ഗാലറിയിൽ നിന്ന് കാണികളെ ഒഴിപ്പിച്ചു
സിഡ്നി : ഇന്ത്യ–ആസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസവും ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജിനെതിരെ വംശീയാധിക്ഷേപം. രാവിലെ ഓസീസ് ബാറ്റു ചെയ്യുമ്പോൾ ബൗണ്ടറി ലൈനിനരികിലേക്ക് ഫീൽഡ് ചെയ്യാനെത്തിയ സിറാജിനെ സമീപത്ത് ഗാലറിയിലുണ്ടായിരുന്ന ചിലർ വംശീയ പരാമർശങ്ങളുമായി അപമാനിക്കുകയായിരുന്നു. സിറാജും ഇന്ത്യൻ ക്യാപ്ടൻ രഹാനെയും അമ്പയറോട് പരാതിപ്പെട്ടതോടെ ആറുപേരെ സുരക്ഷാ ജീവനക്കാർ ഗാലറിയിൽനിന്ന് ഇറക്കിവിട്ടു.
തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യൻ താരങ്ങളെ അധിക്ഷേപിക്കുന്നത്. ഇതിനെതിരെ ബി.സി.സി.ഐ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് നൽകിയിരുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്കെതിരെ വംശീയാധിക്ഷേപമുണ്ടായെന്നായിരുന്നു പരാതി.
ഇതിൽ അപലപിച്ച ഐ.സി.സി അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അധിക്ഷേപം ആവർത്തിച്ചത്.ഇക്കാര്യത്തിൽ എന്തു നടപടിയെടുത്തെന്ന് ഐ.സി.സി ക്രിക്കറ്റ് ആസ്ട്രേലിയയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപയോഗിച്ചത് മോശം വാക്കുകൾ
"വലിയ കുരങ്ങൻ", "തവിട്ടുനിറമുള്ള പട്ടി" എന്നൊക്കെ അർത്ഥം വരുന്ന വാക്കുകളാണ് ഇന്ത്യൻ താരങ്ങളെ അധിക്ഷേപിക്കാൻ ആസ്ട്രേലിയൻ കാണികൾ ഉപയോഗിച്ചതെന്ന് താരങ്ങൾ വെളിപ്പെടുത്തിയതായി ബി.സി.സി.ഐ പ്രതിനിധി അറിയിച്ചു. പരാതി നൽകിയിട്ടും ആക്ഷേപം ആവർത്തിക്കുന്നതിലെ പ്രതിഷേധം ക്രിക്കറ്റ് ആസ്ട്രേലിയയെ അറിയിച്ചിട്ടുണ്ടെന്നും കടുത്ത നടപടികളിലേക്ക് നീങ്ങാൻ മടിയില്ലെന്നും ബി.സി.സി.ഐ സൂചന നൽകി.