impeachment

വാഷിംഗ്ടൺ: കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് പ്ര​സി​ഡന്റ് ഡൊ​ണ​ൾ​ഡ്​ ട്രം​പിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയം ഇന്ന് യു.എസ് ജനപ്രതിനിധിസഭയിൽ അവതരിപ്പിക്കും. രാജ്യത്ത് കലാപം കൊണ്ടുവരാൻ ട്രംപ് പ്രോത്സാഹിപ്പിച്ചെന്നും അത് രാജ്യദ്രോഹത്തിന് സമമാണെന്നും പ്രമേയത്തിലുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ 180 അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണയും ലഭിക്കുമെന്നാണ് വിവരം. പ്രമേയത്തിൽ ബുധനാഴ്ച വോട്ടെടുപ്പ് നടത്താനാണ് സ്പീക്കർ നാൻസി പെലോസിയുടെ പദ്ധതി. ജനപ്രതിനിധി സഭ പാസാക്കിയാൽ പ്രമേയം സെനറ്റിന്റെ പരിഗണനക്ക് വിടും. എന്നാൽ, സെനറ്റ് ഇനി ചേരുക 19നാണ് ചേരുന്നത്. അതിനാൽ, 20ന് ജോ ബൈഡൻ സ്ഥാനമേറ്റ ശേഷം പ്രമേയം സെനറ്റിൽ അവതരിപ്പിച്ചാൽ മതിയെന്നും അഭിപ്രായമുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മുൻ പ്രസിഡന്റിനുള്ള ആനുകൂല്യങ്ങൾ ട്രംപിന് നഷ്ടമാകും. അതേസമയം, കാപ്പിറ്റോളിൽ കയറി അതിക്രമം അഴിച്ചുവിട്ടവർക്കെതിരെയുള്ള അന്വേഷണം എഫ്.ബി.ഐ ഊർജ്ജിതമാക്കി. അക്രമികളെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 ഡോളർ വരെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

 രാജി വച്ചില്ലെങ്കിൽഇംപീച്ച് ചെയ്യും: പെലോസി

കലാപ​ത്തിന്​ പ്രോത്സാഹനം നൽകിയ ഡോണൾഡ്​ ട്രംപ്​ രാജിവെക്കാൻ തയാറായില്ലെങ്കിൽ ഇംപീച്ച്​​ ചെയ്യുമെന്ന്​ കോൺഗ്രസ്​ സ്​പീക്കർ നാൻസി പെലോസി. ട്രംപ്​ എത്രയും പെ​ട്ടെന്ന്​ രാജിവയ്ക്കണം. അതിനു തയാറായില്ലെങ്കിൽ ഇംപീച്ച്​മെന്റുമായി മുന്നോട്ട്​ പോകുമെന്നും അവർ വ്യക്​തമാക്കി. അമേരിക്കൻ ഭരണഘടനയുടെ 25ാം ഭേദഗതിയിലെ നാലാംവകുപ്പ്​ പ്രയോഗിച്ച് ട്രംപിനെ ഇംപീച്ച് ചെയ്യാനാണ് നീക്കം . അമേരിക്കയുടെ ചരി​ത്രത്തിൽ ഇതുവരെ ഈ വകുപ്പ്​ പ്രയോഗിച്ചിട്ടില്ല.ഇത് കൂടാതെ, ആദ്യമായാണ്​ ഒരു പ്രസിഡന്റിനെതിരെ രണ്ടാംതവണയും ഇംപീച്ച്​മെന്റ് പ്രമേയം കൊണ്ടുവരുന്നത്​. അധികാര ദുർവിനിയോഗം ആരോപിച്ച്​ 2019ൽ ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയെങ്കിലും ​ സെനറ്റ്​ തള്ളിയിരുന്നു.