കോട്ടയം: കാലാകാലങ്ങളായി മത്സരിച്ച് ജയിക്കുന്ന ഒരു സീറ്റും വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്‌റ്റർ. പാലാ എന്നല്ല ഒരു സീറ്റും വിട്ടുകൊടുക്കില്ല. ജയിച്ച പാർട്ടി, തോറ്റപാർട്ടിയ‌്ക്ക് സീറ്റുകൊടുക്കണമെന്നു പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന് പീതാംബരൻ മാസ്‌റ്റർ പ്രതികരിച്ചു.
'എ.കെ ശശീന്ദ്രൻ പറഞ്ഞിട്ടാണ് ഒറ്റപ്പെട്ട യോഗങ്ങൾ നടക്കുന്നതെന്ന് കരുതുന്നില്ല. പാല സീറ്റ് വിട്ടുകൊടുക്കില്ല. പാലായിൽ കഴിഞ്ഞ 20 വർഷംകൊണ്ട് ക്രമമായ സംഘടനാപ്രവർത്തനത്തിലൂടെ ശക്തിപ്പെടുത്തി വളർത്തിയെടുത്ത പാർട്ടിയാണിത്. കെഎം മാണിക്കെതിരെ വർഷങ്ങളായി മത്സരിച്ച് അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നു. മാണി ജീവിച്ചിരിക്കുമ്പോൾ തന്നെ അവസാന തിരഞ്ഞെടുപ്പിൽ 4700 വോട്ടിനാണ് അദ്ദേഹം ജയിച്ചത്. കെഎം മാണിയുടെ മരണത്തിന് ശേഷം നടന്നതിരഞ്ഞെടുപ്പിൽ എൻസിപി വിജയിക്കുകയും ചെയ‌്തു. എന്നിട്ടിപ്പോൾ ജയിച്ച പാർട്ടി, തോറ്റപാർട്ടിയ‌്ക്ക് സീറ്റുകൊടുക്കണമെന്നു പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്. അതിന് ന്യായീകരണമില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ‌്നമേയില്ല. കാലങ്ങളായി മത്സരിച്ച് വിജയിക്കുന്ന ഒരു സീറ്റും വിട്ടുകൊടുക്കില്ല'-പീതാംബരൻ മാസ്‌റ്ററുടെ വാക്കുകൾ.
അതേസമയം, പാലാ സീറ്റിനെ ചൊല്ലി എൻസിപി മുന്നണി വിടുന്നെങ്കിൽ തടയേണ്ടെന്നാണ് സിപിഎം തീരുമാനം. എൽഡിഎഫിലിരിക്കെ, യുഡിഎഫുമായി എൻസിപി പിൻവാതിൽ ചർച്ചകൾ നടത്തിയതാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്. സിപിഐ നിലപാടും ശരദ്പവാർ നടത്തുന്ന നീക്കങ്ങളുമാകും എൻസിപി എൽഡിഎഫ് ബന്ധത്തിൽ ഇനി നിർണായകമാവുക.
എൻസിപി മുന്നണി വിട്ടാൽ പാലാ സീറ്റ് ജോസ് വിഭാഗത്തിന് ലഭിക്കും. കുട്ടനാടും എലത്തൂരും സിപിഎം ഏറ്റെടുക്കുകയും ചെയ്യും. എകെ ശശീന്ദ്രൻ ഇടതുമുന്നണിക്കൊപ്പമാണെങ്കിലും എലത്തൂർ നൽകുന്ന കാര്യത്തിൽ ഉറപ്പില്ല. സിപിഎം ശക്തികേന്ദ്രത്തിൽ പ്രാദേശിക ഘടകങ്ങളുടെ വികാരവും സംസ്ഥാനനേതൃത്വം മുഖവിലക്കെടുക്കുന്നുണ്ട്. സിറ്റിംഗ് സീറ്റുകൾ ഉറപ്പിക്കാൻ ശരദ്പവാർ നേരിട്ട് സിപിഎം നേതൃത്വവുമായി ചർച്ച നടത്താനും സാദ്ധ്യതയുണ്ട്.
ആദ്യം മയത്തിൽ കാര്യങ്ങൾ പറഞ്ഞ് തുടങ്ങിയ എൻസിപി മുംബയിൽ നടന്ന ചർച്ചകൾക്ക് ശേഷം പ്രതികരണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൽ ജോസ് വിഭാഗത്ത പ്രകീർത്തിച്ച സിപിഎം, പാലാ സീറ്റ് എന്ന അടിസ്ഥാന ആവശ്യത്തിൽ ജോസിനെ പിണക്കില്ല എന്ന സൂചനയും നൽകി. പാലാ സീറ്റിലെ തർക്കത്തിനിടയിൽ എൻസിപി, യുഡിഎഫുമായി അനൗപചാരികമായ ചർച്ച നടത്തിയതാണ് സിപിഎം എൻസിപി ബന്ധത്തിലെ പ്രധാന വിളളൽ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം സംബന്ധിച്ച പീതാംബരൻ മാസ്‌റ്ററുടെ വിവാദ പ്രസ്‌താവനയും അതിനുള്ള സിപിഎം മറുപടിയും കൂടി വന്നതോടെ ഇരുപാർട്ടികളും തമ്മിലുളള അകൽച്ച വർദ്ധിച്ചിരിക്കുകയാണ്.