ലണ്ടൻ: ബ്രിട്ടനിലെ ബക്കിംഗ്ഹാം രാജകൊട്ടാരത്തിൽ ശുചീകരണ തൊഴിലാളി ജോലി ചെയ്യണമെങ്കിൽ കുറച്ച് രാജകീയ പരീക്ഷണങ്ങൾക്ക് വിധേയരാകണം. കൊട്ടാരത്തിൽ ജോലിക്കെത്തുന്നവർ വ്യത്യസ്തവും കഠിനവുമായ പരീക്ഷണങ്ങളാണ് വിജയിക്കേണ്ടത്. വിജയിച്ചാൽ കാത്തിരിക്കുന്നത് സ്വപ്നതുല്യമായ ശമ്പളവും ആനുകൂല്യങ്ങളുമാണ്.
ശമ്പളം 19 ലക്ഷം
19 ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണ് രാജകൊട്ടാരത്തിലെ ശുചീകരണ തൊഴിലാളിയ്ക്ക് ശമ്പളമായി ലഭിക്കുക. ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് ഏറ്റവും ഒടുവിൽ ഒരു ശുചീകരണ തൊഴിലാളിയെ നിയമിച്ചത് കഴിഞ്ഞ വർഷമാണ്. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റായ ഇയാൾക്ക് ശമ്പളത്തിന് പുറമെ കൊട്ടാരത്തിൽ താമസിക്കാനുള്ള സുവർണാവസരവും ലഭിക്കും.
കഠിന പരീക്ഷണങ്ങൾ, ഈച്ചയാണ് താരം
ഒരു പുതിയ ശുചീകരണ തൊഴിലാളിയെ നിയമിക്കുമ്പോൾ, റിക്രൂട്ട്‌മെന്റ് സംഘം വിചിത്രമായ ഒരു പരിശോധന നടത്തുമെന്ന് റിക്രൂട്മെന്റ് വിഭാഗം മേധാവി ട്രേസി വാട്ടർമാൻ പറയുന്നു. ഓരോ ആളും അഭിമുഖത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയാൻ എല്ലാവർക്കും സീക്രട്ട് ചലഞ്ച് നൽകും.
ഉദ്യോഗാർത്ഥിയെ ഒരു ഹാളിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് ഫ്ലൈ ടെസ്റ്റ്' എന്ന പരീക്ഷണം നടത്തുന്നത്. മുറിയിലെ അടുപ്പിന് സമീപത്തോ മറ്റെവിടെയെങ്കിലുമോ ഒരു ചത്ത ഈച്ച കിടക്കുന്നുണ്ടാകും. അടുപ്പിന്റെ അരികിലോ കാർപ്പെറ്റിലോ ആകും ചത്ത ഈച്ചയെ വച്ചിട്ടുണ്ടാവുക. ആദ്യം ഉദ്യോഗാർത്ഥിയെ പതിയെ ഹാളിന്റെ ഉൾവശം കാണിക്കും. ചത്ത പ്രാണി ഇരിക്കുന്ന ഇടത്തും കൊണ്ടുപോകും. ഇതിനെ ഇയാൾ ശ്രദ്ധിക്കുന്നുണ്ടോ എന്നാണ് നോക്കുക. എന്നാൽ ഈച്ചയെ കണ്ടത് കൊണ്ട് മാത്രം പരീക്ഷണം ജയിക്കില്ല.
ഹാളിനകത്ത് പ്രവേശിക്കുന്നവരിൽ പത്തിൽ അഞ്ച് പേരും ഈച്ചയെ കണ്ടെത്തും എന്നാൽ ഈച്ചയെ കണ്ടവരിൽ പത്തിൽ ഒരാൾ മാത്രമേ കുനിഞ്ഞ് ആ പ്രാണിയെ എടുക്കൂ. ആ ഒരാളെ സ്‌പെഷ്യൽ ഹൗസ് കീപ്പറായി നിയമിക്കും. പഞ്ച നക്ഷത്ര ഹോട്ടലിലെ തൊഴിലാളിയെക്കാളും മികച്ചതായിരിക്കണം കൊട്ടാരത്തിലെ തൊഴിലാളി - ട്രേസി കൂട്ടിച്ചേർത്തു.
.