തിരുവനന്തപുരം: പൗരൻമാരിൽ ബഹൂഭൂരിപക്ഷത്തിന്റെയും പ്രശ്നങ്ങളിൽ താത്പര്യമില്ലാതെ സർക്കാർ ജീവനക്കാരെ മാത്രം സംരക്ഷിക്കാനുള്ള വ്യഗ്രതയോടെ ഡി.ജി.പി പുതിയ ഉത്തരവ് ഇറക്കി. ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർക്ക് സംരക്ഷണം നൽകുന്ന ഉത്തരവാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇറക്കിയിരിക്കുന്നത്. സർക്കാർ ജീവനക്കാർ ക്രിമിനൽ കേസിൽ ഉൾപ്പെട്ടാൽ അവർക്കെതിരെ തിടുക്കപ്പെട്ട് കേസ് എടുക്കേണ്ടെന്നാണ് ഡി.ജി.പിയുടെ ഉത്തരവ്. ഇത്തരത്തിലുള്ള പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണവും വിശദമായ അന്വേഷണവും നടത്തിയ ശേഷം മതി കേസ് എടുക്കുന്നതെന്നും ഡി.ജി.പി ജില്ലാപൊലീസ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാക്കും അയച്ച സർക്കുലറിൽ നിർദ്ദേശിച്ചു. സർക്കാർ ജീവനക്കാരുടെ കേസുകൾക്കായി സാധാരണ പൗരന്മാരെ അപേക്ഷിച്ച് പ്രത്യേക വ്യവസ്ഥകൾ രൂപീകരിക്കുന്നതിനെ കുറിച്ചും സർക്കുലറിൽ പറയുന്നുണ്ട്.
ആരോപണങ്ങളുടെ പേരിൽ മാത്രം സർക്കാർ ജീവനക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുത്. സാധാരണ സർക്കാർ ജീവനക്കാർക്കെതിരെ പരാതി ലഭിച്ചാൽ വേഗത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്ന രീതിയാണുള്ളത്. സർക്കാർ ജീവനക്കാർ ആയതിനാൽ തന്നെ വസ്തുതാപരമല്ലാത്തതും വ്യക്തതയില്ലാത്തതും മനഃപൂർവം അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ദുരാരോപണങ്ങൾ ഉയരാനുള്ള സാദ്ധ്യതയേറെയാണ്. ഈ വശങ്ങളെല്ലാം പരിശോധിച്ച ശേഷമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാവൂ. ആരോപണം ഉണ്ടാവുകയാണെങ്കിൽ ആരോപണവിധേയന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകണം. പുകമറ സൃഷ്ടിക്കുന്ന തരത്തിലുള്ള ആരോപണങ്ങൾ സർക്കാർ ജീവനക്കാരുടെ കരിയറിനെയും യശ്ശസിനെയും പ്രതികൂലമായി ബാധിക്കുമെന്നും അത് ജീവനക്കാർക്ക് ഭരണപരമായ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും ഡി.ജി.പി ഓർമ്മിപ്പിച്ചു.
സർക്കാർ ജീവനക്കാർ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിന്റെ ഭാഗമായി മനഃപൂർവമല്ലാതെയോ വ്യക്തിതാൽപര്യങ്ങളില്ലാതെയോ പ്രവർത്തിച്ചേക്കാം. എന്നാൽ, ഇത് മറ്റുചില വ്യക്തികളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും സർക്കുലറിൽ പറയുന്നു.
അതേസമയം, ഡി.ജി.പിയുടെ സർക്കുലർ നിലവിലെ നിയമങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതാണെന്നും നിയമവൃത്തങ്ങൾ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളിലും വൈവാഹികപരമായ കേസുകളിലും പ്രാഥമിക അന്വേഷണം നടത്തണമെന്ന് ലളിതകുമാരി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സർക്കാർ ജീവനക്കാർക്ക് മാത്രമല്ല, എല്ലാ പൗരന്മാർക്കും ബാധകമാണ്. സർക്കാർ ജീവനക്കാർക്ക് സംരക്ഷണം ഉള്ളത് പ്രോസിക്യൂഷൻ ഘട്ടത്തിൽ മാത്രമാണ്. അല്ലാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമ്പോൾ സംരക്ഷണം ലഭിക്കില്ലെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്.