്ചയിൽ ഒരു പാലം എന്ന നിരക്കിൽ പാലങ്ങൾ തീർത്തപ്പോൾ, ഇടതുസർക്കാർ അഞ്ചു വർഷംകൊണ്ടൊരു പാലം എന്ന നയമാണ് സ്വീകരിച്ചത്.

അഞ്ചു വര്‍ഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകള്‍ ഭരണം...

Posted by Oommen Chandy on Saturday, 9 January 2021