തിരുവനന്തപുരം: പതിനാലുകാരനെ അമ്മ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് യുവതിയുടെ കുടുംബം. ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും ബന്ധുക്കൾ പരാതി നൽകിയേക്കും. മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കും.
മകൾക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും, അന്വേഷണം വേണമെന്നുമാണ് യുവതിയുടെ അമ്മയുടെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് ദിവസം മുൻപ് കുടുംബം ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.എന്നാൽ അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.
യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്താതെ മൂന്നു വർഷമായി ഭർത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്സോ കേസിൽ കുടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
യുവതി ഇപ്പോൾ റിമാൻഡിലാണ്.സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി കേസ് അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.