vaccine

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ആരംഭിക്കുക ഈ മാസം പതിനാറാം തീയതി മുതലെന്നറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്റർ വഴിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക മൂന്ന് കോടിയോളം വരുന്ന രാജ്യത്തെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉൾപ്പെടുന്ന മുൻനിര പ്രവർത്തകർക്കുമാണെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്.

On 16th January, India takes a landmark step forward in fighting COVID-19. Starting that day, India’s nation-wide vaccination drive begins. Priority will be given to our brave doctors, healthcare workers, frontline workers including Safai Karamcharis. https://t.co/P5Arw64wVt

— Narendra Modi (@narendramodi) January 9, 2021

അതേസമയം, ഇവർക്ക് വാക്സിൻ സൗജന്യമായാണ് നൽകുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ അറിയിച്ചു. വാക്സിൻ വിതരണാരംഭത്തെ ചരിത്രപരമായ ചുവടുവയ്പ്പ് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത്.

വാക്സിനേഷന്റെ ആദ്യ ഘട്ടത്തിൽ രാജ്യത്തെ 30 കോടി പേർക്കാണ് വാക്സിൻ നൽകുക. ആദ്യഘട്ടത്തിൽ 50 വയസിന് മുകളിൽ ഉള്ളവർക്കും ശേഷം 50 വയസിൽ താഴെയുള്ള അസുഖബാധിതർക്കും വാക്സിൻ ലഭിക്കും.

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനും വാക്സിൻ വിതരണം സംബന്ധിച്ച കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനായും കൂടിയ ഉന്നതതല യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വാക്സിനേഷൻ യജ്ഞത്തെ സഹായിക്കാൻ കേന്ദ്ര സർക്കാരിന്റെ കോവിൻ(coWIN) ആപ്പ് ഉപയോഗപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചിരുന്നു.