plane-crash

ജക്കാർത്ത: 50 യാത്രക്കാരും 12 ജീവനക്കാരുമായി ജാവ കടലിൽ തകർന്നുവീണ ഇന്തോനേഷ്യൻ വിമാനമായ ശ്രീവിജയ എയറിന്റെ ബോയിംഗ് 737–500ന്റെ ബ്ലാക്ക് ബോക്സും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. അപകടത്തിൽപെട്ട ഒരാളും രക്ഷപെട്ടിട്ടില്ലെന്നാണ് വിവരം. വിമാനത്തിന്റെ പുറംചട്ടയുടെ ഭാഗവും ചക്രവും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അപകടത്തിന്റെ കാരണം ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.

ഇന്നലെ കാലാവസ്ഥ അനുകൂലമായതിനാൽ വിശദമായി തിരച്ചിൽ നടത്താനായി. അതേസമയം, തെരച്ചിൽ നടത്തുന്ന ഏജൻസിയിൽനിന്ന് രണ്ട് ബാഗുകൾ ലഭിച്ചതായി ജക്കാർത്ത പൊലീസ് വക്താവ് യുസ്‍രി യൂനുസ് പ്രതികരിച്ചു. ആദ്യത്തെ ബാഗിൽ യാത്രക്കാരുടെ സാധനങ്ങളും രണ്ടാമത്തേതിൽ ശരീര ഭാഗങ്ങളുമാണ് ഉണ്ടായിരുന്നത്. സാധനങ്ങൾ പരിശോധിച്ചു വരികയാണെന്നും ജക്കാർത്ത പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി നിറുത്തിവച്ച തിരച്ചിൽ ഞായറാഴ്ച പുലർച്ചെ വീണ്ടും ആരംഭിച്ചിരുന്നു. തെരച്ചിലിൽ സഹായിക്കാനായി യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും രംഗത്തുണ്ട്.

 തീഗോളമായി കടലിൽ പതിച്ചു

ജക്കാർത്തയിലെ ദ്വീപസമൂഹത്തിന് സമീപം മത്സ്യത്തൊഴിലാളികളാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തിയത്. വിമാനം ഒരു തീഗോളമായി പടർന്ന് കടലിൽ പതിക്കുന്നത് കണ്ടതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ശനിയാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ടരയോടുകൂടി ജക്കാർത്തയുടെ വടക്കൻ തീരത്തെ ദ്വീപുകളിലുള്ള മത്സ്യത്തൊഴിലാളികൾ ഒരു സ്ഫോടന ശബ്ദം കേട്ടെന്നും വിവരമുണ്ട്. കനത്ത മഴയായതിനാൽ എന്താണ് സംഭവിച്ചതെന്ന് അവർക്ക് മനസിലായില്ല. വെള്ളം ഉയർന്നുപൊങ്ങുന്നതു കണ്ടു. എന്നാൽ സുനാമിയോ ബോംബ് വീണതോ ആകാമെന്ന നിഗമനത്തിലായിരുന്നു അവർ.

വിമാനാവശിഷ്​ടങ്ങളും ഇന്ധനവും യാത്രക്കാരുടെതെന്ന്​ കരുതുന്ന വസ്​ത്രങ്ങളും കടലിൽ ഒഴുകി നടക്കുന്നതായി കണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു .പിന്നീട്, സോനാർ ഉപകരണം ഉപയോഗിച്ച് രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലിനിടെ വിമാനത്തിൽ നിന്നുള്ള സിഗ്​നലുകൾ കടലിനടിയിൽ നിന്ന്​ ലഭിച്ചത്​ ​ആദ്യ ഘട്ടത്തിൽ പ്രതീക്ഷ ഉയർത്തിയിരുന്നു. എന്നാൽ, കനത്ത മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസമായി.

 ബോയിംഗ് 737

27 വർഷം പഴക്കമുള്ള വിമാനമാണ് തകർന്നുവീണതെന്ന് ശ്രീവിജയ എയർ അധികൃതർ വ്യക്തമാക്കി. നേരത്തേ, അമേരിക്കയിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഈ വിമാനം ഇപ്പോഴും പറക്കലിന് യോഗ്യമായിരുന്നു. വിമാനത്തിലെ സോഫ്റ്റ്‌‌വെയറും വ്യത്യസ്തമാണ്. അപകട ദിവസം പോൺടിയാനക്കിലേക്കും പാങ്കല്‍ പിനാംഗിലേക്കും വിമാനം പറന്നിരുന്നു. ഒരു മണിക്കൂർ വൈകിയാണ് 2.36ന് വിമാനം ടേക്ക് ഓഫ് ചെയ്തത്. നാലു മിനിറ്റു കഴിഞ്ഞപ്പോൾ റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അവസാനം എയർ ട്രാഫിക് കൺട്രോളിലേക്ക് പൈലറ്റ് നൽകിയ വിവരം അനുസരിച്ച് വിമാനം 29,000 അടി മുകളിലാണ് പറന്നിരുന്നത്. ഇന്തൊനേഷ്യയിലെ മൂന്നാമത്തെ വലിയ വിമാനക്കമ്പനിയാണ് ശ്രീവിജയ.