സിഡ്നി : കഷ്ടകാലം വരുമ്പോൾ കൂടോടെയെന്ന് പറഞ്ഞത് ഇന്നലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ശരിയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ആസ്ട്രേലിയൻ സ്കോറിന് 94 റൺസ് പിറകിൽ ആൾഔട്ടായ ഇന്ത്യയ്ക്ക് ബാറ്റിംഗിനിടെ റിഷഭ് പന്തിനും രവീന്ദ്ര ജഡേജയ്ക്കും സംഭവിച്ച പരിക്ക് വലിയ ആഘാതമായി. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആസ്ട്രേലിയ കാലുറപ്പിച്ച് ലീഡ് 197 റൺസിലേക്ക് എത്തിച്ചതിന്റെ നിരാശയിലേക്കാണ് ഗാലറിയിൽ നിന്ന് കൂരമ്പുപോലെ തെറിവിളി ഉയർന്നത്.
ആസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 338നെതിരെ 96/2 എന്ന നിലയിൽ മൂന്നാം ദിനമായ ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ ഇന്ത്യ 244ൽ ആൾഔട്ടാവുകയായിരുന്നു. തീർത്തും പ്രതിരോധത്തിലേക്ക് നീങ്ങിയ ചേതേശ്വർ പുജാരയുടെ (50) അർദ്ധസെഞ്ച്വറിയും രഹാനെ(22), റിഷഭ് പന്ത് (36),രവീന്ദ്ര ജഡേജ (28) എന്നിവരുടെ പൊരുതലുമാണ് ഇന്ത്യയെ 244ലെത്തിച്ചത്.കഴിഞ്ഞ ദിവസം ശുഭ്മാൻ ഗിൽ (50) അർദ്ധസെഞ്ച്വറിയും രോഹിത് ശർമ്മ 26 റൺസുമെടുത്ത് പുറത്തായിരുന്നു. ലീഡ് നേടി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കംഗാരുക്കൾ മൂന്നാം ദിനം കളി നിറുത്തുമ്പോൾ 103/2 എന്ന നിലയിലാണ്.ആസ്ട്രേലിയയുടെ ലീഡ് 197 റൺസായി ഉയർന്നിട്ടുണ്ട്.
പരിക്കേറ്റ പോരാട്ടം
ഇന്നലെ രാവിലെ രഹാനെയും പുജാരയും ചേർന്ന് ചെറുത്തുനിൽപ്പു തുടങ്ങിയിരുന്നു.എന്നാൽ ടീം സ്കോർ 117ലെത്തിയപ്പോൾ രഹാനെ പുറത്തായി.70 പന്തുകൾ നേരിട്ട് ഓരോ ഫോറും സിക്സുമടക്കം 22 റൺസ് നേടിയ ഇന്ത്യൻ നായകനെ കമ്മിൻസ് ക്ളീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്നിറങ്ങിയ ഹനുമ വിഹാരി (4) റൺഔട്ടായത് മറ്റൊരു ആഘാതമായി മാറാതെ റിഷഭ് പന്ത് സ്കോർ ഉയർത്താൻ ശ്രമിച്ചു. പുജാരയുടെയും വിഹാരിയുടെയും പ്രതിരോധം ഇഴച്ചുകളഞ്ഞ ഇന്നിംഗ്സിന് അൽപ്പമെങ്കിലും ജീവൻ വച്ചത് റിഷഭ് വന്നപ്പോഴാണ്. ഓസീസിന് വേണ്ടി കമ്മിൻസ് നാലുവിക്കറ്റും ഹേസൽവുഡ് രണ്ട് വിക്കറ്റും നേടി. മൂന്ന് ഇന്ത്യൻ ബാറ്റ്സ്മാന്മാർ റൺഔട്ടായി.
എന്നാൽ കമ്മിൻസിന്റെ പന്ത് തോളിൽകൊണ്ട് റിഷഭിന് പരിക്കേറ്റത് തിരിച്ചടിയായി. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ബാറ്റിംഗ് തുടർന്നെങ്കിലും 36 റൺസെടുത്ത് പന്ത് ബാറ്റിംഗ് തുടർന്നു.67 പന്തുകളിൽ നാലുഫോറടിച്ച റിഷഭിനെ ഔട്ടായശേഷം ആശുപത്രിയിലെത്തിച്ച് സ്കാൻ ചെയ്തപ്പോൾ ഗുരുതര പരിക്കില്ലെന്ന് വ്യക്തമായി. ഓസീസിന്റെ രണ്ടാം ഇന്നിംഗ്സിൽ സാഹയാണ് വിക്കറ്റ് കീപ്പറായത്. രണ്ടാം ഇന്നിംഗ്സിൽ റിഷഭിന് ബാറ്റുചെയ്യാനാകും.
റിഷഭ് പുറത്തായ അതേ സ്കോറിൽ പുജാരയും മടങ്ങിയതോടെയാണ് ഇന്ത്യ ബാക്ക് ഫുട്ടിലാകാൻ തുടങ്ങിയത്. 176 പന്തുകൾ നേരിട്ട പുജാര അഞ്ചുബൗണ്ടറികൾ പായിച്ചിരുന്നു.കമ്മിൻസിന്റെ പന്തിൽ പെയ്നിന് കീപ്പർ ക്യാച്ച് നൽകിയാണ് പുജാര പുറത്തായത്. തുടർന്ന് ജഡേജ ഒരറ്റത്ത് പോരാട്ടം തുടരവേ അശ്വിൻ(10),സെയ്നി(3),ബുംറ(0),സിറാജ് (6) എന്നിവർ പുറത്തായതോടെ ഇന്ത്യൻ ഇന്നിംഗ്സിന് തിരശീല വീണു. മിച്ചൽ സ്റ്റാർക്കിന്റെ പന്ത് വിരലിൽ കൊണ്ടാണ് ജഡേജയ്ക്ക് പരിക്കേറ്റത്. പ്രാഥമികശുശ്രൂഷയ്ക്ക് ശേഷം ബാറ്റിംഗ് തുടർന്ന ജഡേജയും നേരേ ആശുപത്രിയിലേക്കാണ് പോയത്. പരിക്ക് നിസാരമല്ല എന്നാണ് അറിയുന്നത്. ആദ്യ ഇന്നിംഗ്സിൽ നാലുവിക്കറ്റ് വീഴ്ത്തുകയും സ്മിത്തിനെ റൺഔട്ടാക്കുകയും ചെയ്ത ജഡേജയ്ക്ക് കളിക്കാൻ കഴിയാതിരുന്നാൽ ഇന്ത്യയ്ക്ക് വലിയ നഷ്ടമാകും.
സമനിലയെങ്കിലും ..
രണ്ടാം ഇന്നിംഗ്സിൽ വാർണർ(13), പുക്കോവ്സ്കി (10) എന്നിവരെയാണ് ഇന്ത്യ വീഴ്ത്തിയത്. എന്നാൽ ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ സ്മിത്തും (29) അർദ്ധസെഞ്ച്വറി നേടിയ ലബുഷാനെയും (47) ക്രീസിൽ കാലുറപ്പിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. നാലാം ദിനമായ ഇന്ന് പരമാവധി റൺസ് നേടി ഡിക്ളയർ ചെയ്ത ശേഷം ഇന്ത്യയെ ബാറ്റിംഗിനിറക്കി ആൾഔട്ടാക്കുകയാണ് ഓസീസിന്റെ ലക്ഷ്യം.അവർ വിജയ സാദ്ധ്യത കണക്കുകൂട്ടുന്നുണ്ട്. പ്രതികൂലമായ സാഹചര്യത്തിൽ പരമാവധി പ്രതിരോധിച്ച് രണ്ടാം ഇന്നിംഗ്സിൽ ആൾഔട്ടാവാതെ സമനില പിടിക്കുകയാണ് ഇന്ത്യയുടെ മുന്നിലുള്ള ഏറ്റവും അടുത്ത ലക്ഷ്യം .