വാഷിംഗ്ടൺ: സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. അതൊരു നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. താനും ട്രംപുമായി ചുരുക്കം ചില കാര്യങ്ങളിലേ ഐക്യമുള്ളൂ എന്നും അതിലൊന്നാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുളള അദ്ദേഹത്തിന്റെ തീരുമാനമെന്നും ബൈഡൻ പറയുന്നു.
ട്രംപ് രാജ്യത്തിന് ഒരു നാണക്കേടാണെന്ന് പറഞ്ഞ ബൈഡൻ അദ്ദേഹം രാജ്യത്തെ സേവിക്കാൻ യോഗ്യനല്ലെന്നും അഭിപ്രായപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് അദ്ദേഹം.' -ബൈഡൻ പറയുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. അതേസമയം, കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് ട്രംപിനെ അടുത്ത ആഴ്ച കുറ്റവിചാരണ ചെയ്യാനുളള സാധ്യതയുണ്ടെന്നാണ് വിവരം.