soldiers

ശ്രീനഗർ: ഇന്ത്യ പിടിച്ചുവച്ചിരിക്കുന്ന തങ്ങളുടെ സൈനികനെ ഉടൻ തിരിച്ചയക്കണമെന്ന് ചൈന.ഇരുട്ട് കാരണം വഴിതെറ്റിയാണ് സൈനികൻ ഇന്ത്യൻ പ്രദേശത്ത് എത്തിയതെന്നും, ചൈനയിലേക്ക് തിരികെ അയച്ച് അതിർത്തി പ്രദേശത്ത് സമാധാനം നിലനിർത്തണമെന്നും ചൈന ആവശ്യപ്പെട്ടു.

കിഴക്കൻ ലഡാക്കിലെ ചുഷുൽ സെക്ടറിലെ ഗുരുങ് കുന്നിന് സമീപത്തുനിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് ചൈനീസ് സൈനികനെ പിടികൂടിയതെന്ന് ഇന്ത്യൻ സൈന്യം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.ചൈനയിൽ നിന്ന് കാണാതായി രണ്ട് മണിക്കൂറിന് ശേഷമാണ് സൈനികനെ ഇന്ത്യ പിടികൂടിയത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും, നടപടിക്രമങ്ങൾ അനുസരിച്ച് തുടർനടപടികൾ ചെയ്യുമെന്നും സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇതിന് മുമ്പ് ലഡാക്കിലെ ദെംചോക്ക് മേഖലയിൽ നിന്ന് ഒരു ചൈനീസ് സൈനികനെ ഇന്ത്യ പിടികൂടിയിരുന്നു. ഇയാളെ പിന്നീട് വിട്ടയക്കുകയും ചെയ്തു.