kemal-pasha

കൊച്ചി: യു.ഡി.എഫ് ക്ഷണിക്കുകയാണെകിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കാര്യം താൻ പരിഗണിക്കുമെന്ന് ഇന്ന് മുൻ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കെമാൽ പാഷ അറിയിച്ചിരുന്നു. ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്നും ക്ഷണം ഉണ്ടായില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്നും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

എറണാകുളം പരിസരത്തോ തൃക്കാക്കരയിലോ സമീപ പ്രദേശങ്ങളിലോ മത്സരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എംഎൽഎ ആയിക്കഴിഞ്ഞാൽ തനിക്ക് ശമ്പളം നൽകേണ്ടതില്ലെന്നും അഴിമതി നടത്താൻ ആരെയും അനുവദിക്കില്ലെന്നും കെമാൽ പാഷ പറഞ്ഞിരുന്നു. എൽഡിഎഫിനോടും ബിജെപിയോടും തനിക്ക് താത്പര്യമില്ലെന്നും ഇന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ പ്രസ്താവനയിലൂടെ താൻ മുൻപ് കൈകൊണ്ട നിലപാടിൽ നിന്നും പുറകോട്ട് പോകുകയാണ് മുൻ ഹൈക്കോടതി ജഡ്‌ജി ചെയ്തിരിക്കുന്നത്. തനിക്ക് രാഷ്ട്രീയക്കാരുടെ കുപ്പായം ഒരിക്കലും ചേരില്ലെന്നും താൻ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെടുകയാണെങ്കിൽ തനിക്ക് അവരോടു വിയോജിക്കാൻ കഴിയാതെ വരും എന്നതുകൊണ്ട് ഈ തീരുമാനമെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.

'കൗമുദി ടിവി'യുടെ 'സ്ട്രെയിറ്റ്ലൈൻ' അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'എനിക്കീ രാഷ്ട്രീയക്കാരുടെ കുപ്പായം ഒരിക്കലും ചേർത്തില്ല. അത് ഫിറ്റല്ല എനിക്ക്. ഞാൻ ഇപ്പോൾ ഒരു രാഷ്ട്രീയപാർട്ടിയുമായി ബന്ധപ്പെട്ടെന്നിരിക്കട്ടെ. നാളെ അവർക്കതിരെ ഒരു അഭിപ്രായം വന്നാൽ ഞാൻ അത് വിളിച്ചുപറയും. അതവർക്ക് സഹിക്കുകേല. ഒരു പാർട്ടിസാൻ ആറ്റിട്യൂഡ് എടുക്കാൻ പറ്റാത്തിടത്തോളം എനിക്കത് സാധിക്കില്ല.'-കെമാൽ പാഷയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

വൈറ്റില മേല്‍പ്പാലവുമായി ബന്ധപ്പെട്ട് കെമാൽ പാഷ നടത്തിയ പരാമര്‍ശവും അടുത്തിടെ വിവാദമായിരുന്നു. ആരുടെയും തറവാട്ടില്‍ തേങ്ങാവെട്ടിയല്ല പാലം ഉണ്ടാക്കിയതെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നുമായിരുന്നു കെമാല്‍ പാഷയുടെ പ്രസ്താവന. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. നീതിപീഠത്തിൽ ഉന്നതസ്ഥാനം വഹിച്ചവർ അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കരുതെന്നും അതിനോട് സഹതപിക്കാനേ നിർവാഹമുള്ളൂ എന്നാണ് മുഖ്യമന്ത്രി തിരിച്ചടിച്ചത്.