ബംഗളൂരു: ലോകത്തിലേറ്റവും ദൈർഘ്യമേറിയ ആകാശയാത്ര നയിച്ച് ചരിത്രം കുറിക്കാനൊരുങ്ങി എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാർ. ഉത്തര ധ്രുവത്തിലൂടെ പതിനാറായിരം കിലോമീറ്റർ നീളുന്ന യാത്ര സാൻഫ്രാൻസിസ്‌കോയിൽ നിന്നാരംഭിച്ച് ഇന്ന് ബംഗളൂരുവിൽ അവസാനിക്കും.
വളരെയധികം പരിചയസമ്പത്തും സാങ്കേതിക വൈദഗ്ദ്ധ്യവും ആവശ്യമുള്ള ഈ ദൗത്യത്തിന് ആദ്യമായാണ് വനിതാ വൈമാനികരുടെ ടീമിനെ എയർഇന്ത്യ ചുമതലപ്പെടുത്തുന്നത്.
ഇതാദ്യമായാണ് ഒരു വനിതാ ടീം ഉത്തര ധ്രുവത്തിനു മുകളിലൂടെ 17 മണിക്കൂർ ദൈർഘ്യമേറിയ വിമാനയാത്ര നയിക്കുന്നത്.
തങ്ങളെ ദൗത്യം ഏല്പിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് വനിതാ പൈലറ്റുമാരെ നയിക്കുന്ന സോയ അഗർവാൾ പറഞ്ഞു. തൻമയ് പപഗരി, ആകാംക്ഷ, ശിവാനി മാൻഹാസ് എന്നിവരാണ് ടീം അംഗങ്ങൾ.
'ഏതൊരു പ്രൊഫഷണൽ പൈലറ്റിന്റെയും ജീവിതാഭിലാഷമാണ് നോർത്ത് പോളിലൂടെ ഫ്ലൈറ്റ് പറത്തുകയെന്നത്. നമ്മളിൽ പലരും ഭൂപടത്തിൽ പോലും നോർത്ത് പോൾ കാണാത്തവരാണ്. ശരിക്കും അഭിമാനം തോന്നുന്ന നിമിഷമാണിത്.'- സോയ പറഞ്ഞു.
2013ൽ ബോയിംഗ് പറത്തിയ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായിരുന്നു സോയ. നോർത്ത് പോളിലേക്ക് വിമാനം പറത്തിയ ആദ്യ വനിത കമാൻഡർ എന്ന പദവിയും ഇതോടെ സോയയ്ക്ക് സ്വന്തമാകും. ഇതൊരു സുവർണാവസരമാണെന്നും സോയ പറഞ്ഞു.