krunal-pandya

ക്രുനാൽ പാണ്ഡ്യയ്ക്കെതിരെ ആരോപണമുയർത്തി ദീപക് ഹൂഡ ടീം വിട്ടു

ബറോഡ : സെയ്ദ് മുഷ്താഖ് അലി ട്രോഫിക്കെത്തിയ ബറോഡ ക്രിക്കറ്റ് ടീമൽ തമ്മിലടിയുമായി ക്യാപ്ടൻ ക്രുനാൽ പാണ്ഡ്യയും വൈസ് ക്യാപ്ടൻ ദീപക് ഹൂഡയും. ക്രുനാൽ പാണ്ഡ്യയുടെ പെരുമാറ്റം അസഹനീയമാണെന്ന പ്രസ്താവനയോടെ ഹൂഡ ടീം ക്യാമ്പിൽ നിന്ന് മടങ്ങി. ഇതിനു പിന്നാലെ സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി ഹൂഡ ബറോഡ ക്രിക്കറ്റ് അസോസിയേഷനു കത്തെഴുതി.ബറോഡയ്ക്കായി 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 123 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഇരുപത്തഞ്ചുകാരനായ ദീപക് ഹൂഡ.

വഡോദരയിലെ റിലയൻസ് സ്റ്റേഡിയത്തിൽ ടൂർണമെന്റിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ക്രുനാൽ പാണ്ഡ്യ അപമാനിച്ചതായി ഹൂഡ കത്തിൽ ആരോപിച്ചു.

‘ കുറച്ചു ദിവസമായി ടീം ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ എന്നോട് അപമര്യാദയായി പെരുമാറുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്നു. ബറോഡയിലെ സഹതാരങ്ങളുടെയും വഡോദയിലെ റിലയൻസ് സ്റ്റേഡിയത്തിൽ പരിശീലിക്കാനെത്തുന്ന മറ്റ് ടീമുകളിലെ താരങ്ങളുടെയും മുന്നിൽ വച്ചാണ് ഈ അപമാനം’ – ഹൂഡ കത്തിൽ കുറിച്ചു.

എലൈറ്റ് ഗ്രൂപ്പ് സിയിൽ ഉൾപ്പെടുന്ന ബറോഡ ഇന്നലെ ഉത്തരാഖണ്ഡിനെതിരെ ആദ്യ മത്സരത്തിൽ അഞ്ചുറൺസിന് ജയിച്ചു.46പന്തുകളിൽ ക്രുനാൽ അഞ്ചുവീതം ഫോറും സിക്സുമടക്കം 76 റൺസെടുത്ത് മികവ് കാട്ടി.