plane-crash

ജക്കാർത്ത: ഇന്തൊനേഷ്യയിൽ 50 യാത്രക്കാരും 12 ജീവനക്കാരുമായി പുറപ്പെട്ട വിമാനം കാണാതായെന്ന് റിപ്പോർട്ട്. ശ്രീവിജയ എയറിന്റെ എസ്.ജെ - 182 എന്ന ബോയിംഗ് 737- 500 ക്ലാസിക് വിമാനമാണ് കാണാതായത്. യാത്രക്കാരിൽ അഞ്ച് കുട്ടികളും ഒരു നവജാത ശിശുവും ഉൾപ്പെടും.വെസ്റ്റ് കലിമന്താൻ പ്രവിശ്യയിലേക്കു പോകുകയായിരുന്ന വിമാനം രാജ്യതലസ്ഥാനമായ ജക്കാർത്തയിൽ നിന്നു പുറപ്പെട്ട് ഏതാനും മിനിട്ടുകൾക്കുള്ളിലാണ് കാണാതായതെന്നാണ് വിവരം. സോക്കർനോ ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്നലെ ഉച്ചയോടെയാണ് വിമാനം പുറപ്പെട്ടത്. പുറപ്പെട്ട് നാല് മിനിറ്റിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. ജക്കാർത്തയിലെ വടക്കൻ തീരത്തുവച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായതെന്നാണ് റിപ്പോർട്ടുകൾ. വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് അധികൃതരും സ്ഥിരീകരിച്ചു. ഉച്ചകഴിഞ്ഞ് 2:40 നാണ് അവസാനമായി വിമാനവുമായി ബന്ധപ്പെട്ടത്. അതേസമയം വിമാനം ലങ്കാംഗ് ദ്വീപിൽ തകർന്ന് വീണതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

10,000ലേറെ അടി ഉയരത്തിൽ വച്ചാണ് ബോയിംഗ് 737–500 കാണാതായതെന്നു ഫ്ലൈറ്റ്റഡാർ24 ട്വിറ്ററിൽ അറിയിച്ചു. 27 വർഷം പഴക്കമുള്ള വിമാനമാണിത്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നു ശ്രീവിജയ എയർ അറിയിച്ചു. ഇന്തൊനേഷ്യ തെരച്ചിൽ നടപടികളും അനുബന്ധ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കാണാതായ വിമാനത്തിനായി അധികൃതർ തിരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.