റായ്ചൂർ: കേന്ദ്ര കാർഷിക നിയമഭേദഗതിയിൽ വിവാദം കത്തിനിൽക്കേ, രാജ്യത്തെ ആദ്യ കോർപ്പറേറ്റ് - കർഷക ഇടപാടുമായി റിലയൻസ്. കർണാടകയിലെ റായ്ചൂർ ജില്ലയിൽ ഉൾപ്പെട്ട സിന്ധനൂരിലെ കർഷകർക്ക് താങ്ങുവിലയെക്കാൾ 82 രൂപ അധികം വാഗ്‌ദാനം ചെയ്ത് ആയിരം ക്വിന്റൽ നെല്ലാണ് റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് വാങ്ങുന്നത്.
സിന്ധനൂരിലെ 1,100ഓളം കർഷകർ ഉൾപ്പെടുന്ന സ്വാസ്ത്യ ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനിയുമായി ഇതു സംബന്ധിച്ച് റിലയൻസ് കരാറിലൊപ്പിട്ടു. ക്വിന്റലിന് 1,868 രൂപയാണ് സർക്കാർ പ്രഖ്യാപിച്ച താങ്ങുവില. റിലയൻസ് 1,950 രൂപ നൽകും. വെയർഹൗസിൽ സൂക്ഷിച്ച അരി, വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിച്ച ശേഷം കർശന ഉപാധികളോടെയാണ് കമ്പനി കരാറിലേർപ്പെട്ടത്.
കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച് കഴിഞ്ഞ മാസം കർണാടകയും നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇതോടെയാണ്, വിളകൾ നേരിട്ട് സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കഴിയുമെന്ന സ്ഥിതിവന്നത്.
കമ്മിഷൻ 1.5%
കർഷകരും സ്വാസ്‌ത്യയുമായുള്ള ധാരണപ്രകാരം ഓരോ 100 രൂപയുടെ ഇടപാടിനും സ്വാസ്ത്യയ്ക്ക് 1.5 ശതമാനം കമ്മിഷൻ ലഭിക്കും. അതേസമയം, വിള ചാക്കിൽ നിറയ്ക്കാനും വെയർഹൗസിൽ എത്തിക്കാനുമുള്ള ചെലവുകൾ കർഷകർ വഹിക്കണം. കരാർപ്രകാരം ഇതിനകം 100 ക്വിന്റൽ നെല്ല് കർഷകർ റിലയൻസിന് കൈമാറി. ബാക്കി 900 ക്വിന്റൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ നൽകും.
എതിർപ്പുമായി സംഘടനകൾ
അതേസമയം, മോഹവില കണ്ട് കർഷകർ ആവേശംകൊള്ളരുതെന്ന മുന്നറിയിപ്പുമായി കാർഷിക സംഘടനകൾ രംഗത്തുവന്നു. കോർപ്പറേറ്റുകൾ തുടക്കത്തിൽ വലിയ വില നൽകും. എന്നാൽ, എ.പി.എം.സികൾ തകർന്നാൽ താങ്ങുവില പോലും നൽകാൻ അവർ തയ്യാറാകില്ലെന്നും സംഘടനകൾ പറയുന്നു.