കൊച്ചി : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കളമശേരിയിലോ തൃക്കാക്കരയിലോ മത്സരിക്കാൻ തയ്യാറാണെന്ന് ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ബി. കെമാൽപാഷ വ്യക്തമാക്കി. പുനലൂർ മണ്ഡലത്തിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിലെ ചിലർ സമീപിച്ചെങ്കിലും കളമശരേി, തൃക്കാക്കര മണ്ഡലങ്ങളിലേതെങ്കിലുമൊന്നിലാണ് താത്പര്യമെന്ന് മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കേരളകൗമുദിയോടു പറഞ്ഞു. അഞ്ചൽ സ്വദേശിയാണെങ്കിലും തൃക്കാക്കര മണ്ഡലത്തിലാണ് താമസിക്കുന്നത്. കൂടുതൽ ബന്ധങ്ങൾ ഇവിടെയാണ്. ആലുവ സീറ്റ് നൽകിയാലും സ്വീകരിക്കും. മറ്റൊരു മണ്ഡലത്തിലും താത്പര്യമില്ല.
എന്തുകൊണ്ട് യു.ഡി.എഫ് ?
എൽ.ഡി.എഫ് പ്രത്യേകിച്ച് സി.പി.എം എന്നെ തെറിപറഞ്ഞു നടക്കുന്ന സാഹചര്യത്തിൽ അവർക്ക് എന്നെ മത്സരിപ്പിക്കേണ്ട കാര്യമില്ലല്ലോ. മാത്രമല്ല ധാരാളം അഴിമതിയാരോപണങ്ങൾ അവരുടെ പേരിലുണ്ട്. മത്സരിക്കണമെന്ന് തീരുമാനിക്കാൻ കാരണവും ഈ അഴിമതിയാരോപണങ്ങളാണ്. മാത്രമല്ല എൽ.ഡി.എഫിൽ എന്റെ ഒറ്റപ്പെട്ട ശബ്ദംകൊണ്ട് വല്യ പ്രയോജനമൊന്നും കിട്ടില്ല. ഇടതുമുന്നണിയിൽ സി.പി.ഐയുടെ ഒരുപാട് ആളുകൾ സുഹൃത്തുക്കളുണ്ട്. ബി.ജെ.പി എനിക്കു താത്പര്യമുള്ള പ്രസ്ഥാനമല്ല. മാത്രമല്ല യു.ഡി.എഫ് പ്രവർത്തകരാണ് മത്സരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചത്.
വൈറ്റില ഫ്ളൈ ഓവർ : മുഖ്യമന്ത്രിയുടെ വിമർശനത്തെക്കുറിച്ച്
ഞാനുമൊരു പൗരനല്ലേ? എനിക്കും പ്രതിഷേധിച്ചൂടേ. ഞാനും വൈറ്റിലയിൽ ഒന്നര മണിക്കൂറൊക്കെ കുരുക്കിൽ കിടന്നു കഷ്ടപ്പെട്ടിട്ടുണ്ട്. ആ ബദ്ധപ്പാട് അനുഭവിച്ചതിനാലാണ് പ്രതികരിച്ചത്. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള ഏറ്റവും വലിയ അവകാശമാണ് പ്രതിഷേധിക്കാനുള്ള അവകാശം. ഇതിനെ ആ രീതിയിലെടുക്കുന്നതിനു പകരം കേസെടുത്ത് ജയിലിൽ പിടിച്ചിടേണ്ടതില്ലായിരുന്നു. ജനുവരി ഒമ്പതിന് ഉദ്ഘാടനം നടന്നതുതന്നെ ഇതുകൊണ്ടാണ്. അല്ലെങ്കിൽ നിയമസഭാ സമ്മേളനത്തിനുശേഷമേ നടക്കുമായിരുന്നുള്ളൂ.