വാഷിംഗ്ടൺ: ട്വിറ്ററിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിർമ്മിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റുമാർ ഉപയോഗിക്കുന്ന @POUS എന്ന താത്കാലിക അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ട്വിറ്ററിന്റെ നടപടിക്കെതിരെ നിശബ്ദരാക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് ട്രംപിന്റെ പ്രതികരണം.
ഒമ്പത് കോടിയ്ക്കടുത്ത് ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ട്രംപിന്റെ പേർസണൽ ട്വിറ്റർ അക്കൗണ്ടിനാണ് വിലക്കേർപ്പെടുത്തിയത്. കാപിറ്റോൾ ആക്രമണത്തിന് പിന്നാലെ പൊതു സമാധാനത്തെ ബാധിക്കുന്ന നിലയിലുള്ളതാണ് ട്രംപിന്റെ ട്വീറ്റുകളും വീഡിയോകളുമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ നടപടി.
24 മണിക്കൂറാണ് ആദ്യം ട്വിറ്റർ ട്രംപിന്റെ അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഭാവിയിലും ട്രംപ് പ്രകോപനമുണ്ടാക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കാണിച്ച് പിന്നീട് സ്ഥിരമായി
അക്കൗണ്ട് നീക്കം ചെയ്യുകയായിരുന്നു.
നേരത്തെ ഫേസ്‌ബുക്കും ഇതേകാരണം ചൂണ്ടിക്കാട്ടി ട്രംപിന്റെ അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.പ്രസിഡന്റിന്റെ അധികാര കൈമാറ്റം പൂർത്തിയാകുന്ന ജനുവരി 20 വരെയോ അല്ലെങ്കിൽ അനിശ്ചിത കാലത്തേക്കോ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്നും ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞിരുന്നു.