cpim

തിരുവനന്തപുരം: പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ മൂന്നിലൊന്ന് പേർ മാത്രം മത്സരിച്ചാൽ മതിയെന്ന സി.പി.എം നിർദ്ദേശം നടപ്പാക്കുമ്പോൾ, മുൻനിര നേതാക്കളിൽ ആരൊക്കെ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിലുണ്ടാവുമെന്നതിൽ ആകാംക്ഷയേറി. അതേസമയം, എന്ത് വില കൊടുത്തും തുടർഭരണം സാദ്ധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പൊതു സ്വീകാര്യതയുള്ള സ്വതന്ത്ര മുഖങ്ങളെ ഇക്കുറിയും പരീക്ഷിക്കാനാണ് സി.പി.എം നീക്കം.

സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി. ജയരാജനും വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മുഖ്യമന്ത്രി ധർമ്മടത്ത് തന്നെ വീണ്ടും ജനവിധി തേടാനൊരുങ്ങുമ്പോൾ ഇ.പി. ജയരാജൻ മട്ടന്നൂരിൽ നിന്ന് കല്യാശ്ശേരിയിലേക്ക് മാറിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമല്ലാത്ത കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി കെ.കെ. ശൈലജ അങ്ങനെയെങ്കിൽ മട്ടന്നൂരിലേക്ക് മാറും. മുൻനിര നേതാക്കളിൽ ഇവർ മൂവരെയുമാണ് മത്സരരംഗത്ത് ഉറപ്പായും പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാർ തോമസ് ഐസക്കും എ.കെ.ബാലനും നാലു തവണ തുടർച്ചയായി മത്സരിച്ചതിനാൽ മാറി നിന്നേക്കും. തുടർച്ചയായി മൂന്ന് തവണയുൾപ്പെടെ അഞ്ച് തവണ മത്സരിച്ചു കഴിഞ്ഞ മന്ത്രി ജി. സുധാകരനും മാറിയേക്കാം. മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എം.എം.മണിയുമാണ് സെക്രട്ടേറിയറ്റംഗങ്ങളായ മറ്റ് മന്ത്രിമാർ. മുമ്പ് നിയമസഭാംഗമായിട്ടുണ്ടെങ്കിലും തുടർച്ചയായ രണ്ടാം തവണ മാത്രമാണെന്നതിനാൽ ടി.പി.രാമകൃഷ്ണൻ വീണ്ടും പരിഗണിക്കപ്പെട്ടേക്കും. എം.എം. മണിയുടെ ആദ്യ ടേം മാത്രമാണിപ്പോൾ പിന്നിടുന്നത് എന്നതിനാൽ അദ്ദേഹത്തിനും നറുക്ക് വീഴാം. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്.

തുടർച്ചയായ രണ്ട് ടേം പിന്നിട്ടവർ മാറണമെന്ന നിബന്ധന സി.പി.എമ്മിൽ നേരത്തേതന്നെ ഉണ്ടെങ്കിലും പലർക്കും കഴിഞ്ഞ തിര‌ഞ്ഞെടുപ്പുകളിൽ ഇതിൽ ഇളവു നൽകി. ഇക്കുറിയും അത് ആവർത്തിച്ചേക്കും.