വർഷം 1955
കാസർകോട് ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ.
അന്ന് ആവി എഞ്ചിനായതിനാൽ വെള്ളം നിറയ്‌ക്കാനായി തീവണ്ടികൾ കുറെ സമയം ഈ റെയിൽവേ സ്റ്റേഷനിൽ നിറുത്തും. അന്നൊരിക്കൽ ജവഹർലാൽ നെഹ്റു എറണാകുളത്തു ഒരു മീറ്റിംഗിൽ പങ്കെടുത്തിട്ട് മംഗലാപുരത്തേക്കു പോകുമ്പോൾ തീവണ്ടി ചെറുവത്തൂരിൽ നിറുത്തി. വാതിലിൽ നിന്നു നോക്കുമ്പോൾ പ്രതിമ പോലെയുള്ള തന്റെ ഒരു രൂപം അവിടെ ഒരു കടയുടെ മുന്നിൽ പീഠത്തിൽ വച്ചിരിക്കുന്നത് നെഹ്റു കണ്ടു. അഞ്ചരയടിയിലധികം പൊക്കം വരും. നെഹ്റു ട്രെയിനിൽ നിന്ന് ചാടിയിറങ്ങി കടയ്ക്കു മുന്നിലെത്തി. ഇത് ചെയ്തതാരാണെന്ന് ആ തയ്യൽക്കടക്കാരനോട് ചോദിച്ചു. 'ഹൈസ്കൂളിൽ പഠിക്കുന്ന കുഞ്ഞിരാമൻ എന്നൊരു കുട്ടിയാണെന്ന് ' അയാൾ പറഞ്ഞു. വളരെ നന്നായിരിക്കുന്നുവെന്നും ശിൽപ്പിയെ താൻ അഭിനന്ദിച്ചതായി പറയണമെന്നും നെഹ്റു തയ്യൽക്കാരനോട് പറഞ്ഞു. ശിൽപ്പിയെ കാണാൻ താത്പ് ര്യമുണ്ടായിരുന്നെങ്കിലും സമയമായതിനാൽ നെഹ്റു ട്രെയിനിൽ കയറി പോവുകയും ചെയ്തു.
നെഹ്റു അഭിനന്ദിച്ചതോടെ നാട്ടുകാർ ഇളകി. കുഞ്ഞിരാമന്റെ അച്ഛനെക്കാണാൻ കൂട്ടമായി പോയി.
" അതിനു താനെന്തു വേണമെന്നായിരുന്നു " കാനായിയുടെ അച്ഛന്റെ മറുപടി.
" അച്ഛൻ ഒരിക്കലും എന്നെ അംഗീകരിച്ചില്ല. ഒരിക്കൽ അച്ഛൻ പുറത്തുപോയി വന്നപ്പോൾ വീടിന്റെ ചുവരിൽ ഞാൻ മനോഹരമായ ഒരു ചിത്രം കരിക്കട്ടകൊണ്ട് വരച്ചിരുന്നു.
മോന്തയ്ക്കടി തന്നിട്ട് - 'കഴുകെടാ' എന്നു പറഞ്ഞു. ചുമര് വൃത്തികേടാക്കിയതിന് വഴക്കു പറഞ്ഞു. ഇനി വരച്ചാൽ കൈവെട്ടുമെന്നും പറഞ്ഞു. അപ്പോഴേക്കും അമ്മ ഓടി വന്നു.
'അത് ഓന്റെ കലയല്ലേ'യെന്നായിരുന്നു അമ്മയുടെ ചോദ്യം. അമ്മ വലിയ മനസിന്റെ ഉടമയായിരുന്നു. അമ്മയിലൂടെയാണ് ഞാൻ സ്ത്രീശക്തിയുടെ ആരാധകനായി മാറിയത്. പ്രകൃതിയുടെ ആരാധകനായത്. അച്ഛന് അഴുക്കായി തോന്നിയത് അമ്മയ്ക്ക് എന്റെ കലയായി തോന്നി.
അന്നുതൊട്ടേ വാശിയായിരുന്നു. അച്ഛൻ എന്നെ തലോടിയിരുന്നെങ്കിൽ എനിക്കാ വാശി ഉണ്ടാകുമായിരുന്നില്ല. ആ എതിർപ്പായിരുന്നു ശക്തി. അതുകൊണ്ടാണ് ഞാൻ നാടുവിട്ടുപോയത്.
മദ്രാസിൽ ഫൈൻ ആർട്സ് പഠിക്കാനായാണ് നാടുവിട്ടത്. ഒരു കൂട്ടുകാരനുമൊത്ത് കെ.സി.എസ് പണിക്കരെ കണ്ടു. കാര്യങ്ങൾ പറഞ്ഞപ്പോൾ ടെസ്റ്റ് എഴുതാൻ ആവശ്യപ്പെട്ടു. അഡ്മിഷൻ കിട്ടിയാലും ഫീസ് നൽകാൻ കൈയിൽ അഞ്ചു പൈസയില്ലെന്നു പറഞ്ഞപ്പോൾ കാന്റീനിൽ നിൽക്കാമോയെന്ന് ചോദിച്ചു. 'എന്തും ചെയ്യാമെന്ന് ' ഞാൻ മറുപടി നൽകി. കെ.സി.എസ് കാന്റീനിലെ ആളിനെ വിളിച്ച് 'പച്ചക്കറി ഒക്കെ മുറിച്ചു നൽകും വേണ്ടത് ചെയ്യണ'മെന്ന് ആവശ്യപ്പെട്ടു. അങ്ങനെ കൂലിപ്പണി ചെയ്താണ് ഞാൻ പഠിച്ചത്.അവിടെ പഠിക്കുമ്പോൾ നാഷണൽ സ്കോളർഷിപ്പ് കിട്ടി. അപ്പോഴാണ് കൈയിൽ കാശുവന്നത്. ചിത്രകല പഠിക്കാൻ പോയ എന്നെ ശിൽപ്പകലയിലേക്ക് തിരിച്ചുവിട്ടത് കെ.സി.എസ് ആയിരുന്നു. അവിടെ പഠിത്തം കഴിഞ്ഞപ്പോൾ എനിക്ക് കോമൺവെൽത്ത് സ്കോളർഷിപ്പോടെ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ചു.
ലോകപ്രശസ്ത ശിൽപ്പി റെഗ് ബട്ലറുടെ കീഴിൽ പഠിക്കണമെന്ന എന്റെ ആഗ്രഹം നടന്നു. ഇംഗ്ളണ്ടിലേത് മറ്റൊരു ലോകമായിരുന്നു. ബട്ലർക്ക് എന്നെ വേഗം ഇഷ്ടമായി. വലിയ വലിപ്പമുള്ള ശിൽപ്പങ്ങളാണ് ഞാൻ ചെയ്തിരുന്നത്. തെയ്യത്തിന്റെ നാട്ടിൽ നിന്നായതിനാലാകാം തെയ്യത്തിന്റെ വലിപ്പം എന്നെ വലിയരീതിയിൽ ആകർഷിച്ചിരുന്നു. ബട്ലർ എനിക്കു വലിയ സ്വാതന്ത്ര്യം തന്നു. ഇംഗ്ളണ്ടിലെ പ്രമുഖ ശിൽപ്പികളെ പരിചയപ്പെടാനും എനിക്ക് ബട്ലർ അവസരമൊരുക്കി. മൂന്നുവർഷം പഠിച്ചു. അവിടെ നിൽക്കാമായിരുന്നു. നിറയെ അവസരങ്ങളും ഉണ്ടായിരുന്നു. പക്ഷേ എന്റെ മനസിൽ കേരളമായിരുന്നു. എന്റെ നാട്ടിൽ നിൽക്കണമെന്നായിരുന്നു. എനിക്ക് പണക്കാരനാകേണ്ട. എന്റെ കേരളരാജ്യമാണ് എന്നും എനിക്ക് പ്രിയങ്കരം." കാനായി പറഞ്ഞതാണിത്. കാനായി ആരെന്നറിയാത്തവർക്കു വേണ്ടിയാണ് ഇത്രയും സൂചിപ്പിക്കുന്നത്.
കാനായി കുഞ്ഞിരാമൻ വെറുമൊരു പേരല്ല. കേരളത്തിന്റെ പൊതു സ്വത്താണ്. കേരളം ഇന്ത്യൻ ശിൽപ്പകലയ്ക്കു നൽകിയ ഏറ്റവും വലിയ സംഭാവനയാണ്. രാജാരവിവർമ്മയുടെ കാലം മുതൽക്കെ ചിത്രകാരൻമാർ വിദേശത്തേക്കോ ഡൽഹിയിലേക്കോ ബറോഡയിലേക്കോ ഒക്കെ പോയി സെറ്റിൽ ചെയ്യാറുണ്ട്. കാനായി മാത്രമാണ് അതിനൊരു അപവാദം. കാനായിയെപ്പോലെ ജനകീയനായ ഒരു ശിൽപ്പിയെ കേരളം കണ്ടിട്ടില്ല. സാധാരണക്കാർക്ക് ഇതുപോലെ പ്രിയങ്കരനായ മറ്റൊരു ശിൽപ്പിയില്ല. " ഞാൻ ശിൽപ്പിയല്ല ശിൽപ്പം ചെയ്യുന്ന തൊഴിലാളിയാണെന്ന് " കാനായി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
മലമ്പുഴയിൽ യക്ഷി എന്ന ശിൽപ്പം ചെയ്ത് കേരളത്തിന്റെ യാഥാസ്ഥിതിക മനോഭാവത്തെ വെല്ലുവിളിക്കുക മാത്രമല്ല ഞെട്ടിക്കുക കൂടി ചെയ്തു കാനായി. തിരുവനന്തപുരം ശംഖുമുഖത്തെ സാഗരകന്യക തലസ്ഥാനത്തിന്റെ ഒരു ലാൻഡ് മാർക്കാണ്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കു വരുമ്പോൾ ഈ ശിൽപ്പിയുടെ അതിമനോഹരമായ ശിൽപ്പങ്ങൾ കാണാം. കാനായിക്ക് പദ്മശ്രീ ലഭിച്ചിട്ടില്ല. അത് അദ്ദേഹത്തിനൊരു കുറവല്ല. അത് നൽകുന്നവരുടെ പോരായ്മയാണ്. മറ്റൊരിടത്തായിരുന്നെങ്കിൽ കാനായിയെ പോലൊരു ശിൽപ്പിക്ക് മനോവേദന ഉണ്ടാകുന്ന കാര്യങ്ങൾ അധികൃതർ ചെയ്യുമായിരുന്നില്ല.
പ്രായം 84 ലേക്ക് കടക്കുകയാണെങ്കിലും കാനായി ഇപ്പോഴും ശിൽപ്പം ചെയ്യുകയാണ്. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ വലിയൊരു ശിൽപ്പം . കാനായിക്ക് വിശ്രമമില്ല. ദൈവത്തിന്റെ വിരലുകൾ കാനായിയിലൂടെ ചലിച്ചു കൊണ്ടേയിരിക്കുന്നു. നിതാന്തമായി.