തിരുവനന്തപുരം: ഡോളർ കടത്തുകേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്യാമെന്ന് കസ്റ്റംസിന് നിയമോപദേശം. കസ്റ്റംസ് ആക്‌ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി. സോളിസിറ്റർ ജനറൽ പി വിജയകുമാറാണ് നിയമോപദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സഭാസമ്മേളനത്തിന് ശേഷമായിരിക്കും സ്പീക്കറെ ചോദ്യം ചെയ്യുക എന്നാണ് സൂചന. സഭ സമ്മേളിക്കുന്ന വേളയിൽ ചോദ്യംചെയ്യൽ ഒഴിവാക്കാൻ അസിസ്‌റ്റന്റ് സോളിസിറ്റർ ജനറൽ ഉപദേശം നൽകിയിട്ടുണ്ട്.
സ്പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കഴിഞ്ഞദിവസം കസ്‌റ്റംസ് ചോദ്യം ചെയ‌്തിരുന്നു. സ്വർണക്കടത്തുകേസിൽ പ്രതികളായ സ്വപ്‌ന സുരേഷ്, പി.എസ്.സരിത്ത് എന്നിവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ സ്പീക്കറിലേക്കും നീളുന്നത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെടുത്തിയാണ് ഡോളർ കടത്തിലും കസ്റ്റംസ് കേസെടുത്തത്. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്നാണ് സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴി. ഇരുവരും മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലും സ്‌പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.
എന്നാൽ ഏതെങ്കിലും തരത്തിൽ താൻ അഴിമതി നടത്തിയിട്ടുണ്ട് എന്ന് തെളിഞ്ഞാൽ രാഷ്ട്രീയപ്രവർത്തനം ഉപേക്ഷിക്കുമെന്നാണ് സ്പീക്കർ പ്രതികരിച്ചത്.