സിഡ്നി : ഇന്ത്യൻ നിരയിലെ മൂന്ന് താരങ്ങളാണ് ഇന്നലെ ഒറ്റ ദിവസം റൺഔട്ടായത്. 2008–09 സീസണിൽ ഇംഗ്ലണ്ടിനെതിരായ മെഹാലി ടെസ്റ്റിലായിരുന്നു ഇതിനുമുമ്പ് മൂന്നുപേർ റൺഔട്ടായത്. ടെസ്റ്റിൽ ഒരേ ഇന്നിംഗ്സിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ റൺഔട്ടാകുന്നത് ഏഴാം തവണയാണ്. ഒന്നാം ഇന്നിംഗ്സിൽ ആദ്യവും.
ഹനുമ വിഹാരിയാണ് റൺഔട്ടായ ആദ്യ ബാറ്റ്സ്മാൻ. ജോഷ് ഹെയ്‍സൽവുഡിന്റെ ഉജ്വല ഫീൽഡിങ്ങിലാണ് റൺഔട്ടായത്. രവിചന്ദ്രൻ അശ്വിനാണ് രണ്ടാമത് റൺഔട്ടായത്. ജഡേജയുടെ സിംഗിളിനായുള്ള വിളി കേട്ട് ഓടിയ അശ്വിൻ ക്രീസിലെത്തും മുൻപ് കമ്മിൻസിന്റെ ത്രോ പിടിച്ചെടുത്ത് മാർനസ് ലബുഷാനെ സ്റ്റമ്പിളക്കി.
മൂന്നാമനായി ജസ്പ്രീത് ബുംറ റൺഔട്ടായി. ഇത്തവണയും മറുവശത്ത് ഉണ്ടായിരുന്നത് രവീന്ദ്ര ജഡേജ തന്നെ. ലബുഷാനെയുടെ ഡയറക്ട് ത്രോയാണ് സ്റ്റംപ് തെറിപ്പിച്ചത്.
ഇതിന് മുമ്പ് ഒരു ഇന്നിംഗ്സിൽ മൂന്ന് താരങ്ങൾ റൺഔട്ടായ ആറു തവണയും ഇന്ത്യയ്ക്ക് ജയിക്കാനായിട്ടില്ല.