വിജയുടെ മാസ്റ്റർ ചിത്രം റിലീസ് ചെയ്യുന്നതിനായി ഏറെ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്നതിനിടെയാണ് കേരളത്തിൽ തമിഴ് ചിത്രങ്ങൾക്ക് മാത്രമായി തിയേറ്ററുകൾ തുറക്കേണ്ടയെന്ന തീരുമാനവുമായി ഫിയോക് രംഗത്തെത്തിയത്. ഇതിന് പിന്നാലെ തീരുമാനത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഫിയോക് പ്രസിഡന്റ് ആന്‍റണി പെരുമ്പാവൂര്‍.
"സിനിമ പ്രദര്‍ശിപ്പിക്കണമെന്നു തന്നെയാണ് കേരളത്തിലെ എല്ലാ തിയേറ്റര്‍ ഉടമകളുടെയും ആഗ്രഹം. പക്ഷേ വലിയ പ്രതിസന്ധിയിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ച ഇളവുകളൊന്നും കിട്ടിയില്ല. ഫിലിം ചേംബര്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എല്ലാവരും ചേര്‍ന്നാണ് ഇപ്പോഴത്തെ തീരുമാനം എടുത്തിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് ഇളവുകള്‍ ലഭിക്കുമോ എന്നാണ് വീണ്ടും നോക്കുന്നത്. അതിനുവേണ്ടി കാത്തിരിക്കുകയാണ്. തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കുന്നില്ല എന്നതാണ് തീരുമാനം. തിങ്കളാഴ്ച സംസാരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ആനുകൂല്യം കിട്ടിയില്ലെങ്കില്‍ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കില്ല." ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.
ഒരു സിനിമയ്ക്കുവേണ്ടി മാത്രം തിയേറ്ററുകള്‍ തുറക്കാനാവില്ലെന്നും ഒരിക്കല്‍ തുറന്നാല്‍ തുടര്‍ച്ചയായി സിനിമകള്‍ വന്ന് ഈ വ്യവസായം ചലിച്ചുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിക്കണമെന്ന് സര്‍ക്കാരിനോട്
ആവശ്യപ്പെടില്ലെന്നും കൂടുതൽ പ്രദര്‍ശനങ്ങള്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും ആന്‍റണി പെരുമ്പാവൂര്‍ കൂട്ടിച്ചേർത്തു.