തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങൾക്ക് ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യത്തിന് കോൺഗ്രസിനും യു.ഡി.എഫിനുമുള്ളിൽ സമ്മർദ്ദമേറുന്നു.തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയുടെയും, പിന്നാക്കക്കാർ മുന്നണിയിൽ നിന്ന്- പ്രത്യേകിച്ച് കോൺഗ്രസിൽ നിന്ന് അകലുന്നുവെന്ന നിഗമനത്തിന്റെയും പശ്ചാത്തലത്തിലാണിത്.
2016 നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സീറ്റ് വിഭജനത്തിൽ പിന്നാക്ക പ്രാതിനിദ്ധ്യം
പരിമിതമായിരുന്നു.140 സീറ്റിൽ ഈഴവ, വിശ്വകർമ്മ, ധീവര തുടങ്ങിയ സമുദായങ്ങൾക്ക് ലഭിച്ചത് 15 സീറ്റിൽ താഴെ മാത്രം. 87 സീറ്റിൽ മത്സരിച്ച കോൺഗ്രസ് നൽകിയ സീറ്റ് ഇങ്ങനെ: ഈഴവ-11, വിശ്വകർമ്മ-1,ധീവര- 0. ജയിച്ച് സഭയിലെത്തിയത് ഈഴവ സമുദായാംഗമായ ഒരാൾ- കോന്നിയിൽ നിന്ന് അടൂർ പ്രകാശ്.
90 സീറ്റിൽ (പാർട്ടി ചിഹ്നത്തിൽ) മത്സരിച്ച സി.പി.എം 58 സീറ്റിലും, 27 സീറ്റിൽ മത്സരിച്ച സി.പി.ഐ 19 സീറ്റിലും വിജയം കണ്ടപ്പോൾ കോൺഗ്രസ് ആകെ 22 സീറ്റിൽ ഒതുങ്ങിയതിന്റെ കാരണം വ്യക്തം. 2019 ൽ അടൂർ പ്രകാശ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കോൺഗ്രസിന് നിയമസഭയിൽ ഈഴവ പ്രാതിനിദ്ധ്യം ഇല്ലാതായി. തദ്ദേശ തിരഞ്ഞെടുപ്പോടെ വെട്ടിനിരത്തൽ എല്ലാ പരിധിയും കടന്നു.17000 ത്തോളം സീറ്റിൽ മത്സരിച്ച കോൺഗ്രസിൽ ഈഴവ സ്ഥാനാർത്ഥികൾ 600ൽ താഴെ. വിശ്വകർമ്മജരും ധീവരരും 50ൽ താഴെയും. ഇക്കാര്യം കേരളകൗമുദി കണക്കുകൾ സഹിതം പുറത്തു കൊണ്ടുവന്നിരുന്നു.
സംസ്ഥാന നിയമസഭയിൽ കോൺഗ്രസിന്റെ പുഷ്കലകാലത്ത് 40 പിന്നാക്കക്കാർ
വരെയുണ്ടായിരുന്നു; അതിൽ മുപ്പതോളം ഈഴവരും.സംസ്ഥാന കോൺഗ്രസിൽ കെ.കരുണാകരൻ- എ.കെ.ആന്റണി യുഗം അവസാനിക്കുന്നതു വരെ മുന്നാക്ക- പിന്നാക്ക പ്രാതിനിദ്ധ്യത്തിലെ ഈ സന്തുലനം ഏറക്കുറെ പിന്തുടർന്നു. പാർട്ടിയിലും നിയമസഭാ കക്ഷിയിലും പുതിയ നേതൃത്വം അവരോധിക്കപ്പെട്ടതോടെയാണ് സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് കളിയുടെ മറവിൽ തെരഞ്ഞു പിടിച്ചുള്ള 'കടുംവെട്ട്' ശക്തമായത്. പിന്നാക്കക്കാരായ നേതാക്കളുടെ ഈ ആക്ഷേപം ഉന്നത നേതൃത്വത്തിലെ പലരും ശരിവയ്ക്കുകയും ഈ പാതകം തുടർന്നാൽ കോൺഗ്രസിന് അടുത്ത കാലത്തൊന്നും ഭരണത്തിൽ തിരിച്ചെത്താനാവില്ലെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
ഈഴവ സമുദായത്തിന് കോൺ.
നൽകിയിരുന്ന സീറ്റുകൾ
തിരുവനന്തപുരം: വർക്കല,കഴക്കൂട്ടം, നെടുമങ്ങാട്,കോവളം, തിരുവനന്തപുരം സെൻട്രൽ (പഴയ
വെസ്റ്റ്),വട്ടിയൂർക്കാവ് (പഴയ നോർത്ത്).
കൊല്ലം: കരുനാഗപ്പള്ളി, ഇരവിപുരം, പുനലൂർ, കൊല്ലം, ചാത്തന്നൂർ.
പത്തനംതിട്ട: കോന്നി, ആറന്മുള
ഇടുക്കി: ഉടുമ്പൻചോല
ആലപ്പുഴ: ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം
കോട്ടയം: കോട്ടയം,ഏറ്റുമാനൂർ
എറണാകുളം: വൈപ്പിൻ, തൃപ്പൂണിത്തുറ
തൃശൂർ: ഒല്ലൂർ,തൃശൂർ,നാട്ടിക, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, മണലൂർ.
പാലക്കാട്: പട്ടാമ്പി, ഷൊർണൂർ, മലമ്പുഴ, ചിറ്റൂർ
മലപ്പുറം: താനൂർ
കോഴിക്കോട്: വടകര, നാദാപുരം, കൊയിലാണ്ടി, പോരാമ്പ്ര, കോഴിക്കോട് നോർത്ത്
വയനാട്: കൽപ്പറ്റ
കണ്ണൂർ: കണ്ണൂർ, ധർമ്മടം, പയ്യന്നൂർ, കൂത്തുപറമ്പ്
കാസർകോട്: തൃക്കരിപ്പൂർ, ഉദുമ