'ബിഗ് ബോസ് മലയാളം' പരിപാടിയുടെ പേരിൽ തട്ടിപ്പ് നടക്കുന്നുവെന്നാരോപിച്ച് മോഡൽ ജോമോൾ ജോസഫിന്റെ ഭർത്താവായ വിനോ ബാസ്റ്റിയൻ. സെലിബ്രിറ്റിയായ ഒരു സ്ത്രീയാണ് ഇതിനു പിന്നിലെന്നും വിനോ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. താൻ പരിപാടിയിലേക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് ഇവർ പലരോടും പറഞ്ഞിട്ടുണ്ടെന്നും പരിപാടിയിലേക്ക് ആകസ്മികമായി സെലക്ടഡ് ആയിക്കഴിഞ്ഞാൽ അവരിൽ നിന്നും പണം തട്ടാൻ വേണ്ടിയാണ് ഇവർ ഇങ്ങനെ പറയുന്നതെന്നും വിനോ തന്റെ കുറിപ്പിൽ പറയുന്നു. തുടർന്ന് പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. എന്നാൽ ഇവർ ആരാണെന്ന് വിനോ വ്യക്തമാക്കിയിട്ടില്ല.
കുറിപ്പ് ചുവടെ:
'ബിഗ്ബോസ്സ് സീസൺ 3 - തട്ടിപ്പുകാരിയെ സൂക്ഷിക്കുക.
ബിഗ്ബോസ്സിലേക്ക് നിന്നെ ഞാൻ റെക്കമെന്റ് ചെയ്തിട്ടുണ്ട് കേട്ടോ, പോകാനായി നീ തയ്യാറായിരുന്നോ'- ഈ ഡയലോഗ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സോഷ്യൽമീഡിയയിൽ വൈറലായ ആളുകളിൽ ചിലരുടെ അടുത്ത് പ്രമുഖ സെലിബ്രിറ്റി കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞുകാണണം. ഇനി നിങ്ങൾ സെലക്ടഡായി എന്ന് അറിഞ്ഞാൽ, ഞാൻ റെക്കമെന്റ് ചെയ്തതുകൊണ്ടാണ് നിങ്ങൾ സെലക്ടായത്. നിങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ 20 ശതമാനമോ, 40 ശതമാനമോ ചോദിച്ചുകൊണ്ടും, നിങ്ങളെ വിമാനം കയറ്റി വിടാനായും പ്രമുഖ ഓടിയെത്തും.
ബിഗ്ബോസ്സിൽ നിന്നും എലിമിനേറ്റായി നിങ്ങൾ തിരിച്ചെത്തിയാൽ, നിനക്കീ ഭാഗ്യമൊക്കെ കിട്ടിയത് ഞാൻ റെക്കമെന്റ് ചെയ്തതുകൊണ്ടാണ്, ഇനി നിനക്ക് നിരവധി അവസരങ്ങൾ ഞാൻ റെഡിയാക്കിത്തരാം, നിന്റെ കാര്യം ഞാൻ മാനേജ് ചെയ്തോളാം, ലഭിക്കുന്ന പ്രതിഫലത്തിന്റെ 40% എനിക്ക്, 60% നിനക്ക്. ഇതാകും അവരുടെ അടുത്ത ഡയലോഗ്.
പ്രിയപ്പെട്ട വൈറൽ സുഹൃത്തുക്കളേ,
ബിഗ്ബോസ്സിലേക്ക് സോഷ്യൽ മീഡിയയിൽ നിന്നും വൈറലായ ആളുകളെ പങ്കെടുപ്പിക്കാറുണ്ട്. Endemol Shine India
എന്ന കമ്പനിയാണ് അവരുടെ സെലക്ഷൻ പ്രോട്ടോകോൾ അനുസരിച്ച് പരിഗണനാ ലിസ്റ്റ് തയ്യാറാക്കുന്നത്. അവർ തയ്യാറാക്കിയ ലിസ്റ്റിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടേൽ, നിങ്ങൾക്ക് അവരുടെ കോൾ ലഭിക്കും. നിങ്ങൾക്കും താൽപര്യമുണ്ട് എങ്കിൽ, നിങ്ങളുടെ പ്രൊഫൈൽ തയ്യാറാക്കി അവർക്കയച്ചുകൊടുക്കുകയും, അവരുമായി അഭിമുഖത്തിന് ക്ഷണിക്കുകയും ചെയ്യും.
അഭിമുഖത്തിന് ശേഷം പ്രതിഫലം നിശ്ചയിക്കുകയും, എഗ്രിമെന്റിലേക്കെത്തുകയും ചെയ്യും. പ്രതിഫലം നിശ്ചയിക്കുന്നതും എഗ്രിമെന്റ് ചെയ്യുന്നതും ആ ചാനലിന്റെ സ്റ്റുഡിയോ കോംപ്ലക്സിൽ വച്ചായിരിക്കും. ഒരിക്കലും ഏകപക്ഷീയമാകരുത് പ്രതിഫലം നിശ്ചയിക്കലും എഗ്രിമെന്റ് വ്യവസ്ഥകളും. നിങ്ങൾക്ക് വേണ്ട പ്രതിഫലം നിങ്ങൾ ചോദിച്ചുവാങ്ങുക. ഒരു ദിവസം പതിനയ്യായിരത്തിലോ ഇരുപതിനായിരത്തിലോ കുറഞ്ഞ തുകയ്ക്ക് പോകാതിരിക്കുക.
എഗ്രിമെന്റിൽ നിങ്ങൾക്ക് പറ്റാത്ത വ്യവസ്ഥകൾ ഒഴിവാക്കിയും, നിങ്ങൾക്ക് വേണ്ടത് കൂട്ടിച്ചേർത്തും തന്നെയേ ഒപ്പിടാവൂ.
ഇതിലൊന്നും പ്രമുഖ സെലിബ്രിറ്റിക്ക് യാതൊരു റോളുമില്ല. നിങ്ങൾ സെലക്ടഡായി എന്ന് നിങ്ങൾ പറയാതെ ഷോ ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് വരെ പ്രമുഖക്ക് അറിയാനാകില്ല എന്നതാണ് യാഥാർത്ഥ്യം.
നിങ്ങളുടെ കഴിവിന്റെ വിയർപ്പിന്റെ ഓഹരി അവിഹിതമായി പറ്റിച്ച് കൈക്കലാക്കാനായി കെട്ടിയെഴുന്നള്ളി വരുന്നതാണ് ആയമ്മ. ആയമ്മ വിളിക്കുമ്പോൾ ആ കോളുകൾ ഒന്ന് റെക്കോർഡ് ചെയ്ത് വെച്ചേക്ക്, ഭാവിയിലേക്ക് ആവശ്യം വരും. അവസരങ്ങൾ കാത്തിരിക്കുന്ന എല്ലാവർക്കും ആശംസകൾ. തട്ടിപ്പിനായി ഇറങ്ങി തിരിച്ച സെലിബ്രിറ്റിക്കും ത്രീജീയാകാനായി ആശംസകൾ.'