madhav-singh-solanki-

അഹമ്മദാബാദ്: മുതിർന്ന കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ മാധവ് സിംഗ് സോളങ്കി (94) അന്തരിച്ചു. ഗാന്ധിനഗറിലെ വസതിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

ഗുജറാത്തിൽ കോൺഗ്രസിന്റെ കരുത്തുറ്റ നേതാവായിരുന്ന സോളങ്കി 1976 മുതൽ നാല് തവണ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. സോളങ്കി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരിക്കെയാണ് 1995ൽ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയത്.

അഭിഭാഷകനായ സോളങ്കിയെ കേന്ദ്ര രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് രാജീവ് ഗാന്ധിയായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആസൂത്രണവകുപ്പ് സഹമന്ത്രിയായ അദ്ദേഹം പിന്നീട് നരസിംഹറാവു മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായി. ബോഫോഴ്സ് കേസ് വിവാദത്തിൽ ഉത്തരവാദിത്വമേറ്റെടുത്ത് അദ്ദേഹം വിദേശകാര്യ മന്ത്രിസ്ഥാനം രാജിവച്ചു.

ഗുജറാത്തിലെ ഖേദ ജില്ലയിൽ ഭദ്രാനിലെ ദരിദ്രനായ പ്രൈമറി സ്‌കൂൾ അദ്ധ്യാപകന്റെ മകനായാണ് ജനനം.

ബോംബെ സർവകലാശാലയിൽ നിന്ന് ഇരട്ട മെയിൻ (ഇക്കണോമിക്സ് പോളിറ്റിക്സ് ) ഡിഗ്രിയും എൽ.എൽ.ബിയുമെടുത്തി. ഖേദയിലെ കോൺഗ്രസിന്റെ തലതൊട്ടപ്പനായ ഈശ്വർസിംഗ് ചൗഢ എം.പിയുടെ മകളാണ് സോളങ്കിയുടെ ഭാര്യ.1957ൽ ഭാര്യാപിതാവാണ് മരുമകനെ കൈപിടിച്ചു രാഷ്ട്രീയത്തിലിറക്കുന്നത്.

മുൻ മുഖ്യമന്ത്രി ഡോ. ജീവരാജ് മേത്ത സോളങ്കിയെ ഡെപ്യൂട്ടി മന്ത്രിയാക്കി. 1976ൽ ആറുമാസം മുഖ്യമന്ത്രിയായി. 8085 കാലത്ത് വീണ്ടും മുഖ്യമന്ത്രി. 85ൽ മൂന്നാം തവണ മുഖ്യമന്ത്രിയായെങ്കിലും സംവരണ പ്രക്ഷോഭം കസേര തെറിപ്പിച്ചു.

തുടർന്ന് യൂറോപ്പിലേക്ക് പോയ സോളങ്കി, ലാറ്റിനമേരിക്കയിൽ ആറു മാസത്തെ പ്രകൃതി പഠനത്തിനു പോകാനിരിക്കുമ്പോഴാണ് 1989ൽ നാലാം തവണയും മുഖ്യമന്ത്രിയാകാൻ പാർട്ടി പറഞ്ഞത്. അതനുസരിച്ചു.

എവറസ്റ്റ് കൊടുമുടിയെപ്പറ്റി 'ദ മൗണ്ട് എവറസ്റ്റ്' എന്ന പേരിൽ പുസ്തകം രചിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കൾ സോളങ്കിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.