india-cricket

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യയ്ക്ക് ജയിക്കാൻ ഇനി വേണ്ടത് 309 റൺസ്, ശേഷിക്കുന്നത് എട്ടുവിക്കറ്റുകൾ,ജഡേജ ബാറ്റു ചെയ്തേക്കില്ല, പിടിച്ചു നിന്നാൽ സമനില

സിഡ്നി : മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യയ്ക്ക് കയറാനൊരു ബാലികേറാമല ഒരുക്കിവച്ച് ആസ്ട്രേലിയ . സിഡ്നിയിൽ ഒരു ദിവസത്തെ കളി മുഴുവൻ മുന്നിലുള്ളപ്പോൾ ഇന്ത്യയ്ക്ക് ജയിക്കാൻ രണ്ടാം ഇന്നിംഗ്സിൽ 309 റൺസ് കൂടിവേണം.രണ്ടുവിക്കറ്റുകൾ ഇന്നലെ നഷ്ടമായതിനാൽ അവശേഷിക്കുന്നത് എട്ടുവിക്കറ്റുകളും. എന്നാൽ ഇതിൽ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റതിനാൽ കളിക്കാൻ കഴിയുന്ന കാര്യം സംശയമാണ്.അങ്ങനെവന്നാൽ ഏഴുപേരുമായി ആൾഔട്ടാകാതെ പിടിച്ചുനിന്ന് സമനിലയിലാക്കുക എന്ന വെല്ലുവിളിയാണ് രഹാനെയ്ക്കും കൂട്ടർക്കും മുന്നിലുള്ളത്.

ആദ്യ ഇന്നിംഗ്സിൽ 338ന് ആൾഔട്ടായിരുന്ന ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 312/6 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തതോടെയാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ വിജയലക്ഷ്യം 407 റൺസായി നിശ്ചയിക്കപ്പെട്ടത്. നാലാം ദിവസം കളി നിറുത്തുമ്പോൾ 98/2 എന്ന നിലയിലാണ് ഇന്ത്യ.31 റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെയും 52 റൺസെടുത്ത രോഹിത് ശർമ്മയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കളിനിറുത്തുമ്പോൾ നായകൻ രഹാനെയും (4), ചേതേശ്വർ പുജാരയുമാണ് (9) ക്രീസിൽ.

ഇന്നലെ 103/2 എന്ന സ്കോറിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ആതിഥേയർ രണ്ട് സെഷനുകൾ ബാറ്റുചെയ്ത് 209 റൺസ് കൂടികൂട്ടിച്ചേർത്ത ശേഷമാണ് ഡിക്ളയർ ചെയ്തത്. മാർനസ് ലബുഷാനെ(73),സ്റ്റീവൻ സ്മിത്ത് (81), കാമറൂൺ ഗ്രീൻ (84) എന്നിവരുടെ അർദ്ധസെഞ്ച്വറികളാണ് മികച്ച സ്കോറിലേക്ക് എത്തിച്ചത്. സ്മിത്തിനൊപ്പം 103 റൺസ് കൂട്ടിച്ചേർത്തശേഷമാണ് രാവിലെ ലബുഷാനെ പുറത്തായത്. ആദ്യ ഇന്നിംഗ്സിലും അർദ്ധസെഞ്ച്വറി നേടിയിരുന്ന ലബുഷാനെ രണ്ടാം ഇന്നിംഗ്സിൽ 118 പന്തുകളിൽ 9 ഫോറുകൾ പായിച്ച് സെയ്നിയുടെ പന്തിൽ കീപ്പർ സാഹയ്ക്ക് ക്യാച്ച് നൽകുകയായിരുന്നു.

തുടർന്നിറങ്ങിയ മാത്യു വേഡ് (4) വൈകാതെ സെയ്നിക്ക് ഇരയായെങ്കിലും ഗ്രീൻ വേഗത്തിൽ റൺനേടിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. സ്മിത്തും ഗ്രീനും ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. 167 പന്തുകളിൽ എട്ടുഫോറും ഒരുസിക്സും പായിച്ച സ്മിത്തിനെ അശ്വിൻ എൽ.ബിയിൽ കുരുക്കുകയായിരുന്നു.പിന്നീട് ക്യാപ്ടൻ ടിം പെയ്നും (39*) ഗ്രീനും ചേർന്ന് വേഗത്തിൽ സ്കോർ ബോർഡ് ഉയർത്തി. 132 പന്തുകൾ നേരിട്ട് എട്ടുഫോറും നാലു സിക്സും പായിച്ച ഗ്രീനിനെ ബുംറ സാഹയുടെ കയ്യിലെത്തിച്ചതോടെയാണ് ഡിക്ളയർ ചെയ്തത്.

അവസാന സെഷനിൽ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗിനെത്തിയ രോഹിതും ഗില്ലും പോരാട്ടവീര്യം പ്രകടിപ്പിച്ചു. 71 റൺസാണ് ഇവർ ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 31 റൺസെടുത്ത ഗിൽ ഹേസൽവുഡിന്റെ പന്തിൽ കീപ്പർ ക്യാച്ച് നൽകിയപ്പോൾ രോഹിത് വിദേശത്തെ ആദ്യ ടെസ്റ്റ് അർദ്ധസെഞ്ച്വറി തികച്ചശേഷം കമ്മിൻസിന്റെ ഷോർട്ട് ബാളിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് സ്റ്റാർക്കിന് ക്യാച്ച് നൽകി. ഇപ്പോൾ ക്രീസിലുള്ള രഹാനെ,പുജാര,ഇനി വരാനുള്ള വിഹാരി.പന്ത്,അശ്വിൻ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം.