gold-tax

 ജി.എസ്.ടി കുറയ്ക്കണണെന്ന ആവശ്യവും ശക്തം

കൊച്ചി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള (2021-22) ബഡ്‌ജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് പ്രതീക്ഷ. രാജ്യത്തേക്ക് സ്വർണക്കള്ളക്കടത്ത് വൻതോതിൽ കൂടാൻ കാരണം കേന്ദ്രം ഈടാക്കുന്ന 'കനത്ത നികുതിഭാരം" ആണെന്ന വാദം ശക്തമാണ്.

ഒരു ശതമാനമായിരുന്ന 'സ്വർണത്തീരുവ"യാണ് കഴിഞ്ഞ ദശാബ്ദംകൊണ്ട് നിലവിലെ 12.5 ശതമാനമായി ഉയർന്നത്. മൂന്നു ശതമാനം ജി.എസ്.ടിയും ചേരുമ്പോൾ സ്വർണത്തിന് മൊത്തം നികുതി 15.5 ശതമാനം. സ്വർണക്കടയിൽ നിന്ന് ആഭരണം വാങ്ങുന്ന ഉപഭോക്താവ് ഇതിനുപുറമേ പണിക്കൂലി കൂടി നൽകണം.

2010ൽ പവൻ വില ശരാശരി 12,000 രൂപയായിരുന്നു. അന്ന്, ഇറക്കുമതി ചുങ്കം ഒരു ശതമാനം. കേരളത്തിൽ മൂല്യവർദ്ധിത നികുതി അഞ്ചു ശതമാനം. മറ്റ് സംസ്ഥാനങ്ങളിൽ ഒരു ശതമാനവും ആയിരുന്നു. ഇപ്പോൾ പവന് വില 38,400 രൂപ. ഒരു ദശാബ്‌ദത്തിനിടെ ഇറക്കുമതി തീരുവ 11.5 ശതമാനവും വില 26,000 രൂപയോളവും കൂടി. അഞ്ചു ശതമാനം വാറ്റിൽ നിന്ന് മൂന്നു ശതമാനം ജി.എസ്.ടിയിലേക്ക് വില്പനനികുതി കുറഞ്ഞത് മാത്രമാണ് ഇക്കാലത്തെ ഏക ആശ്വാസം.

നികുതി എന്തിന്

കുറയ്ക്കണം

പ്രതിവർഷം ശരാശരി 800-900 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്നുണ്ട് ഇന്ത്യ. 12.5 ശതമാനമാണ് ഇറക്കുമതിച്ചുങ്കം. മൂന്നു ശതമാനം ജി.എസ്.ടിയും ചേരുമ്പോൾ ആകെ നികുതി 15.5 ശതമാനം. ഈ കനത്ത നികുതി മൂലം ഇന്ത്യയിലേക്ക് പ്രതിവർഷം 200-250 ടൺ സ്വർണം കള്ളക്കടത്തായി എത്താറുമുണ്ടെന്നാണ് വിലയിരുത്തലുകൾ.

ഇതിന്റെ നാമമാത്രം മാത്രമാണ് പിടിക്കപ്പെടുന്നത്. 2017-18ൽ ഡയറക്‌ടറേറ്റ് ഒഫ് റെവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) 410 കോടി രൂപയുടെ അനധികൃത സ്വർണക്കള്ളക്കടത്ത് പിടിച്ചു. 2019-20ൽ പിടിച്ചത് 460 കോടി രൂപയുടെ കള്ളസ്വർണം.

കള്ളക്കടത്തും അതുപയോഗിച്ച്, നികുതിവെട്ടിച്ചുള്ള അനധികൃത കച്ചവടവും തടയാൻ നികുതി കുറയ്ക്കുക മാത്രമേ മാർഗമുള്ളൂ എന്ന് സ്വർണാഭരണ വിതരണരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. സ്വർണത്തിന്റെ വില താഴാനും നികുതിക്കുറവ് സഹായിക്കും.

ബഡ്‌ജറ്റിലെ സാദ്ധ്യതകൾ

സ്വർണക്കള്ളടത്ത് കൂടാൻ മുഖ്യകാരണം ഉയർന്ന നികുതിയാണെന്ന വാദം ശക്തമാണ്. ഇതുനിലനിൽക്കേയാണ്, സ്വർണമേഖലയെയും കേന്ദ്രം പണം തിരിമറി തടയൽ (പി.എം.എൽ.എ) നിയമത്തിന്റെ പരിധിയിലാക്കിയത്.

ഇതിനോട്, സ്വർണ വിതരണക്കാർക്ക് അമർഷമുണ്ട്. കർഷകസമരം സർക്കാരിനെതിരെ ആളിക്കത്തുന്ന പശ്ചാത്തലത്തിൽ മറ്റൊരു മേഖലയെ കൂടി പിണക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നില്ല. ഈ സാഹചര്യത്തിൽ പി.എം.എൽ.എ നടപടികളിൽ സർക്കാർ മിതത്വം പാലിക്കും. പുറമേ, ഇറക്കുമതി ചുങ്കം 8-10 ശതമാനമായി കുറയ്ക്കാനും ഇടയുണ്ട്.

വിപണിയുടെ ആവശ്യം

ഇറക്കുമതി ചുങ്കം 6-7 ശതമാനത്തിലേക്കും ജി.എസ്.ടി 1-2 ശതമാനത്തിലേക്കും കുറയ്ക്കണമെന്നാണ് വിപണിയുടെ ആവശ്യം.

 മലബാർ‌ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് : ''സ്വർണക്കള്ളക്കടത്തും അനധികൃത കച്ചവടവും ഇല്ലാതാക്കാൻ മൊത്തം സ്വർണനികുതി ഏഴ് ശതമാനമായി കുറയ്ക്കണം".

 ഭീമ സാരഥി ഡോ.ബി. ഗോവിന്ദൻ : ''ഉയർന്ന നികുതിയാണ് കള്ളക്കടത്തിന് പ്രധാന കാരണം. ഇതു തടയാൻ 12.5 ശതമാനത്തിൽ നിന്ന് നികുതി 4-6 ശതമാനമാക്കണമെന്ന് പലവട്ടം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു" .

 ജി.ജെ.സി ദേശീയ ഡയറക്‌ടർ അഡ്വ.എസ്. അബ്‌ദുൽ നാസർ : ''ഒരു ശതമാനമായിരുന്ന നികുതിയാണ് സർക്കാർ കുത്തനെ 12.5 ശതമാനമാക്കിയത്. നികുതി കുറച്ചാൽ കള്ളക്കടത്ത് അനാകർഷകമാകും"

275 ടൺ

ഇന്ത്യ പ്രതിവർഷം ഇറക്കുമതി ചെയ്യുന്നത് ശരാശരി 800-900 ടൺ. കൊവിഡ് മൂലം 2020ലെ ഇറക്കുമതി 275 ടണ്ണായി കുറഞ്ഞു.

ഇറക്കുച്ചുങ്കം

2010 : 1%

2012 : 2%

2013 : 10%

2019 : 12.5%